തീരനിയന്ത്രണ വിജ്‌ഞാപന ഭേദഗതി: എംപിമാർക്കു കെഎൽസിഎ കത്തു നൽകി
Tuesday, December 6, 2016 3:29 PM IST
തിരുവനന്തപുരം: തീരദേശ നിയന്ത്രണ വിജ്‌ഞാപനം സംബന്ധിച്ചു തദ്ദേശ വാസികളുടെ ഭവന നിർമാണത്തിന് അനുകൂലമായ നിലപാടുകൾ ഉണ്ടാകാൻ ഡിസംബർ എട്ടിനു വിളിച്ചുചേർത്ത പാർലമെന്റ് അംഗങ്ങളുടെ യോഗത്തിൽ നിയമ ഭേദഗതിക്ക് അനുകൂല തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് കെഎൽസിഎ സംസ്‌ഥാന സമിതി ഇന്ത്യയിലെ എല്ലാ ലോക്സഭാ– രാജ്യസഭാ അംഗങ്ങൾക്കും കത്തു നൽകി.

തീരദേശ നിയന്ത്രണ വിജ്‌ഞാപന പരിധിയിൽ വരുന്ന പ്രദേശത്തെ ഭവനങ്ങളുടെ പുനർനിർമാണത്തിന് അനുമതി നൽകാമെന്നു ചട്ടങ്ങളുണ്ടെങ്കിലും അതിനുള്ള എൻഒസി തിരുവനന്തപുരത്തെ തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്നു വാങ്ങണമെന്ന സംസ്‌ഥാന സർക്കാർ ഉത്തരവു തിരുത്തണം. 2013 വരെയും അനുവദനീയ പുനർനിർമാണത്തിനുള്ള അനുവാദം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം ഉണ്ടായിരുന്നു. പിന്നീടു സംസ്‌ഥാന സർക്കാർ ഉത്തരവിലൂടെയാണ് ഇത് അട്ടിമറിക്കപ്പെട്ടത്. ഈ അധികാരം പുനഃസ്‌ഥാപിക്കുന്നതിനു സംസ്‌ഥാന സർക്കാരിനു തീരുമാനമെടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണം.


തീരദേശ നിയന്ത്രണ വിജ്‌ഞാപനവുമായി ബന്ധപ്പെട്ടു ശൈലേഷ് നായിക് സമിതി ശിപാർശകളുടെ അടിസ്‌ഥാനത്തിൽ കേരള സർക്കാർ വീണ്ടും വിഷയത്തിൽ സജീവമായി ഇടപെടുമെന്ന് കഴിഞ്ഞ ദിവസം നടന്ന ലത്തീൻ സമുദായ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നു സംസ്‌ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി തോമസ് എന്നിവർ സംയുക്‌തമായി നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.