ടോം ജോസിന്റെ ഫ്ളാറ്റുകളിലും ഓഫീസിലും വിജിലൻസ് റെയ്ഡ്
ടോം ജോസിന്റെ ഫ്ളാറ്റുകളിലും ഓഫീസിലും വിജിലൻസ് റെയ്ഡ്
Friday, October 28, 2016 2:37 PM IST
കൊച്ചി/തിരുവനന്തപുരം: തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റുമായ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ളാറ്റുകളിലും ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും വിജിലൻസ് ഇന്നലെ റെയ്ഡ് നടത്തി. 2010 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 1,19,68,549 രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് ടോം ജോസ് സമ്പാദിച്ചതായി ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചശേഷം കോടതിയുടെ അനുമതിയോടെയായിരുന്നു റെയ്ഡ്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ ഐഎഎസ് ഉദ്യോഗസ്‌ഥർ പരാതിയുമായി സർക്കാരിനെ സമീപിച്ചിരിക്കെയാണ് ഐഎഎസ് അസോസിയേഷൻ പ്രസിഡന്റിനെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

അഞ്ചു വർഷത്തിനിടെ ടോം ജോസിന്റെ സ്വത്തിൽ 62.35 ശതമാനം വർധനയുണ്ടെന്നു വിജിലൻസ് സ്പെഷൽ സെൽ എസ്പി വി.എൻ. ശശിധരൻ നൽകിയിരിക്കുന്ന എഫ്ഐആറിൽ പറയുന്നു. ഇക്കാലയളവിൽ ടോം ജോസ് 2,39,42,992 രൂപയുടെ ആസ്തി സ്വന്തമാക്കി. ഇതിൽ 72,20,022 രൂപയാണു ചെലവ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ഇക്കാലത്തെ ആകെ വരുമാനം 1,91,94,465 രൂപയാണ്. ഈ കണക്കുകൾ വച്ചാണു ടോം ജോസ് 1,19,68,549 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നു വിജിലൻസ് കണ്ടെത്തിയത്.

1998ലെ അഴിമതിനിരോധന നിയമത്തിലെ 13 (ഒന്ന്–ഇ) 13 (രണ്ട്) എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണു ചെയ്തിരിക്കുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. മഹാരാഷ്ട്രയിലെ സിന്ധുദുർഗയിൽ വസ്തു വാങ്ങിയതിൽ അഴിമതിയുണ്ടെന്ന കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തൽ.

വിജിലൻസ് എറണാകുളം സ്പെഷൽ സെല്ലിനാണ് അന്വേഷണച്ചുമതല. ഇന്നലെ ഒരേസമയമാണു വിജിലൻസ് സംഘം പരിശോധനയ്ക്കായി തിരുവനന്തപുരം വെള്ളയമ്പലത്തും എറണാകുളം കലൂരിലുമുള്ള ഫ്ളാറ്റുകളിൽ എത്തിയത്. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ രാവിലെ ഏഴോടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. ടോം ജോസിന്റെ സാന്നിധ്യത്തിലായിരുന്നു അവിടെ പരിശോധന.

ടോം ജോസും സുഹൃത്ത് അനിത ജോസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ വിജിലൻസ് കണ്ടെടുത്തു. എറണാകുളത്തെ ഫ്ളാറ്റ് അടഞ്ഞുകിടന്നതിനാൽ രാവിലെ പരിശോധന ആരംഭിക്കാൻ കഴിഞ്ഞില്ല. 11.30 ഓടെ ഇരിങ്ങാലക്കുടയിലുള്ള ഭാര്യവീട്ടിൽനിന്നു ഫ്ളാറ്റിന്റെ താക്കോൽ എത്തിച്ചു തുറന്നു വീട്ടുകാരുടെ സാന്നിധ്യത്തിൽ പിന്നീടു പരിശോധന നടത്തി.


സെക്രട്ടേറിയറ്റിലെ ഓഫീസിലും ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും അനിതാ ജോസിന്റെ പാലാ രാമപുരം വെള്ളിലാപ്പള്ളിയിലുള്ള വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തി. രാവിലെ പത്തിനാണു സെക്രട്ടേറിയറ്റിലെ ഓഫീസിൽ പരിശോധന തുടങ്ങിയത്. 2010–2016 കാലയളവിലെ ടോം ജോസിന്റെ ചെലവുകൾ, ബാങ്ക് അക്കൗണ്ടുകൾ, വിദേശയാത്രകൾ എന്നിവയുടെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഉച്ചകഴിഞ്ഞു രണ്ടര വരെ പരിശോധന നീണ്ടു. ഭാര്യവീട്ടിൽനിന്നും അനിതാ ജോസിന്റെ വീട്ടിൽനിന്നും രേഖകളൊന്നും പിടിച്ചെടുത്തതായി അറിവില്ല.

ടോം ജോസഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ വിജിലൻസ് നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കുകൾക്കു വിജിലൻസ് കത്തയച്ചു.

എറണാകുളം വിജിലൻസ് സ്പെഷൽ സെൽ ഡിവൈഎസ്പിമാരായ വേണുഗോപാൽ, ബിജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽനിന്നുള്ള വിജിലൻസ് സംഘമാണു തിരുവനന്തപുരത്തെ ഫ്ളാറ്റിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധനകൾ നടത്തിയത്. വിജിലൻസ് സ്പെഷൽ സെൽ സിഐമാരായ സി.ജി. സനിൽകുമാർ, സി.എൽ. ഷാജു എന്നിവരാണ് എറണാകുളത്തെ ഫ്ളാറ്റിലും ഇരിങ്ങാലക്കുടയിലെ ഭാര്യവീട്ടിലും പരിശോധനകൾക്കു നേതൃത്വം നൽകിയത്.



വിജിലൻസ് കേസ് പ്രതികാര നടപടി: ടോം ജോസ്

കൊച്ചി: വിജിലൻസിന്റെ പ്രതികാരനടപടികളുടെ ഭാഗമായുള്ളതാണു തനിക്കെതിരേയുള്ള അനധികൃത സ്വത്തുസമ്പാദനക്കേസെന്നു തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്.

തനിക്കെതിരേ ഉയർന്ന പരാതികൾ മുഴുവൻ വർഷങ്ങൾക്കു മുമ്പുതന്നെ ആഭ്യന്തര സെക്രട്ടറി പരിശോധിച്ചു കഴമ്പില്ലെന്നു കണ്ടെത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

തന്നെ മനഃപൂർവം അപമാനിക്കാനാണു ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടുള്ളത്. അധികാര ദുർവിനിയോഗമാണു വിജിലൻസ് നടത്തുന്നതെന്നും ടോം ജോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.