മുംബൈയിൽ തെരച്ചിൽ തുടരുന്നു; രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടു
മുംബൈയിൽ തെരച്ചിൽ തുടരുന്നു; രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടു
Friday, September 23, 2016 12:31 PM IST
മുംബൈ: മുംബൈയിലെ ഉറാനിൽ നാവികകേന്ദ്രത്തിനു സമീപം ആയുധധാരികളായ അജ്‌ഞാതസംഘത്തെ കണ്ടെന്ന വിവരത്തെത്തുടർന്നു മുംബൈ നഗരത്തിലും സമീപജില്ലകളിലും കനത്ത ജാഗ്രത തുടരുന്നു. വ്യാഴാഴ്ച 6:30 ഓടെ പത്താൻവേഷം ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന സംഘത്തെ കണ്ടുവെന്നാണ് ഉറാനിലെ ഏതാനും സ്കൂൾ വിദ്യാർഥികൾ പറയുന്നത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ തയാറാക്കിയ രണ്ടു രേഖാചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. സംഘത്തെത്തേടി നാവികസേനയും തീരസംരക്ഷണസേനയും വ്യവസായ സുരക്ഷാസേനയും ദ്രുതകർമസേനയും പോലീസുമുൾപ്പെടെ തെരച്ചിൽ തുടരുകയാണ്.

ദേശീയ സുരക്ഷാസേനയും (എൻഎസ്ജി) സംസ്‌ഥാനപോലീസിന്റെ പ്രത്യേകസംഘവും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. നാവികസേനയുടെ നിരീക്ഷണവിമാനങ്ങൾ തീരപ്രദേശത്തുൾപ്പെടെ നിരീക്ഷണം തുടരുകയാണ്.

സെപ്റ്റംബർ എഴിന് ഉറനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബോട്ട് കണ്ടെത്തിയെന്നു മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് സ്‌ഥിരീകരിച്ചു. ഇതുകൂടി കണക്കിലെടുത്ത് സംസ്‌ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ആരാധനാകേന്ദ്രങ്ങൾ, വിമാനത്താവളം, സർക്കാർ ഓഫീസുകൾ തുടങ്ങിയയിടങ്ങളിൽ സുരക്ഷ ശക്‌തമാക്കി. വെസ്റ്റേൺ നേവൽ കമാൻഡ് ആസ്‌ഥാനം, തൊട്ടടുത്ത് മുംബൈ ഹാർബർ, നേവർ ഹാർബർ, മുംബൈ പോർട്ട്ട്രസ്റ്റ്, ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് എന്നിങ്ങനെ സമീപപ്രദേശങ്ങളിലാണു പ്രധാനസ്‌ഥാപനങ്ങളെല്ലാം സ്‌ഥിതിചെയ്യുന്നത്. അജ്‌ഞാതസംഘം സൈനികവേഷത്തിലാണു പ്രത്യക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ടെന്നു നാവികസേനാ വക്‌താവ് കമാൻഡർ രാഹുൽ സിൻഹ പറഞ്ഞു. ആയുധധാരികളായ സംഘം പുറത്തു തൂക്കിയിടാവുന്ന ബാഗുകൾ അണിഞ്ഞിരുന്നു. അഞ്ചു പേരെ കണ്ടതായാണ് ഒരു വിദ്യാർഥി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.