ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് പൊള്ളിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
Wednesday, May 8, 2024 12:46 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബിജ്നോറിലാണ് സംഭവം. മെഹര്‍ ജഹാന് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പോലീസില്‍ പരാതി നല്‍കിയത്. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി മയക്കിക്കിടത്തിയ ശേഷമാണ് മനന്‍ സെയ്ദിയുടെ കൈകാലുകള്‍ കെട്ടിയിട്ടത്.
തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ ദേഹത്ത് കയറിയിരുന്നു മെഹര്‍ ജഹാന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണത്തിന് ശേഷം കുടുംബത്തെ ഉപേക്ഷിച്ച് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ മെഹര്‍ ജഹാന് നിര്‍ബന്ധിച്ചിരുന്നതായും പതിവായി ഭാര്യ യുവാവിനെ ഉപദ്രവിച്ചിരുന്നതായും പോലീസ് പറയുന്നു.
കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് മെഹറിനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസില്‍ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു.