സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു
Wednesday, May 8, 2024 5:30 PM IST
മുംബൈ: സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. ഏറെ നാളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ അണുബാധയെ തുടർന്ന് ആരോഗ്യനില വഷളായിരുന്നു.
തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ചലചിത്ര മേഖലയിൽ സംവിധായകനായും ഛായാഗ്രാഹകനായും അദ്ദേഹം തിളങ്ങി. യോധ, ഗാന്ധർവം, വ്യൂഹം തുടങ്ങിയ മലയാള ചലചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. യോദ്ധയിലൂടെ എ. ആർ. റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.
ബോളിവുഡിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്. ഭാര്യ - ജയശ്രീ, മക്കള്‍ - സജന, ശന്താനു.
പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനാണ് സംഗീത് ശിവൻ. പഠനശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.