പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നുവെന്നു രാഹുല്‍
പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നുവെന്നു രാഹുല്‍
Wednesday, December 2, 2015 12:43 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: പ്രതിഷേധിക്കുന്നവര്‍ക്കതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കാലമാണിതെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ചുട്ടുകരിച്ചു കൊന്ന രണ്ടു ദളിത് കുട്ടികളെ പട്ടികളോട് ഉപമിച്ച കേന്ദ്രമന്ത്രി വി.കെ. സിംഗിനെ ഒന്നും സംഭവിക്കാത്ത രീതിയില്‍ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്ന പ്രധാനമന്ത്രി അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുകയാണെന്നു രാഹുല്‍ കുറ്റപ്പെടുത്തി. വികസിത ഇന്ത്യക്കു വേണ്ടിയെന്നു പറയുന്ന സര്‍ക്കാര്‍ ഇന്ത്യയെ വിഭജിക്കാനാണു ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചു.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ചു രണ്ടു ദിവസമായി ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ചു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷം വാക്കൌട്ട് നടത്തി. മറുപടി കേള്‍ക്കാന്‍ പോലും തയാറാകാത്ത പ്രതിപക്ഷത്തിന്റെ നടപടിയാണ് അസഹിഷ്ണുതയെന്നു രാജ്നാഥും തിരിച്ചടിച്ചു. 1947ലെ വിഭജനവും അടിയന്തരാവസ്ഥയും 1984ലെ കലാപവുമാണു അസഹിഷ്ണുതയുടെ ഏറ്റവും ഭീകരമായ മുഖങ്ങളെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. എന്നാല്‍ 1992ലെ ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്നു കോണ്‍ഗ്രസ് പ്രത്യാരോപണം നടത്തി.

രാജ്യസഭയില്‍ സമവായത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച അതേ സമയത്തായിരുന്നു സര്‍ക്കാരിനും മോദിക്കുമെതിരേ രൂക്ഷമായ ആരോപണശരങ്ങളുമായി ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സര്‍ക്കാരിനെതിരേ കത്തിക്കയറിയ ഇരുപതു മിനിറ്റു നീണ്ട രാഹുല്‍ പ്രസംഗത്തിന്റെ സമയത്തു ലോക്സഭാ ടെലിവിഷന്‍ അഞ്ചു മിനിറ്റിലേറെ സമയം സംപ്രേഷണം നിര്‍ത്തിവച്ചതു വലിയ വിവാദവുമായി. സാങ്കേതിക തകരാര്‍ പറഞ്ഞു രാഹുലിന്റെ പ്രസംഗം ബോധപൂര്‍വം മുക്കിയതു മോദിയുടെ പ്രസംഗം മാത്രം കേള്‍പ്പിക്കാനായിരുന്നുവെന്നാണു കോണ്‍ഗ്രസിന്റെ ആക്ഷേപം.

ദാദ്രിയില്‍ ഒരു മനുഷ്യനെ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തേണ്ട പ്രധാനമന്ത്രി മൌനം തുടര്‍ന്നു. മതഭ്രാന്തന്മാരാല്‍ ദബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടപ്പോഴും പ്രധാനമന്ത്രിക്ക് ഇതേ മൌനമായിരുന്നു. സാക്ഷി മഹാരാജും യോഗി ആദിത്യനാഥും ഉപയോഗിച്ച ഭാഷ എല്ലാവര്‍ക്കും അറിയാം. ഈ പ്രസ്താവനകളിലും പ്രധാനമന്ത്രി തുടര്‍ന്നതു പതിവു മൌനമാണ്.

രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്മാരുമാണു പുരസ്കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിച്ചത്. എന്നാല്‍, ഇവരുമായി സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ മേല്‍ യോഗ്യതയില്ലാത്ത വ്യക്തിയെ മേധാവിയായി നിയമിച്ചു വിദ്യാര്‍ഥികളുടെ ശബ്ദത്തെയും അടിച്ചമര്‍ത്തി.പട്ടേല്‍ സമരത്തോടെ കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ ബലൂണ്‍ പൊട്ടുന്ന പോലെയാണു തകര്‍ന്നത്. സമരം നടത്തിയവര്‍ക്കെതിരേ 20,000 എഫ്ഐആറുകളാണു രാജ്യദ്രോഹക്കുറ്റം ആരോപിച്ചു ചുമത്തിയത്. സര്‍ക്കാരിനെതിരായ പ്രതിഷേധമെന്നാല്‍ രാജ്യദ്രോഹക്കുറ്റമായി മാറ്റിയിരിക്കുകയാണെന്നു രാഹുല്‍ പറഞ്ഞു.

ഒരുകാലത്ത് മോദിയുടെ സ്തുതിപാടകരിലൊരാളായിരുന്നു അരുണ്‍ ഷൂറി. പ്രധാനമന്ത്രിക്കെതിരേ പ്രസ്താവന നടത്തിയതുമുതല്‍ അദ്ദേഹത്തിനെതിരേയും ബിജെപിക്കാര്‍ ആക്ഷേപവര്‍ഷം ചൊരിയുകയാണ്. സെറിബ്രല്‍ പാള്‍സി രോഗം പിടിപെട്ട മകനെപ്പോലും ബിജെപിക്കാര്‍ അധിക്ഷേപിക്കുകയാണെന്ന് അരുണ്‍ ഷൂറി തന്നെ പറയുന്നു. ഇത്തരം അധിക്ഷേപങ്ങള്‍ക്കു ട്വിറ്ററില്‍ നേതൃത്വം കൊടുക്കുന്നവരാകട്ടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്- രാഹുല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.