പട്ടേല്‍ സമരം: കലാപത്തിനു കാരണം മോദിയുടെ വിദ്വേഷരാഷ്ട്രീയം: രാഹുല്‍ ഗാന്ധി
പട്ടേല്‍ സമരം: കലാപത്തിനു കാരണം  മോദിയുടെ വിദ്വേഷരാഷ്ട്രീയം:  രാഹുല്‍ ഗാന്ധി
Friday, August 28, 2015 12:59 AM IST
ശ്രീനഗര്‍: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാരുടെ സംവരണസമരത്തെ തുടര്‍ന്നുള്ള കലാപ ത്തിന്റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷരാഷ്ട്രീയമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദ്വേഷത്തിന്റെ രാഷ്ട്രീയം എക്കാലത്തും മോദിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്െടന്നും മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ രാഹുല്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ പരസ്പരം പോരടിക്കണമെന്നും വിദ്വേഷം പരത്തണമെന്നുമാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, സത്യം നമുക്കെല്ലാം അറിയാം. വിദ്വേഷം മോദിക്കല്ലാതെ മറ്റാര്‍ക്കും ഉപകരിക്കില്ല. എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതിനിടെ ഗുജറാത്തില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേലിനെ ചൊവ്വാഴ്ച രാത്രി പോലീസ് കസ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് അദ്ദേഹം കണ്‍വീനറായ പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി ബുധനാഴ്ച പ്രഖ്യാപിച്ച സംസ്ഥാനബന്തില്‍ വ്യാപക അക്രമസംഭവങ്ങളുണ്ടായി. സമിതി അഹമ്മദാബാദില്‍ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധറാലിക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. സംഘര്‍ഷം നിയന്ത്രണവിധേയമാകാതെ വന്നതോടെ സംസ്ഥാനം കേന്ദ്രസേനയുടെ സഹായം തേടി. ഇതേത്തുടര്‍ന്ന് ഏറ്റവുമധികം കലാപം അരങ്ങേറിയ അഹമ്മദാബാദ്, സൂറത്ത്, മെഹ്സാന നഗരങ്ങളില്‍ സൈന്യത്തെയും ഇതര നഗരങ്ങളിലായി 113 കമ്പനി അര്‍ധസൈനികരെയും നിയോഗിച്ചു.

സമരക്കാര്‍ എട്ടിടങ്ങളില്‍ റെയില്‍വേട്രാക്കുകള്‍ തകര്‍ത്തതിനാല്‍ ട്രെയിന്‍ഗതാഗതം താറുമാറായി. ദീര്‍ഘദൂര ട്രെയിനുകളെയാണ് ഏറ്റവുമധികം ബാധിച്ചത്. സംഘര്‍ഷാവസ്ഥ മൂലം ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണ്. വാട്ട്സ് ആപ്പ്, മൊബൈല്‍ ഇന്റര്‍നെറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളും തത്കാലത്തേക്കു വിച്ഛേദിച്ചിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.