ജോമോൻ പുത്തൻപുരയ്ക്കൽ വാടക നൽകാതെ റെസ്റ്റ് ഹൗസിൽ താമസിച്ചെന്ന്
ജോമോൻ പുത്തൻപുരയ്ക്കൽ വാടക നൽകാതെ റെസ്റ്റ് ഹൗസിൽ താമസിച്ചെന്ന്
Saturday, December 10, 2016 3:26 PM IST
തിരുവനന്തപുരം: എറണാകുളം പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അനധികൃതമായി താമസിച്ചതിന്റെ വാടക ഇനത്തിൽ 13,69,570 രൂപ സർക്കാരിനു നഷ്‌ടമുണ്ടായതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. 2008 മുതൽ കഴിഞ്ഞ ജൂൺ വരെയുള്ള കാലയളവിൽ എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ റൂം നമ്പർ 17ൽ താമസിച്ചതിന്റെ വാടകഇനത്തിൽ തുക ജോമോനിൽനിന്ന് ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. എറണാകുളം റെസ്റ്റ് ഹൗസിലെ രണ്ടു മുറികളിൽ സിബിഐ ഉദ്യോഗസ്‌ഥർ വാടകകൂടാതെ താമസിച്ചുവെന്ന പരാതി നേരത്തെ ജോമോൻ പുത്തൻപുരയ്ക്കൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ സമാന ആരോപണമാണ് ജോമോനെതിരേ ഉയർന്നിരിക്കുന്നത്.


റെസ്റ്റ് ഹൗസുകളിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ ജോമോൻ മുറി ഒഴിയുകയായിരുന്നത്രേ. കത്തിടപാടുകൾക്കും മറ്റും വിലാസമായി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയിരുന്നതും പിഡബ്യുഡി റെസ്റ്റ് ഹൗസിലെ വിലാസമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ വീട്ടിലേക്കു വരുന്ന തപാലുകൾ എറണാകുളം റസ്റ്റ് ഹൗസിലേക്ക് അയയ്ക്കണമെന്നു കാണിച്ചു ജോമോൻ പോസ്റ്റ് മാസ്റ്റർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും സൂചനയുണ്ട്. സർക്കാരിന്റെ സ്വത്ത് സ്വകാര്യ ആവശ്യങ്ങൾക്കു ദുരുപയോഗം ചെയ്തെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് ഉടൻ പൊതുമരാമത്തു മന്ത്രിക്കു സമർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.