മാനന്തവാടി: ലബനനിൽ സ്ഫോടനമുണ്ടായ പേജറുകൾ കൈമാറിയതിൽ മലയാളിയായ റിൻസനു പങ്കുണ്ടെന്ന ആരോപണത്തിൽ തങ്ങൾക്ക് ഒന്നുമറിയില്ലെന്നു ബന്ധുക്കൾ. മൂന്നു ദിവസം മുന്പു വരെ റിൻസണ് വിളിച്ചിരുന്നതായും എന്നാൽ ഇന്നലെ റിൻസനെയും ഭാര്യ രേശ്മയെയും വിളിച്ചിട്ട് എടുക്കുന്നില്ലെന്നും സഹോദരൻ ജിൻസണെ വിളിച്ചപ്പോൾ, റിൻസനെ ചതിയിൽപ്പെടുത്തിയതായി സംശയിക്കുന്നതായി പറഞ്ഞെന്നും അമ്മാവൻ ചക്കാലക്കുടി തങ്കച്ചൻ പറഞ്ഞു.
റിൻസണെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രഹസ്യാന്വേഷണ വിഭാഗം ഒണ്ടയങ്ങാടിയിലെ വീട്ടിലെത്തി റിൻസന്റെ മാതാപിതാക്കളായ മുത്തേടത്ത് ജോസിൽനിന്നും ഗ്രേസിയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് എഡിജിപി ഇന്റലിജൻസിനു കൈമാറി.
ബംഗളൂരുവിലെ പഠനത്തിനുശേഷം 2015ലാണ് ഇരട്ടസഹോദരങ്ങളായ റിൻസണ് ജോസും ജിൻസണ് ജോസും നോർവെയിൽ ജോലിക്കായി പോയത്. റിൻസൺ നോർവെയിലെത്തി പൗരത്വം സ്വീകരിക്കുകയും പലവിധ ജോലികൾ ചെയ്യുകയും ചെയ്തു. പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങി. അവസാനമായി 2023 നവംബറിലാണ് റിൻസൺ നാട്ടിലെത്തിയത്. ജനുവരിയിൽ മടങ്ങുകയും ചെയ്തു.