ഇന്നു ട്രഷറി ഇടപാടിന് ആവശ്യം 120 കോടി
Sunday, December 4, 2016 6:12 PM IST
തിരുവനന്തപുരം: ട്രഷറി വഴിയുള്ള ശമ്പള– പെൻഷൻ വിതരണം ഇന്നു പുനരാരംഭിക്കും. ഇന്നു ട്രഷറി ഇടപാടിനായി 120 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു ട്രഷറി വകുപ്പ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ തുകയിൽ മിച്ചമുള്ള 20 കോടി രൂപ ട്രഷറി അക്കൗണ്ടിലുള്ളതിനാൽ ഇന്നു കനത്ത പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നാണു സൂചന. കഴിഞ്ഞ ശനിയാഴ്ച 66.19 കോടി രൂപയായിരുന്നു ട്രഷറിക്കു നൽകിയിരുന്നത്. ശനിയാഴ്ച 29,000 പെൻഷൻകാരാണ് ട്രഷറിയിലെത്തിയത്. ഇതുവരെ 1.25 ലക്ഷം പേർ പെൻഷൻ തുക കൈപ്പറ്റി. ഇനി ഏതാണ്ട് മൂന്നു ലക്ഷത്തോളംപേർ ട്രഷറി വഴി പെൻഷൻ വാങ്ങാനുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവർ ട്രഷറിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.


മലപ്പുറം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ട്രഷറികളിൽ ഒഴികെ ആവശ്യമായ തുക എത്തിച്ചുവെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. മലപ്പുറം ജില്ലയിലേക്ക് ആവശ്യമായ തുക ഇന്നു കൈമാറും. ഇടുക്കി, വയനാട് ജില്ലകളിൽ ട്രഷറി വഴിയുള്ള ഇടപാടുകൾക്കായി ആവശ്യപ്പെട്ട മുഴുവൻ തുകയും കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു.

ഈ ആഴ്ച മധ്യത്തോടെ വീണ്ടും നോട്ട് പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. കഴിഞ്ഞ ആഴ്ച പിൻവലിച്ച 24,000 രൂപയ്ക്കു ശേഷമുള്ള ശമ്പളത്തുക കൈപ്പറ്റാൻ സർക്കാർ ഉദ്യോഗസ്‌ഥർ ബാങ്കുകളിൽ എത്തുമ്പോഴാകും പ്രതിസന്ധി രൂപപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.