ബാങ്ക് മാനേജര്‍ ചമഞ്ഞ് ഫോണ്‍: 27, 250 രൂപ തട്ടിയെടുത്തു
Wednesday, January 11, 2017 3:15 PM IST
തലയോലപ്പറമ്പ്: ബാങ്ക് മാനേജര്‍ ചമഞ്ഞു എടിമ്മിന്റെ പിന്‍നമ്പരും പാസ്‌വേര്‍ഡും കൈക്കലാക്കി തട്ടിപ്പ്. എസ്ബിഐ തലയോലപ്പറമ്പ് ശാഖയില്‍ അക്കൗണ്ടുള്ള പൊതി മുതുകുളത്തില്‍ ഔസേപ്പി(56)ന്റെ പണം നഷ്ടമായതായാണു പരാതി.

കഴിഞ്ഞ നാലിനു പ്രധാനമന്ത്രിയുടെ പുതിയ സ്‌കീംപ്രകാരം ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി നിലവിലെ അക്കൗണ്ട് പുതുക്കുന്നതിന്റെ ഭാഗമായി എടിഎം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് ആര്‍ബിഐ മാനേജര്‍ ആണെന്നുപറഞ്ഞാണ് ഔസേപ്പിന്റെ ഫോണിലേക്കു കോള്‍ വന്നത്. ഹിന്ദിയിലായിരുന്നു സംസാരം. ഹിന്ദി വശമില്ലാത്തതിനാല്‍ നഴ്‌സായ മകളുടെ കൈയില്‍ ഫോണ്‍ കൊടുത്തു.

നിങ്ങളുടെ എടിഎം കാലാവധി കഴിഞ്ഞ് ഇതു പുതുക്കി ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എടിഎം അക്കൗണ്ടിന്റെ പിന്‍ നമ്പറും ഒടിപി സീക്രട്ട് നമ്പറും പറഞ്ഞു തരാന്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു മകള്‍ നമ്പറുകള്‍ പറഞ്ഞുകൊടുത്തു.

കഴിഞ്ഞ മാസം അവസാനത്തോടെ ഒരു പുതിയ എടിഎം വീസാ കാര്‍ഡ് ഔസേപ്പിനു ലഭിച്ചിരുന്നു. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാകാം വിളിച്ചതെന്നാണ് ഔസേപ്പ് കരുതിയത്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ബാങ്കില്‍നിന്നു വന്ന മെസേജ് പരിശോധിച്ചപ്പോഴാണു മൂന്നു തവണകളിലായി 27,250 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


പോലീസും ബാങ്ക് അധികൃതരും നടത്തിയ അന്വേഷണത്തില്‍ നോയിഡയിലുള്ള ഒരു സ്ഥാപനത്തിലെ പേറ്റിഎം വഴിയാണു പണം നഷ്ടമായിരിക്കുന്നതെന്നു മനസിലായിട്ടുണ്ട്. ഇവിടെനിന്നു കാര്‍ഡ് സംവിധാനം വഴി സാധനങ്ങള്‍ വാങ്ങിയാണു തട്ടിപ്പ് നടത്തിയിട്ടുള്ളത്. സംഭവം സംബന്ധിച്ചു പരിശോധിച്ചു വരികയാണെന്നും വ്യാജഫോണ്‍കോള്‍ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ കുടുങ്ങരുതെന്നും എസ്ബിഐ ശാഖയുടെ മാനേജര്‍ മെല്‍ബി അറിയിച്ചു. സംഭവത്തെക്കുറിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ അന്വേഷണം നടന്നുവരികയാണെന്നു തലയോലപ്പറമ്പ് പോലീസ് പറഞ്ഞു.

വ്യാജ ഫോണ്‍വിളിയിലൂടെ വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഒലിപ്പുറത്തെ ഗേറ്റ് കീപ്പര്‍ രാജസ്ഥാന്‍ സ്വദേശി നമോനാരായണ്‍ മീനയു(35)ടെ 47,500 രൂപ സമാന രീതിയില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു കവര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.