ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി
ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി
Saturday, December 10, 2016 3:26 PM IST
തിരുവനന്തപുരം: ദളിത് ക്രൈസ്തവരോടുള്ള മനുഷ്യാവകാശ നിഷേധത്തിനെതിരേ ദളിത് കാത്തലിക് മഹാജനസഭ (ഡിസിഎംഎസ്)യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ചും ധർണയും നടത്തി.

ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ ദളിത് ക്രൈസ്തവർ പിന്നോട്ടുപോകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആശംസാ പ്രസംഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യുജിൻ പെരേര പറഞ്ഞു. രാജ്യം കോർപറേറ്റ് ആധിപത്യത്തിലേക്കു നീങ്ങുമ്പോൾ ദളിതരുടെയും ഗോത്രവിഭാഗങ്ങളുടെയും നിലനില്പ് ആശങ്കയിലേക്കു നീങ്ങുകയാണ്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കായുള്ള സമരം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ദളിത് ക്രൈസ്തവർക്കു ന്യായമായ അവകാശങ്ങളും അർഹമായ വിദ്യാഭ്യാസ അവകാശങ്ങളും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിലപാടു സ്വീകരിക്കണമെന്നു കെ. ആൻസലൻ എംഎൽഎ പറഞ്ഞു. നൂറ്റാണ്ടുകളായി അടിമകളായും പാർശ്വവത്കരിക്കപ്പെട്ടവരായും കഴിഞ്ഞ വിഭാഗങ്ങൾ മനുഷ്യരായി ജീവിക്കാനാണു ക്രൈസ്തവരായത്. മതംമാറിയതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കരുത്. പരിവർത്തിത ക്രൈസ്തവർക്ക് അർഹമായ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കാമെന്ന മറുപടിയാണു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഫാ.ജോൺ അരീക്കൽ, ഫാ. ഷാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


പാളയം രക്‌തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച മാർച്ച് ഫാ. ഡെന്നിസ്കുമാർ ഫ്ളാഗ് ഓഫ് ചെയ്തു.
മാർച്ചിനു ഫാ. ഷാജ്കുമാർ, ഫാ.കെ.ജെ. വിൻസന്റ്, ഫാ.ഡെന്നിസൺ, ഡിസിഎംഎസ് പ്രസിഡന്റ് അംബി കുളത്തൂർ, ജനറൽ സെക്രട്ടറി ജോണി പരാമല, ഖജാൻജി ജോർജ് എസ്. പള്ളിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.