നാളെ ഭിന്നശേഷി ദിനം; ഭരണസിരാകേന്ദ്രങ്ങളിലേക്ക് വീൽചെയറുകൾ ഉരുളും
Thursday, December 1, 2016 3:58 PM IST
കട്ടപ്പന: തല്ലിക്കെടുത്തിയ ജീവിതസ്വപ്നങ്ങളുമായി നാളെ വീൽചെയറുകൾ ഭരണസിരാകേന്ദ്രങ്ങളിലേക്ക് ഉരുളും. ഭിന്നശേഷിയുള്ളവരെയെല്ലാം ഒരേ പട്ടികയിലാക്കി ഇവർക്കായി ഒരുദിനംകൂടി ആചരിക്കപ്പെടുമ്പോൾ അനുഭവിച്ചു കൊതിതീരാതെ നഷ്‌ടപ്പെട്ട ശേഷിയുമായി സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റിലേക്കും ചക്രമുരുട്ടി എത്തേണ്ട അവസ്‌ഥയിലാണ് അവർ.

ജന്മനാ ഭിന്നശേഷിയിലകപ്പെട്ടവരുടെ ‘നൊമ്പര’മല്ല ജന്മശേഷം അതുസംഭവിച്ചവർക്കുള്ളത്.ഭിന്നശേഷിയുടെ നൊമ്പരം ആദ്യവിഭാഗക്കാർക്ക് പറഞ്ഞോ കേട്ടോ ഉണ്ടായതാണെങ്കിൽ രണ്ടാമത്തെ കൂട്ടർക്ക് അത് അനുഭവത്തിന്റെ നൊമ്പരമാണ്. കാലില്ലാതെ ജനിക്കുന്ന കുഞ്ഞിന് കാലുള്ളവരുടെ സൗകര്യമോ പ്രാപ്തിയോ വ്യാകുലപ്പെടുത്തില്ല. എന്നാൽ, ഓടിനടന്നവർ, കണ്ടും കേട്ടും കഴിഞ്ഞവർ, സഹായിച്ചും പരിപാലിച്ചും ജീവിച്ചവർ, സംരക്ഷിച്ചും സംരക്ഷിക്കപ്പെട്ടും പുലർന്നവർ ഒരുനിമിഷംകൊണ്ട് എല്ലാം നഷ്‌ടപ്പെട്ടവരായി മാറുമ്പോൾ, അന്നുവരെ അനുഭവിക്കാത്ത വേദനയാണ് അവരിലേക്കു വന്നു വീഴുന്നത്.

ജന്മനാ അംഗപരിമിതരായവർ, ബുദ്ധിമാന്ദ്യം നേരിട്ടവർ ഒരുകാലത്തും അവരുടെ ആവശ്യങ്ങൾക്കായി അധികാരസ്‌ഥാനങ്ങൾക്കുമുന്നിൽ എത്തിയിട്ടില്ല. അവർക്കുവേണ്ടി മറ്റുള്ളവരാണ് അധികാര സ്‌ഥാനങ്ങൾക്കു മുന്നിലെത്തിയിട്ടുള്ളത്. ഇവിടെ ഇവർ നേരിട്ടാണ് അധികാരസ്‌ഥാനങ്ങൾക്കുമുന്നിൽ എത്തുന്നത്. നഷ്‌ടമായ സ്വപ്നങ്ങൾക്കു ചിറകു വച്ചുചേർക്കാനല്ല അവരുടെ ഉദ്യമം. ശേഷിച്ച ജീവിതത്തിന് ഒരു രൂപം നൽകാനാണ് ഇവരുടെ ശ്രമം. എന്തുകൊണ്ടും ഭിന്നശേഷിക്കാരിൽ മുന്തിയ പരിഗണന ഇവർ അർഹിക്കുന്നു.


പൊതുസമൂഹത്തിന്റെ ഭാഗംതന്നെയായ ഇവർക്ക് ഇവരുടെ ശാരീരിക അവസ്‌ഥയ്ക്കനുസരിച്ച് സമൂഹത്തിൽ കഴിയാനുള്ള അവകാശം ആർക്കും നിഷേധിക്കാവുന്നതല്ല.

കാലുള്ളവർ നടന്നുകയറുന്നതുപോലെ വീൽചെയർ ഉരുട്ടി കടന്നുചെല്ലാനുള്ള അവകാശം അവർക്കുണ്ട്. ജീവിതചര്യകൾ അവരുടേതായ സൗകര്യത്തിൽ നടത്താനുള്ള അവകാശം അവർക്കുണ്ട്. പൊതുഗതാഗത സംവിധാനം ഇക്കൂട്ടർക്കും അവകാശപ്പെട്ടതാണ്. സംരംഭങ്ങൾ തുടങ്ങാനും നടത്താനും സൗകര്യവും സംവിധാനവും ഇവർക്കും ഉണ്ടാകണം. വിദ്യാഭ്യാസം ചെയ്യാനും തൊഴിൽ പരിശീലനമാർജിക്കാനും അവസരം നിഷേധിക്കാൻ പാടില്ല. വായ്പയും പെൻഷനും മറ്റുള്ളവർക്കെന്നപോലെ എല്ലാ പരിഗണനകളോടെ അംഗപരിമിതർക്കും അവകാശപ്പെട്ടതാണ്.

കെ.എസ്. ഫ്രാൻസിസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.