പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
Thursday, April 18, 2024 6:32 PM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇരുപത്തിനാലു മണിക്കൂറും തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നു. അദ്ദേഹം ബിജെപിക്കെതിരെ ഒന്നും പറയുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം തിരുനക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രണ്ട് മുഖ്യമന്ത്രിമാർ ജയിലിലാണ്. ഇഡി നിങ്ങളുടെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ബിജെപി എതിർക്കുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല.
ഈക്കാര്യത്തിൽ അതിശയം തോന്നുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മണിപ്പൂരിനെയടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി സൈന്യത്തിന് നിർദേശം നൽകിയാൽ മൂന്നു ദിവസം കൊണ്ട് മണിപ്പൂർ സംഘർഷം അവസാനിക്കുമെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു വർഷം ഒരു ലക്ഷം രൂപ ലഭ്യമാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവർ പങ്കെടുത്തു.