എസ് ബിടിയിൽനിന്നു ലഭിച്ച നോട്ടിന് ഒരുവശം മാത്രം
എസ് ബിടിയിൽനിന്നു ലഭിച്ച നോട്ടിന് ഒരുവശം മാത്രം
Friday, December 2, 2016 4:18 PM IST
കുറവിലങ്ങാട്: എസ് ബിടി കുറവിലങ്ങാട് ശാഖയിൽ നിന്നു നൽകിയ ഒരുവശം മാത്രമുള്ള പഴയനോട്ടുകൾ തിരിച്ചെടുക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷവും വാക്കേറ്റവും പോലീസ് ഇടപെടലിൽ കലാശിച്ചു. കാട്ടാമ്പാക്ക് സ്വദേശിയായ പ്ലാച്ചാണിയിൽ കുട്ടപ്പായി ആശുപത്രി ആവശ്യത്തിനാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ക്യൂനിന്നു രണ്ടു മണിക്കൂറിനു ശേഷം 10,000 രൂപ അക്കൗണ്ടിൽ നിന്നു പിൻവലിച്ചത് 50 രൂപയുടെ 100 നോട്ടുകളുടെ രണ്ട് കെട്ടുകളാണ് ബാങ്കിൽനിന്നു ലഭിച്ചത് പണവുമായി സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് ലഭിച്ച നോട്ടുകളിൽകൂടുതലും പഴകിദ്രവിച്ചതിനെത്തുടർന്ന് ഒരുവശത്ത് വെള്ളപേപ്പർ ഒട്ടിച്ചതുമാണെന്നു തിരിച്ചറിഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ബാങ്കിൽതിരിച്ചെത്തിയ കുട്ടപ്പായി നോട്ട് മാറിത്തരാൻ ആവശ്യപ്പെട്ടു. കാഷ് കൗണ്ടറിലിരുന്ന ബാങ്ക് ഉദ്യോഗസ്‌ഥ നോട്ട് ഞങ്ങളിവിടെ അച്ചടിക്കുന്നതല്ലെന്നും നോട്ട് മാറിനൽകാൻ തയാറല്ലെന്നും പറഞ്ഞു.

പരാതിയുമായി ശാഖാ മാനേജരെ കണ്ടെങ്കിലും നോട്ട് മാറി നൽകാനാവില്ല പകരം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതു പ്രശ്നം വഷളാക്കി. ഇതോടെ നിസഹായനായി ബാങ്കിനുള്ളിലെ കസേരയിൽ കുട്ടപ്പായി തളർന്നിരുന്നതോടെ ബാങ്കിൽ ഇടപാടുകൾക്ക് എത്തിയവർ പ്രശ്നത്തിലിടപെട്ടു. ബാങ്ക് ജീവനക്കാരും ഇടപാടുകാരും ചേരിതിരിഞ്ഞു വാക്കേറ്റം മൂർച്ഛിച്ചതോടെ കുറവിലങ്ങാട് സ്റ്റേഷനിൽനിന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി. നോട്ടുകൾ പരിശോധിച്ച പോലീസ് സംഘം നോട്ടുകൾ മാറി നൽകാൻ നിർദേശം നൽകി. ബാങ്ക് അധികൃതർ ഇതനുസരിച്ചതോടെ പ്രശ്നം പരിഹരിച്ചു.

ബാങ്ക് ശാഖയിലേക്ക് തലേന്ന് വൈക്കത്തു നിന്നു ലഭിച്ചത് 20 ലക്ഷത്തിന്റെ 50, 20 രൂപയുടെ പഴകിയ നോട്ടുകൾ മാത്രമായിരുന്നുവെന്നും 2,000 ന്റെ ലഭിച്ച നോട്ടുകൾ എടിഎമ്മിൽ നിക്ഷേപിക്കുന്നതിനു മാത്രമേ തികഞ്ഞുള്ളുവെന്നുമാണ് ജീവനക്കാർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.