ഇന്ദിരയ്ക്കും രാജീവിനുമെതിരായ പരാമര്‍ശം: കേന്ദ്രമന്ത്രി മാപ്പു പറഞ്ഞു
Saturday, November 28, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെ സംബന്ധിച്ചു മോശം പരാമര്‍ശം നടത്തിയതിനു കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റില്‍ മാപ്പു പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് മന്ത്രി മാപ്പു പറഞ്ഞത്. ഇന്ദിരയുടെയും രാജീവിന്റെയും നയങ്ങളാണ് അവരുടെ കൊലപാതകങ്ങളില്‍ കലാശിച്ചതെന്നായിരുന്നു കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി തവര്‍ചന്ദ് ഗെലോട്ടിന്റെ പരാമര്‍ശം.

മന്ത്രിയുടെ പരാമര്‍ശം തെറ്റായെന്നും പിന്‍വലിക്കണമെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ഇന്നലെ സഭ ചേര്‍ന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗ് കാന്തിലാല്‍ ബുറിയ സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ ഗെലോട്ട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് ജ്യോതി രാധിത്യ സിന്ധ്യ ആവശ്യപ്പെട്ടു. രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തതു സംബന്ധിച്ചു മന്ത്രി നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡുവും ലോക്സഭയില്‍ തുറന്നു സമ്മതിച്ചു. എന്നാല്‍, ആ സമയം ഗെലോട്ട് ഹാജരായിരുന്നില്ല. കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.

മന്ത്രി മാപ്പു പറയുന്നതു വരെ തങ്ങള്‍ ഇരിപ്പിടത്തിലേക്കു മടങ്ങില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍ വ്യക്തമാക്കി. എന്നാല്‍, ഗതാഗതക്കുരുക്കില്‍ അകപ്പെട്ട മന്ത്രി നേരം വൈകിയാണ് ഇന്നലെ സഭയിലെത്തിയത്. തന്റെ പരാമര്‍ശം മറ്റ് അംഗങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിച്ചതില്‍ ഖേദമുണ്െടന്നും മാപ്പു പറയാന്‍ തയാറാണെന്നും പറഞ്ഞ മന്ത്രി അന്തിമ തീരുമാനം സ്പീക്കറുടേതാണെന്നും പറഞ്ഞു. ഒടുവില്‍ താന്‍ ഖേദിക്കുന്നു എന്ന് മന്ത്രി പറഞ്ഞതോടെ പ്രശ്നം അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.