കെഇആർ ഭേദഗതികൾക്കുമുമ്പു ക്രിയാത്മക ചർച്ചകൾ വേണം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
Thursday, December 1, 2016 3:22 PM IST
കൊച്ചി: സംസ്‌ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങൾ സംബന്ധിച്ച് കേരള വിദ്യാഭ്യാസചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തുന്നതിനുമുമ്പ് മാനേജുമെന്റുകളുമായും അധ്യാപകസംഘടനാ പ്രതിനിധികളുമായും ക്രിയാത്മകമായ ചർച്ചകൾ ഉണ്ടാകണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്‌ഥാന സമിതി. ഇതുസംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങളിലെ ചില നിർദേശങ്ങൾ ഭരണഘടനാപരമായി നിലനിൽക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ കെഇആർ ഭേദഗതികൾ നീണ്ടുനില്ക്കുന്ന കോടതി വ്യവഹാരങ്ങളിലേക്കും പൊതു വിദ്യാഭ്യാസമേഖലയിലെ പുതിയ പ്രതിസന്ധികൾക്കും കാരണമായേക്കും.

വർഷങ്ങളായി നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെട്ടു വരികയാണ്. 2015–16 അധ്യയനവർഷം വരെയുള്ള അധ്യാപകനിയമനങ്ങൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സർക്കാർ ഉത്തരവുകളെ ഗിൽഡ് സംസ്‌ഥാന സമിതി സ്വാഗതം ചെയ്തു. അതേസമയം കേരള വിദ്യാഭ്യാസചട്ടങ്ങളിൽ പുതിയ ഭേദഗതികൾ മൂലം 2016–17 അധ്യയനവർഷം മുതലുള്ള നിയമനങ്ങൾ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്നും സംസ്‌ഥാനസമിതി ആശങ്ക പ്രകടിപ്പിച്ചു.


ഈ സാഹചര്യത്തിൽ എയ്ഡഡ് വിദ്യാഭ്യാസമേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസമന്ത്രി മുൻകൈയെടുത്ത് മാനേജ്മെന്റുകളുമായും അധ്യാപകസംഘടനാപ്രതിനിധികളുമായും ചർച്ച ചെയ്യണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്സ് ഗിൽഡ് സംസ്‌ഥാന പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ എന്നിവർ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.