ജീവനക്കാരുടെ സമരം; എയർ ഇന്ത്യ എക്പ്രസിനു ലേബർ കമ്മീഷണറിന്റെ രൂക്ഷ വിമർശനം
Thursday, May 9, 2024 1:36 AM IST
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ മാനേജ്മെന്റിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ഡല്‍ഹി ലേബര്‍ കമ്മീഷണര്‍. വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനു ഒരാഴ്ച മുമ്പ് മാനേജ്മെന്റിനെ പ്രതിക്കൂട്ടിലാക്കി ലേബര്‍ കമ്മീഷണര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്തുവന്നു.
ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റ് അനുരഞ്ജന ചര്‍ച്ചയ്ക്കുവച്ച ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയോടെ 300-ഓളം ക്യാബിന് ക്രൂ അംഗങ്ങള്‍ അസുഖബാധിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 90-ഓളം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ബുധനാഴ്ച റദ്ദാക്കിയത്.
തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ നടന്നുവെന്നാണ് റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ എയര്‍ ഇന്ത്യ ചെയര്മാന് നടരാജന് ചന്ദ്രശേഖറിനും മറ്റുള്ളവര്‍ക്കും അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.