"അന്നേ പറഞ്ഞതാണ്, ഭയക്കരുത്, ഒളിച്ചോടരുത്: രാഹുലിനെയും സോണിയയെയും പരിഹസിച്ച് മോദി
Friday, May 3, 2024 1:36 PM IST
കോല്‍ക്കത്ത: രാഹുൽ ഗാന്ധി യുപിയിലെ റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് മോദി പറഞ്ഞു.
പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍ ദുര്‍ഗാപുരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തു. റായ്ബറേലി വിട്ട് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലെത്തിയ സോണിയ ഗാന്ധിയെയും അദ്ദേഹം പരിഹസിച്ചു.
"കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്നും അവര്‍ ഒളിച്ചോടുമെന്നും ഞാന്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെനിന്ന് രാജ്യസഭയിലേക്ക് എത്തി. അവരുടെ യുവരാജാവ് വയനാട്ടില്‍ പരാജയപ്പെടാന്‍ പോവുകയാണെന്നും ഞാന്‍ നേരത്തെ പറഞ്ഞു. വയനാട്ടില്‍ പോളിംഗ് അവസാനിച്ചാല്‍ മറ്റൊരു സീറ്റുതേടി അദ്ദേഹം പോകുമെന്ന് ഞാന്‍ പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് പേടിയുള്ളതുകൊണ്ടാണ് റായ്ബറേലിയിലേക്ക് പോവുന്നത്. അവര്‍ എല്ലാവരോടും 'ഭയക്കരുത്' (ടരോ മത്) എന്ന് പറയുന്നു. എനിക്ക് അവരോട് പറയാനുള്ളത് "ഭയക്കരുത്, ഒളിച്ചോടരുത്' (ടരോ മത്, ഭാഗോ മത്) എന്നാണ്'- മോദി പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി രാഹുലിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.