രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
Wednesday, November 29, 2023 2:03 AM IST
ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി . തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും വികാരഭരിതരാക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ...നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്ന് തുരങ്കത്തില്‍ കുടുങ്ങിയ സുഹൃത്തുക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
ഒപ്പം നല്ല ആരോഗ്യവും. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ നമ്മുടെ ഈ സുഹൃത്തുക്കള്‍ അവരുടെ പ്രിയപ്പെട്ടവരെ കാണുമെന്നത് വലിയ സംതൃപ്തി നല്കുന്ന കാര്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിക്കുന്ന ക്ഷമയും ധൈര്യവും അഭിനന്ദിക്കാതിരിക്കാനാവില്ല.
ഈ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ആത്മവീര്യത്തിന് മുന്നില്‍ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ തൊഴിലാളി സഹോദരങ്ങള്‍ക്ക് പുതുജീവന്‍ നല്കി. ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ട എല്ലാവരും മനുഷ്യത്വത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും അത്ഭുതകരമായ മാതൃകയാണ് സൃഷ്ടിച്ചതെന്നും പ്രധാനമന്ത്രി കുറിപ്പിൽ പറഞ്ഞു.
17 ദിവസത്തിനൊടുവിലാണ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങി 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.