കുഴിനഖം ചികിത്സിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കളക്ടര്‍ക്കെതിരേ കെജിഎംഒഎ
Thursday, May 9, 2024 1:05 PM IST
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരേ ഗുരുതര പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കുഴിനഖ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസമാണ് സംഭവം. തന്റെ സ്വകാര്യ ആവശ്യത്തിന് ഒരു ഡോക്ടറെ വിട്ടുതരണമെന്ന് ഡിഎംഒയെ വിളിച്ച് കളക്ടര്‍ അറിയിക്കുകയായിരുന്നു. ആദ്യം ഡിഎംഒ ഇതിന് തയാറായില്ല. പിന്നീട് വീണ്ടും വിളിച്ച് അധികാരം കലര്‍ന്ന സ്വരത്തില്‍ കളക്ടര്‍ ആവശ്യം ആവര്‍ത്തിച്ചു. ഇതോടെ ഡിഎംഒ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിച്ച് ഡോക്ടറെ വിട്ടുകൊടുക്കണമെന്ന് അറിയിച്ചു.
ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഒപി ചികിത്സ നിര്‍ത്തിവച്ച് കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തി ചികിത്സ ലഭ്യമാക്കി. ഡോക്ടര്‍ അവിടെയെത്തിയപ്പോള്‍ കളക്ടര്‍ ഒരു യോഗത്തിലായിരുന്നു. 25 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് ഡോക്ടര്‍ക്ക് കളക്ടറെ കാണാനായതെന്നും പരാതിയുണ്ട്.
കളക്ടർ അധികാര ദുർവിനിയോഗം നടത്തിയെന്നും ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. നേരത്തേ പേരൂര്‍ക്കട ആശുപത്രിയില്‍നിന്നും സര്‍ക്കാര്‍ ഡോക്ടറെ കളക്ടര്‍ സ്വകാര്യ ആവശ്യത്തിന് വിളിച്ചിട്ടുണ്ടെന്നും കെജിഎംഒഎ ആരോപിച്ചു.