വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി
വീട്ടമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Sunday, December 4, 2016 1:04 PM IST
വാഴക്കുളം: വീട്ടമ്മയെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കല്ലൂർക്കാട് തട്ടാരുകുന്നേൽ റ്റുമി ജോർജി (46)നെ യാണ് കാവന ഗവ.എൽപി സ്കൂളിനു സമീപത്തെ വീട്ടിൽ കഴുത്തിനു വെട്ടേറ്റു മരിച്ചനിലയിൽ കണ്ടത്. ഭർത്താവ് കാവന ചക്കുങ്കൽ ജിജി ജേക്കബുമായി പിണങ്ങിപ്പിരിഞ്ഞു കഴിഞ്ഞ ആറു വർഷമായി മക്കളോടൊപ്പം കല്ലൂർക്കാട്ടെ സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു റ്റുമി.

മുമ്പ് വിദേശത്തായിരുന്ന ജിജിയുമായി സ്വത്തുതർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. കാവനയിലെ വീടിന്റെ ഉടമസ്‌ഥത സംബന്ധിച്ച് ഇരുവരും തമ്മിൽ കോടതിയിലുണ്ടായിരുന്ന കേസിൽ റ്റുമിക്ക് അനുകൂലമായി അടുത്തയിടെ വിധിയുണ്ടായി. ഇതേത്തുടർന്ന് ഇവിടെ താമസിച്ചിരുന്ന ജിജി മണിയന്തടത്തേക്കു താമസം മാറ്റുകയായിരുന്നു.

അനുകൂലമായ വിധി ലഭിച്ചതിനാൽ ഇവിടെ നോട്ടത്തിനും മറ്റുമായി റ്റുമി ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. ഇന്നലെ സഹോദരനോടൊപ്പം വൈകുന്നേരം റ്റുമി കാവനയിലെ വീട്ടിലെത്തിയിരുന്നു. റ്റുമിയുടെ സഹോദരൻ റ്റാജു അടുത്ത വീട്ടിലേക്കു പോയ നേരത്ത് 3.45 ഓടെയാണ് മരണം നടന്നതെന്നു കരുതുന്നു. സഹോദരൻ റ്റാജു തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിനു പിന്നിലെ മുറ്റത്തു തൊഴുത്തിനരികിൽ വെട്ടേറ്റു മരിച്ച നിലയിൽ റ്റുമിയെ കണ്ടത്.


റ്റുമിയുടെ കൈവശമുണ്ടായിരുന്ന വാക്കത്തിക്കൊണ്ടാണു റ്റുമിക്കു മുറിവേറ്റതെന്നു കരുതുന്നു. വീട്ടിൽനിന്നു പോന്നപ്പോൾ കൈവശമുണ്ടായിരുന്ന വാക്കത്തി സംഭവശേഷം കാണാതായതായും റ്റാജു പറയുന്നു. കോടതി വിധി പ്രകാരം കാവനയിലെ രണ്ടേക്കറും വീടും റ്റുമിയുടെ പേരിൽ ലഭിച്ചതിൽ ജിജി കടുത്ത അമർഷത്തിലായിരുന്നു. താനിത് വിട്ടുകൊടുക്കില്ലെന്നു റ്റുമിയെ ജിജി ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. നേരത്തെയും വീട്ടിൽനിന്നു വഴക്കും മറ്റു ബഹളവും ഉണ്ടായിട്ടുള്ളതായും അയൽക്കാർ പറഞ്ഞു. മദ്യപിച്ചു വന്നു സ്‌ഥിരമായി ശല്യമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു ജിജിയെന്നും നാലുമണി കഴിഞ്ഞ നേരത്തു സമീപത്തുള്ള കവലയിൽ ജിജിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു. മൂന്നു മണിക്കു ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും ഇന്ന് ഫോറൻസിക് വിദഗ്ധർ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.