ഇഡി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു: മുഖ്യമന്ത്രി
Thursday, March 28, 2024 8:05 PM IST
തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു. ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ചു. ജുഡീഷ്യറിയിൽ പോലും കൈ കടത്തുന്നുവെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ശരിയല്ലെന്ന് കോടതി തന്നെ പറഞ്ഞു. ബോണ്ട് വഴി പണം വേണ്ടെന്നു പറയാൻ സിപിഎം മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വനിയമഭേദഗതി ഭരണഘടന അംഗീകരിക്കുന്നില്ല. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് അഗീകരിക്കാനാകില്ല. പരിഷ്കൃത രാജ്യങ്ങൾ ഇത് അംഗീകരിക്കുന്നില്ലന്നും പിണറായി ആവര്‍ത്തിച്ചു.
ഏത് മതത്തിലും വിശ്വസിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഒരു മതത്തിലും വിശ്വാസിക്കാതെയും ജീവിക്കാം. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കുമെതിരെ നില കൊള്ളുന്നവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.