ട്രഷറികളിൽ തോമസ് ഐസക്കിന്റെ റോഡ് ഷോ മാത്രം: ചെന്നിത്തല
ട്രഷറികളിൽ തോമസ് ഐസക്കിന്റെ റോഡ് ഷോ മാത്രം: ചെന്നിത്തല
Saturday, December 3, 2016 2:25 PM IST
തിരുവനന്തപുരം: നോട്ട് ക്ഷാമവുമായി ബന്ധപ്പെട്ടു സംസ്‌ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാസാദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ആവശ്യമായ കറൻസി നോട്ടുകളുടെ കൃത്യമായ കണക്കുകൾ നൽകുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടതായി ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു.

തമിഴ്നാടും കർണാടകയും ആന്ധ്രയും നവംബർ 20നു തന്നെ ഡിസംബർ ആദ്യ ദിനങ്ങളിലേക്കു വേണ്ട നോട്ടിന്റെ വിവരം റിസർവ് ബാങ്കിനെ അറിയിച്ചപ്പോൾ ധനമന്ത്രി തോമസ് ഐസക് ദീർഘവീക്ഷണത്തോടെ ഒരു നടപടിയും സ്വീകരിച്ചില്ല. കൊല്ലത്തും എറണാകുളത്തും ട്രഷറികളിൽ റോഡ് ഷോ നടത്തുകയാണു മന്ത്രി. ഷോമാൻഷിപ്പ് അവസാനിപ്പിച്ചു തോമസ് ഐസക്ക് കണക്കു നൽകിയിരുന്നെങ്കിൽ ജീവനക്കാർക്ക് 24,000 രൂപ വീതം വിതരണം ചെയ്യാനുള്ള തുകയെങ്കിലും കിട്ടുമായിരുന്നു– ചെന്നിത്തല പറഞ്ഞു.


സർവകക്ഷി യോഗം വിളിക്കണം

തിരുവനന്തപുരം: നോട്ട് ക്ഷാമത്താൽ വൻ കാർഷിക–സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പാക്കേജിനു രൂപം കൊടുക്കാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ദുരന്തനിവാരണ പാക്കേജിനു രൂപം കൊടുക്കുന്നതിൽ ധനമന്ത്രി പരാജയപ്പെട്ടു. നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ടു പൂർണ പരാജയമായ നരേന്ദ്ര മോദിക്കു പ്രധാനമന്ത്രി സ്‌ഥാനത്തു തുടരാൻ അർഹതയില്ല. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയാറാക്കി സമർപ്പിച്ച പാക്കേജ് നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു.


റേഷൻ വിതരണം സ്തംഭിച്ചു. സെപ്റ്റംബറിനു ശേഷം എപിഎൽ വിഭാഗത്തിനും ഒക്ടോബറിനു ശേഷം ബിപിഎൽ വിഭാഗത്തിനും റേഷൻ ലഭിച്ചിട്ടില്ല. എഫ്സിഐയിലെത്തിയ സ്റ്റോക്ക് എടുത്തു വിതരണംചെയ്യാൻ സർക്കാർ തയാറാകുന്നില്ല. റേഷൻ കടകൾ അടഞ്ഞതോടെ ഗ്രാമവാസികൾ പട്ടിണിയിലാണ്. നോട്ട് പിൻവലിക്കാനുള്ള മോദിയുടെയും അരി പിൻവലിക്കാനുള്ള പിണറായിയുടെയും തീരുമാനം ജനങ്ങളെ തീർത്തും ദുരിതത്തിലാക്കി. അഞ്ചിനു കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗം സംസ്‌ഥാന സർക്കാരിനെതിരേ സ്വീകരിക്കേണ്ട സമരപരിപാടി ചർച്ചചെയ്യും.

മുൻമന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിക്കപ്പെട്ടിരുന്ന മുഴുവൻ ആരോപണങ്ങളിലും കഴമ്പില്ലെന്ന വിജിലൻസ് റിപ്പോർട്ട് യുഡിഎഫ് നിലപാടു ശരിയാണെന്നു വ്യക്‌തമാക്കുന്നു. മാണി നിരപരാധിയാണെന്ന നിലപാടാണു യുഡിഎഫ് സ്വീകരിച്ചിരുന്നത്. എൽഡിഎഫ് സർക്കാരിന്റെ പ്രകടനം ആവറേജിനു താഴെയാണ്. റേഷൻ വിതരണത്തിലടക്കം എല്ലാ മേഖലയിലും പരാജയപ്പെട്ടു. കിഫ്ബി മാത്രമാണു നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇതും ഇപ്പോൾ കുപ്പിയിലായി– പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.