പൊലിഞ്ഞ ഗൾഫ് മോഹങ്ങളും ബാധ്യതയുടെ ഭാണ്ഡവുമായി ചന്ദ്രലേഖ തിരിച്ചെത്തി
പൊലിഞ്ഞ ഗൾഫ് മോഹങ്ങളും ബാധ്യതയുടെ ഭാണ്ഡവുമായി ചന്ദ്രലേഖ തിരിച്ചെത്തി
Monday, December 5, 2016 4:29 PM IST
നെടുമ്പാശേരി: ഏറെ പ്രതീക്ഷയോടെ ഗൾഫിലേക്കു തിരിച്ച ചന്ദ്രലേഖ (42) പൊലിഞ്ഞ മോഹങ്ങളും ബാധ്യതയുടെ ഭാണ്ഡവുമായി തിരിച്ചെത്തി. അടിമപ്പണിക്ക് ആളെ വിൽക്കുന്ന സംഘത്തിന്റെ വലയത്തിൽനിന്നു രക്ഷപ്പെടാൻ ഇവർക്ക് ഒന്നര ലക്ഷം രൂപ മുടക്കേണ്ടി വന്നു. ഇന്ത്യ, നേപ്പാൾ, പാക്കിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ നൂറുക്കണക്കിനു സ്ത്രീകൾ കുരുങ്ങിക്കിടക്കുന്ന സംഘത്തിന്റെ വലയത്തിൽ നിന്നാണ് ചന്ദ്രലേഖ രക്ഷപ്പെട്ടെത്തിയത്. ചെലവാക്കിയ പണത്തിന്റെ ബാധ്യതയും അനിശ്ചിതത്വത്തിലായ ഭാവിയും ഇവരുടെ മുന്നിൽ ചോദ്യചിഹ്നങ്ങളാണ്.

ചേർത്തല അരൂർ സ്വദേശിനിയായ വെളിയിൽപ്പറമ്പിൽ ചന്ദ്രലേഖ കഴിഞ്ഞ ജൂലൈ 20നു സന്ദർശക വീസയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു സ്‌ഥാപനത്തിൽ തയ്യൽ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. സൗജന്യ വീസയും വിമാനടിക്കറ്റും നല്കുമെന്നു പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്.

ചേർത്തലക്കാരിയായ ഷീലാദേവിയാണ് ചന്ദ്രലേഖയെ ദുബായിലേക്കു വിട്ടത്. പ്രതിമാസ ശമ്പളം 40,000 രൂപ ലഭിക്കുമെന്ന് അറിയിച്ചിരുന്നു. തനിക്കുള്ള വിഹിതം ശമ്പളം കിട്ടിക്കഴിയുമ്പോൾ തന്നാൽ മതിയെന്നാണ് ഷീബാദേവി പറഞ്ഞിരുന്നത്.

ദുബായിൽ ചെന്നിറങ്ങിയ ചന്ദ്രലേഖയെ സ്വീകരിച്ചത് പാലക്കാടുകാരിയായ രത്നകലയാണ്. അടിമവേലക്കായി വിവിധ രാജ്യങ്ങളിൽനിന്നും സ്ത്രീകളെ കൊണ്ടുവന്നു എത്തിച്ചുകൊടുക്കുന്ന സ്‌ഥാപനത്തിന്റെ നടത്തിപ്പുകാരിയായിരുന്നു ഇവർ. ദുബായിൽ ഒരു അറബിയുടെ വീട്ടിൽ ജോലിക്കാണ് തന്നെ അയച്ചതെന്നു ചന്ദ്രലേഖ പറഞ്ഞു. താൻ വീട്ടുജോലിക്ക് വന്നതല്ലെന്നും ചതിയിൽ കുടുങ്ങിയതാണെന്നും പറഞ്ഞപ്പോൾ അറബി ചന്ദ്രലേഖയെ രത്നകലയുടെ ഓഫീസിൽ കൊണ്ടുചെന്നാക്കി.


രത്നകല ചന്ദ്രലേഖയെ അൽ–അയ്നിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ഈജിപ്റ്റുക്കാരന്റെ ഏജൻസിക്ക് കൈമാറി. ഇയാൾ തന്നെ ഒമാനിൽ കൊണ്ടുപോയി വീട്ടിൽ അടിമവേലയ്ക്ക് നിർത്തുകയായിരുന്നുവെന്ന് ചന്ദ്രലേഖ പറഞ്ഞു.

നിശ്ചിത തുക വീട്ടുകാരനിൽനിന്നും വാങ്ങിയായിരുന്നു കച്ചവടം. ഈ വിവരം അറിഞ്ഞതിനെ തുടർന്ന് ഒരു ദിവസം വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി പുറത്തുചാടി. ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യാൻ വേണ്ടി പോകുന്നതിന് വണ്ടി കാത്തു നിൽക്കുമ്പോൾ പോലീസിന്റെ പിടിയിലായി. പോലീസ് അൽ അയ്നിലെ ഏജൻസിക്ക് കൈമാറി. രത്നകലയ്ക്ക് താൻ നല്കിയ ഒന്നര ലക്ഷം രൂപ തന്നാൽ മാത്രമേ നാട്ടിലേക്ക് പോകാൻഅനുവദിക്കുകയുള്ളൂവെന്ന് ഏജൻസി പറഞ്ഞു. വിവരം അരൂരിലുള്ള ബന്ധുക്കളെ അറിയിച്ചു. വീട്ടുകാർ പലരിൽനിന്നായി പണം സമാഹരിച്ച് അയച്ചുകൊടുത്തു. ഇതിനു ശേഷമാണ് ചന്ദ്രലേഖയെ ദുബായ് വഴി തിരിച്ചുവിട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ബന്ധുക്കൾ വന്ന് ഇവരെ കൂട്ടിക്കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.