ലക്ഷ്യം അര ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി
ലക്ഷ്യം അര ലക്ഷം കോടിയുടെ നിക്ഷേപം: മുഖ്യമന്ത്രി
Saturday, December 3, 2016 2:26 PM IST
കോഴിക്കോട്: അഞ്ചു വർഷംകൊണ്ട് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായനയം വൈകാതെ പ്രഖ്യാപിക്കുമെന്നും പൊതു–സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ നടന്ന ‘റൈസിംഗ് കേരള 2016’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസായ സംരംഭകർ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ ലഘൂകരിക്കും. ഇതിനായി ചട്ടം ഭേദഗതി ചെയ്യും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കു വ്യാവസായിക വികസനത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതത്ര കാര്യക്ഷമമല്ല. പരിസ്‌ഥിതിയുടെ പേരിൽ വ്യവസായമോ, വ്യവസായത്തിന്റെ പേരിൽ പരിസ്‌ഥിതിയോ നശിപ്പിക്കപ്പെടരുത് എന്നതാണ് സർക്കാർ നയം. റൈസിംഗ് കേരള പോലുള്ള സംരംഭങ്ങൾ വികസനകാര്യത്തിലുള്ള പൊതുവിഷയങ്ങൾ ചർച്ചചെയ്തു നിർദേശങ്ങൾ നൽകണം. വ്യവസായ സൗഹൃദ അന്തരീക്ഷം പരമപ്രധാനമാണ്. വികസനകാര്യത്തിൽ സ്വകാര്യമേഖലയ്ക്കു വലിയ സാധ്യതയും പ്രാധാന്യവുമുണ്ടെന്നിരിക്കെ നിക്ഷേപസാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.


വ്യവസായ എസ്റ്റേറ്റുകൾക്ക് സാങ്കേതികാനുമതിയും വ്യവസായങ്ങൾ തുടങ്ങാൻ ഭൂമിയും നൽകുന്നതു സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. നവസംരംഭകർക്ക് സർക്കാർ പ്രാമുഖ്യം നൽകും. അതേസമയം സംസ്‌ഥാനത്തിന്റെ സ്‌ഥലപരിമിതി സംരംഭകർ മനസിലാക്കണം. ചോദിക്കുന്ന സംരംഭകർക്കെല്ലാം വ്യവസായം തുടങ്ങാനായി ലഭ്യമാക്കാൻ സർക്കാരിന്റെ കൈവശം ഭൂമിയില്ല. സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.കെ.സി. മമ്മദ്കോയ, എ.പ്രദീപ്കുമാർ റൈസിംഗ് കേരള ചെയർമാൻ എം. ഖാലിദ്, ജനറൽ കൺവീനർ വി.കെ.സി. നൗഷാദ്, കെഎസ്ഡിസി, എം.ഡി. ഡോ. എം. ബീന, പി.എം.എ. ഗഫൂർ, പി.വി. നിധീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.