സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14 ന്
സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14 ന്
Wednesday, January 11, 2017 3:05 PM IST
കണ്ണൂര്‍: അമ്പത്തേഴാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14നു നടക്കും.

ഉച്ചയ്ക്ക് ഒന്നിനു മാഹിപ്പാലത്തില്‍ നിന്നു സംഘാടകസമിതി ചെയര്‍മാന്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു 1.30 ന് സൈദാര്‍ പള്ളി, 1.45 ന് തലശേരി പഴയ സ്റ്റാന്‍ഡ്, രണ്ടിനു കൊടുവള്ളി, 2.15 ന് മുഴപ്പിലങ്ങാട്, 2:30 ന് എടക്കാട്, 2.45 ന് ചാല ജംഗ്ഷന്‍, മൂന്നിനു താഴെചൊവ്വ, 3.30 ന് കാല്‍ടെക്‌സ്, നാലിനു കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ്, 4.30 ന് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ജില്ലാ ട്രഷറിയില്‍ എത്തിക്കും. അവിടെയാണു കലോത്സവ സമാപന ദിവസം വരെ സൂക്ഷിക്കുക.


സ്വീകരണ കേന്ദ്രങ്ങളില്‍ സമീപ വിദ്യാലയങ്ങളിലെ എന്‍സിസി, സ്റ്റുഡന്റ്‌സ് പോലീസ്,ജെആര്‍സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നീ സംഘങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മേയര്‍ ഇ.പി. ലത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സ്വീകരണത്തിന് അന്തിമ രൂപം നല്‍കിയത്.

ട്രോഫി കമ്മിറ്റിയുടെ യോഗത്തില്‍ ഡിഡിഇ എം. ബാബുരാജ്, കണ്‍വീനര്‍ സി. അബ്ദുള്‍ അസീസ്, കെ. അബ്ദുറഹിമാന്‍, എ.പി. ബഷീര്‍, എം.പി. അയൂബ്, പി.പി. അബ്ദുള്‍ ലത്തീഫ്, സഹീര്‍ പുന്നാട്, പി. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.