റബർ: കേന്ദ്ര നിലപാട് കർഷകവഞ്ചനയെന്ന് ഇൻഫാം
Thursday, December 8, 2016 3:45 PM IST
കോട്ടയം: റബർ പ്രതിസന്ധിയിൽ ഇടപെടൽ ആവശ്യപ്പെട്ട് 2015 ഡിസംബർ 24ന് പാർലമെന്റ് സ്‌ഥിരം സമിതി സമർപ്പിച്ച ശിപാർശകളിൽ യാതൊരു നടപടിയുമെടുക്കാതെ കേന്ദ്രം കർഷകരെ വഞ്ചിച്ചെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ. ഇറക്കുമതി കുറയ്ക്കാനോ വില കൂട്ടാനോ സാധിക്കാത്തതു രാജ്യാന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നുള്ള വാണിജ്യമന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ റബറിന്റെ രാജ്യാന്തരവില കുതിച്ചുയർന്നതു മുഖവിലയ്ക്കെടുക്കാതെയാണിത്.

ഗുണമേന്മയിൽ ബാങ്കോക്കിലെ ആർഎസ്എസ് 3 ഗ്രേഡിനു തുല്യമാണ് ഇന്ത്യയിലെ ആർഎസ്എസ്4 ഗ്രേഡ് റബർ. ബാങ്കോക്ക് മാർക്കറ്റിലെ കഴിഞ്ഞ ദിവസങ്ങളിലെ വിപണിവില ഇപ്രകാരമാണ്: നവംബർ ഒന്നിന് 116.70 രൂപയായിരുന്നു ഒരുകിലോഗ്രാം ആർഎസ്എസ് 3 യുടെ രാജ്യാന്തര വില. ഡിസംബർ ഏഴിന് 142.87 രൂപയും.


ഇന്ത്യയിലെ ആഭ്യന്തരവിലയാകട്ടെ നവംബർ ഒന്നിന് 116.50 രൂപയും ഡിസംബർ ഏഴിനു 130 രൂപയും. കർഷകരിൽനിന്നു റബർ വാങ്ങുന്ന വ്യാപാരികളുടെ വില നവംബർ ഒന്നിന് 113 രൂപയും ഡിസംബർ ഏഴിന് 126 രൂപയും. ചുരുക്കിപ്പറഞ്ഞാൽ രാജ്യാന്തരവിലയേക്കാൾ 17 രൂപ കുറവിലാണ് ഇന്ത്യയിൽ കർഷകർക്കു റബർ വിൽക്കാനാവുന്നതെന്നതു കേന്ദ്രമന്ത്രി സൗകര്യപൂർവം മറക്കുന്നു.

ക്രൂഡോയിൽ വിലയിലുള്ള മാറ്റങ്ങളും പ്രകൃതിദത്ത റബറിന്റെ ബാങ്കോക്ക് മാർക്കറ്റ് അടിസ്‌ഥാനമാക്കിയ രാജ്യാന്തര വിലയും ഇറക്കുമതിച്ചുങ്കവും ആഭ്യന്തര ഉല്പാദനവും വിപണിവില നിശ്ചയിക്കാൻ അടിസ്‌ഥാനഘടകമാണ്.

ഇതെല്ലാം പരിഗണിച്ച് ആഭ്യന്തരവില 200 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനു പകരം വിപണി മന്ദീഭവിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും റബർബോർഡിന്റെയും അതിക്രൂരമായ നിലപാടു തിരുത്തണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.