ജോസ് പ്രകാശിനൊപ്പം ’ജീസസി‘ൽ ജയലളിത
ജോസ് പ്രകാശിനൊപ്പം ’ജീസസി‘ൽ ജയലളിത
Tuesday, December 6, 2016 3:29 PM IST
കോട്ടയം: അന്തരിച്ച ചലച്ചിത്രതാരം കോട്ടയം സ്വദേശി ജോസ് പ്രകാശും ജയലളിതയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1973 ഡിസംബറിൽ പുറത്തിറങ്ങിയ പ്രശസ്ത ചിത്രമായ ജീസസിലാണ് ജോസ് പ്രകാശിനൊപ്പം ജയലളിത അഭിനയിച്ചത്. സിനിമയിൽ നർത്തകിയായ ശലോമിയുടെ റോളിലായിരുന്ന ജയലളിത. ജീസസ് സിനിമയിൽ ഹന്നാസിന്റെ വേഷമായിരുന്നു ജോസ് പ്രകാശിന്. കൊട്ടകകൾ നിറഞ്ഞോടിയ ജീസസ് സിനിമ പി.എ. തോമസാണ് സംവിധാനം ചെയ്തത്. പിൽക്കാലത്ത് ജയലളിത രാഷ്ട്രീയത്തിൽ സജീവമായപ്പോഴും മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും ജോസ് പ്രകാശ് അവരെ കാണുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്നതായി ജോസ് പ്രകാശിന്റെ സഹോദരനും നടനുമായ പ്രേം പ്രകാശ് അനുസ്മരിച്ചു. കോട്ടയംകാരൻ കടുവാക്കുളം ആന്റണിയും ഈ സിനിമയിൽ ചെറിയവേഷം ചെയ്തു.

എസ്.എൻ. സിൻഹയായിരുന്നു സിനിമയുടെ സംഭാഷണം രചിച്ചത്. ഹിന്ദിയിൽനിന്ന് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റുകയായിരുന്നു. തെന്നിന്ത്യൻ താരസംഗമമായിരുന്നു അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്ന ജീസസ്. ജമിനി ഗണേശൻ, ജയലളിത, എം.എൻ. നമ്പ്യാർ എന്നീ തമിഴ്താരങ്ങളോടൊപ്പം തിക്കുറിശി തുടങ്ങിയ മലയാള മുൻനിരക്കാരും വേഷമിട്ടു. ജെമിനി ഗണേശൻ സ്നാപകയോഹന്നാന്റെയും തിക്കുറിശി ഹെറോദേസിന്റെയും ജയഭാരതി വെറോനിക്കയുടെയും എം.എൻ. നമ്പ്യാർ യൂദാസിന്റെയും വേഷമിട്ടു.


ജീസസിന്റെ വേഷത്തിലെത്തിയത് മുരളീദാസായിരുന്നു. ഈ സിനിമയിൽ ചെറിയൊരു വേഷത്തിലഭിന യിച്ചുകൊണ്ടാണ് ഇക്കാലത്തെ പ്രമുഖ നടനായി അറിയപ്പെടുന്ന ഇന്നസെന്റ് സിനിമയിലേക്ക് കടന്നുവന്നത്. എംജിആറുമായും ജോസ് പ്രകാശിന് അടുത്ത ബന്ധമായിരുന്നു. ഒരു സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ സത്യ സ്റ്റുഡിയോയിൽവച്ചായിരുന്നു എംജിആറും ജോസ് പ്രകാശും തമ്മിലുള്ള കൂടിക്കാഴ്ചകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.