ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കരുതായിരുന്നു: അഡ്വാനി
ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കരുതായിരുന്നു: അഡ്വാനി
Monday, October 20, 2014 11:54 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കരുതായിരുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. ശിവസേനയുമായുള്ള പഴയ സഖ്യം പുനരുജ്ജീവിപ്പിക്കണം. എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നത് സാധ്യമാകില്ലെന്നും അഡ്വാനി അമൃത്സറില്‍ മാധ്യമ പ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ വിജയം നേടിയെങ്കിലും ഭൂരിപക്ഷം ഉറപ്പാക്കാനാവാത്ത സാഹചര്യത്തിലാണു കേന്ദ്ര നേതൃത്വത്തിനെതിരേ അഡ്വാനിയുടെ ഒളിയമ്പ്. മുമ്പ് ശിവസേനയുമായി സഖ്യം നിലനിര്‍ത്തിയിരുന്ന ബിജെപി നേതാക്കളിലൊരാളായ അഡ്വാനി, സഖ്യം പിരിഞ്ഞതു സംബന്ധിച്ച വിയോജിപ്പാണ് ഇന്നലെ പ്രകടമാക്കിയത്. ശിവസേനയുമായുള്ള സഖ്യമുണ്ടായിരുന്നെങ്കില്‍ ഒറ്റക്കക്ഷി എന്ന നിലയില്‍ ഭൂരിപക്ഷം നേടാനാവുമായിരുന്നെന്നും ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അവസ്ഥ നിയമസഭ തെരഞ്ഞെടുപ്പിലും തുടരുകയാണെന്നും അഡ്വാനി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ബിജെപി ശിവസേനയുമായി ചേര്‍ന്നു സര്‍ക്കാരുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് ബിജെപി- ശിവസേന സഖ്യം പിരിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.