ചരിത്രമുദ്ര ചാർത്തി സഹൃദയ സുവർണജൂബിലി സമാപനം
ചരിത്രമുദ്ര ചാർത്തി സഹൃദയ സുവർണജൂബിലി സമാപനം
Sunday, December 4, 2016 1:15 PM IST
ആലപ്പുഴ: ആതുരശുശ്രൂഷാ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു ആലപ്പുഴ സഹൃദയ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷാരംഗത്തു കോർപറേറ്റ് സംസ്കാരം വളർന്നുവരുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ രോഗത്തിനാണു ചികിത്സിക്കേണ്ടത്. രോഗിയുടെ പശ്ചാത്തലത്തിനനുസരിച്ചു ചികിത്സയുടെ സ്വഭാവം മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഖിപ്പിച്ചു ചികിത്സിക്കുകയല്ല മറിച്ചു ചികിത്സിച്ചു സുഖപ്പെടുത്തുകയാണു വേണ്ടതെന്നും സഹൃദയ ആശുപത്രി ഈ രംഗത്തു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡയാലിസിസ് രോഗികൾക്കായുള്ള സഹൃദയസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. ആരോഗ്യമേഖലയിൽ കേരളം വൻ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങളടക്കം വർധിച്ചു വരികയാണെന്നു മന്ത്രി പറഞ്ഞു.

ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സ്‌ഥലപരിമിതിയുടെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അമ്പതു വർഷം കൊണ്ട് ആശുപത്രി ഏറെ വളർന്നതായും ജനസാമാന്യത്തിന് ഏറെ പ്രയോജനകരമാം വിധം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എംപി, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, അതിരൂപത വികാരി ജനറാൾമാരായ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ, റവ.ഡോ.ജെയിംസ് പാലയ്ക്കൽ, ഡിവിഷൻ കൗൺസിലർ ഐ. ലത, വടക്കേമഹൽ ജുമാ മസ്ജിദ് ചീഫ് ഇമാം പിഎംഎസ്എ ആറ്റക്കോയ തങ്ങൾ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ.തോമസ് മംഗലത്ത്, യോഗക്ഷേമസഭ സംസ്‌ഥാനകമ്മിറ്റിയംഗം സി. നാരായണൻ നമ്പൂതിരി, ചീഫ് ഫിസിഷ്യൻ ഡോ.കെ.പി. ഹെഗ്ഡേ, തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച് വികാരി ഫാ.മോർലി കൈതപ്പറമ്പിൽ, സഹൃദയ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് മൂലംകുന്നം തുടങ്ങിയവർ പ്രസംഗിച്ചു.


ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഡയബറ്റിക് ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു. ഗോൾഡൻ ജൂബിലി സുവനീറും സഹൃദയ കലണ്ടറിന്റെ പ്രകാശനവും ചടങ്ങിൽ നടത്തി. ആശുപത്രിയുടെ സ്‌ഥാപകരെയും സോഷ്യൽ വെൽഫെയർ സൊസൈറ്റി ഭാരവാഹികളെയും ചടങ്ങിൽ അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.