ചിത്രാഞ്ജലിക്ക് പുതിയ മുഖം; മലയാള സിനിമ തിരുവനന്തപുരത്തേക്ക്
ചിത്രാഞ്ജലിക്ക് പുതിയ മുഖം; മലയാള സിനിമ തിരുവനന്തപുരത്തേക്ക്
Thursday, August 11, 2016 4:01 AM IST
മലയാള സിനിമയുടെ കളിമുറ്റമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. ലോകത്തിന്റെ വിരിമാറിൽ മലയാള സിനിമയുടെ കയ്യൊപ്പു ചാർത്തുന്നതിൽ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പ്രഭാവം തള്ളിക്കളയാനാവാത്തതാണ്. ഒരു സിനിമ നിർമാണത്തിന്റെ ആലോചനയിൽ അതിന്റെ കഥാതന്തുവിൽനിന്ന് അഭ്രപാളിയിൽ പ്രദർശനം നടത്താൻ വരെയുള്ള സജ്‌ജീകരണങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ഇടയ്ക്കെവിടെയോ പ്രഭ മങ്ങിപ്പോയ ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്നു വിപ്ലവകരമായ മാറ്റത്തോടെ ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. ടെക്നോളജിയുടേയും സാങ്കേതിക വിദ്യയുടേയും അകമ്പടിയോടെ സജീവമായ ചിത്രാഞ്ജലിയിലേക്കു വീണ്ടും മലയാള സിനിമ തിരികെയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്. 1980കളിൽ ചലച്ചിത്ര നിർമാണ ശാഖയുടെ ക്ഷേമത്തിനായി കേരള സംസ്‌ഥാന സർക്കാർ ഒരുക്കിയതാണ് ഇന്നത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ. തിരുവനന്തപുരം പട്ടണത്തിന്റെ ഹൃദയ ഭാഗത്തിനടുത്തായി തിരുവല്ലത്ത് എൺപതേക്കറോളം വരുന്ന മലനിരകളും താഴ്വരകളുമായി പ്രകൃതി രമണീയമായ പ്രദേശം. ഇന്നു ലോക സിനിമയുടെ പട്ടികയിൽ ഒരു പൊൻതൂവൽപോൽ നിൽക്കുന്ന മലയാള സിനിമയുടെ വസന്തകാലത്തിന്റെ ചരിത്രം ഇവിടെ ചേർന്നു കിടക്കുന്നു.

ചിത്രാഞ്ജലി സ്റ്റുഡിയോ യുടെ സൗകര്യങ്ങളെ പൂർണമായി ഉപയോഗിച്ചു നിർമിച്ച ആദ്യ മലയാള സിനിമയായിരുന്നു നീലസാരി. അടൂർ ഗോപാലകൃഷ്ണന്റെ ലോകോത്തര സിനിമകളുടെ തട്ടകം ചിത്രാഞ്ജലിയായിരുന്നു. തിരുവനന്തപുരം നഗരം മലയാള സിനിമയുടെ ചരിത്രവഴികളിൽ നാഴികക്കല്ലായി മാറിയത് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മികവു കൊണ്ടാണ്. എന്നാൽ ഇടയ്ക്കെപ്പഴോ അധികാര രാഷ്ട്രീയ ഇടപെടൽ തീർത്ത അപചയം സ്റ്റുഡിയോയുടെ വളർച്ചയെ ബാധിച്ചു. അവിടെ നിന്നും ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ചിത്രാഞ്ജലി ഇന്ന്. നിറവർണഭേദമായ സൗകര്യങ്ങളും ലോകോത്തര സജ്‌ജീകരണങ്ങളുമായി മലയാള സിനിമാ ബോധത്തിന്റെ ദിശാമാറ്റത്തിനു ഹേതുവായി ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോ ഒരു വടവൃക്ഷമായി വളർന്നു നിൽക്കുന്നു. അതിൽ നിന്നും ഫലങ്ങൾ പറിച്ചെടുത്താൽ, സിനിമ മേഖലയ്ക്കു ഇതിനേക്കാൾ മികച്ചൊരു തണൽ മറ്റെങ്ങും ലഭ്യമാകില്ല എന്നു ചിത്രാഞ്ജലി ഓർമപ്പെടുത്തുന്നു. കോടികളുടെ ഇടപെലുകളുള്ള സിനിമാ നിർമാണ മേഖലയിൽ അതിനായി ഇറങ്ങിത്തിരിക്കുന്നവർ നഷ്ടങ്ങളുടെ കാണാക്കയത്തിൽ വീണുപോകാതിരിക്കാൻ തക്ക കാലോചിതമായ സൗകര്യങ്ങളും സജ്‌ജീകരണങ്ങളും ഇവിടെ ഇന്നു തയാറായി കഴിഞ്ഞിരിക്കുന്നു. ക്ലാസിക്– ആർട്ട് സിനിമകളോടൊപ്പം തിയറ്ററുകളിൽ വലിയ വിജയം നേടുന്ന കൊമേഴ്സ്യൽ ചിത്രങ്ങളും ഇവിടെ നിന്നും പിറന്നു വീഴുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കെടുക്കാൽ 62 ചിത്രങ്ങളോളം ഇവിടെ രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ 40 ൽ അധികം ഡോക്യുമെന്ററികളും. കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രമായ അടി കപ്യാരെ കൂട്ടമണി, ദേശീയ–സംസ്‌ഥാന പുരസ്കാര നിറവിലുള്ള വിനോദ് മങ്കരയുടെ പ്രിയമാനസം, സനൽകുമാർ ശശിധരന്റെ ഒഴിവു ദിവസത്തെ കളി, മനോജ് കാനയുടെ അമീബ എന്നിങ്ങനെ നീളുന്നതാണ് കഴിഞ്ഞ വർഷം ഇവിടെ നിന്നെത്തിയ ചിത്രങ്ങൾ. ഈ വർഷവും മലയാള സിനിമ വീണ്ടും ചിത്രാഞ്ജലിയിലേക്കെത്തുകയാണ്. മുപ്പതോളം ചിത്രങ്ങളുടെ വർക്കുകൾ ഇവിടെ നടന്നു കഴിഞ്ഞു. ജൂലൈ മാസം ആറു ചിത്രങ്ങളുടെ വർക്കാണ് ഇവിടെ നടക്കുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം പിന്നെയും, വിനോദ് മങ്കരയുടെ കാംബോജി, വിജയ് മേനോൻ സംവിധാനം ചെയ്യുന്ന വിളക്കു മരം, ജയരാജിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വീരം തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇവിടെ തുടരുകയാണ്. ഒപ്പം കൊമേഴ്സ്യൽ വിജയം നേടാനെത്തുന്ന ഒരുപിടി ചിത്രങ്ങളും.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ11ിയ2.ഷുഴ മഹശഴി=ഹലളേ>

<യ> സിനിമ നിർമാണം– മികച്ച ലൊക്കേഷൻ, സെറ്റ്

സാമ്പത്തിക സ്രോതസിന്റെ ബലമാണ് സിനിമ വ്യവസായത്തെ പിടിച്ചു നിർത്തുന്നത്. അതിനോടൊപ്പം ചിത്രാഞ്ജലിയുടെ പിൻബലം കൂടിയാകുമ്പോൾ നഷ്ടത്തിന്റെ വലിയ കണക്കിലേക്കെത്താതെ ഓരോ ചലച്ചിത്രത്തിനെയും തിയറ്ററുകളിലെത്തിക്കാൻ കഴിയും. സിനിമ നിർമാണ മേഖലയിൽ നിർമാതാവിന് അനാവശ്യ നഷ്ടങ്ങളുണ്ടാക്കാതെ ചിത്രം പൂർത്തിയാക്കാനുള്ള സൗകര്യങ്ങളാണ് ചിത്രാഞ്ജലി ഒരുക്കിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ ഷൂട്ടിംഗ് ഫ്ളോറിന്റെ സജ്‌ജീകരണം ഇന്നു ചിത്രാഞ്ജലിയിൽ ഒരുങ്ങിക്കഴിഞ്ഞു. ചലച്ചിത്ര നിർമാണത്തിനാവശ്യമായ ലൈറ്റ്, സെറ്റ്, അനുബന്ധ ഉപകരണങ്ങളുടെ റേറ്റ് ആദ്യമേ ചിത്രാഞ്ജലിയിൽ ലഭിക്കുന്നത് നിർമാതാവിന് ചിത്രത്തിന്റെ കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് എളുപ്പമാകുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ വസ്തുതകളെ ചിത്രാഞ്ജലി സജ്‌ജമാക്കികഴിഞ്ഞു. പോലീസ് സ്റ്റേഷൻ, ആശുപത്രി, ക്ഷേത്രങ്ങൾ, ഗ്രാമീണ വീടുകൾ, സർക്കാർ ഓഫീസുകൾ തുടങ്ങി വനത്തിന്റെ അന്തരീഷം വരെ ചിത്രാഞ്ജലിയിൽ ഇന്നുണ്ട്. ചിത്രനിർമാണത്തിനായി എത്തിയാൽ മറ്റൊന്നിനും വേണ്ടി പുറത്തേക്കുകടക്കേണ്ട ആവശ്യം വരുന്നില്ല. ഓരോ ചിത്രത്തിന്റെയും അണിയറപ്രവർത്തകർക്കു സൗകര്യാർത്ഥം താമസിക്കാനുള്ള എ.സി അപ്പാർട്ടുമെന്റുകളും ഡോർമെറ്ററിയും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

<യ> നൂതന ടെക്നോളജികൾ

ഇന്നു കേരളത്തിൽ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു മാത്രം അവകാശപ്പെടാവുന്ന ഒട്ടനവധി സജ്‌ജീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചലച്ചിത്രം ദൃശ്യകലയാണ്. അതിനായി ഷൂട്ടുചെയ്യുന്ന ദൃശ്യങ്ങളെ കൃത്യതയോടും തെളിവോടും സ്ക്രീനിൽ കാണിക്കുന്നതിനാവശ്യമായ ബേസ് ലൈറ്റ് കളർ കറക്ഷൻ ഡി.എ യൂണിറ്റ് പോലുള്ള ആധുനിക സാങ്കേതിക വിദ്യയാണ് ചിത്രാഞ്ജലിയിലുള്ളത്. ഇംഗ്ലണ്ടിൽ നിന്നും ഒന്നരക്കോടിയോളം രൂപ ചെലവിൽ ഫിലിം ലൈറ്റ് എന്ന കമ്പനിയാണ് ചിത്രാഞ്ജലിയിൽ ഈ സൗകര്യത്തെ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്രത്തിന്റെ ദൃശ്യ മികവിന് ആവശ്യമായ ബേസ് കളർ ലൈറ്റ് കറക്ഷൻ രണ്ടര ലക്ഷം രൂപയിൽ ചിത്രാഞ്ജലിയിൽ ഉപയോഗിക്കാനാവുന്നതാണ്. എന്നാൽ ഇതേ സൗകര്യങ്ങൾ നാലരലക്ഷം രൂപ ചെലവിൽ മറ്റു സംസ്‌ഥാനങ്ങളിൽ ചെയ്യേണ്ടി വരുന്നതോ ർക്കുമ്പോൾ ചിത്രാഞ്ജലിയുടെ വളർച്ച പടവുകളിലെ ഒരു പൊൻതൂവലാണ് കാലോചിതമായ ടെക്നോളജിയുടെ സൗകര്യങ്ങൾ. സ്ക്രീനിൽ വരുന്ന ദൃശ്യങ്ങൾ പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങണമെങ്കിൽ കളർ കറക്ഷൻ ബേസ് ലൈറ്റിൽ നടത്താനാണ് സിനിമ ടെക്നീഷ്യൻമാർ മുൻഗണന കൊടുക്കുന്നത്. ഓരോ സിനിമയുടേയും ഡിഎ ചെയ്യുമ്പോൾ ഇവിടത്തെ ടെക്നോളജി പ്രകാരം ഓരോ ഷോട്ടുമെടുത്താണ് കളറിംഗ് ചെയ്യാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമയുടെ മൊത്തം ഷോട്ടിന്റെ എണ്ണത്തിനന്നുസരിച്ചാണ് അതിന്റെ വർക്കു തീരുന്നത്. ഷൂട്ടു ചെയ്യുന്ന കറക്ട് റെഫറൻസിൽ തന്നെ ചിത്രത്തിന് കളറിംഗ് ചെയ്യാൻ സാധിക്കുന്നു. ഫൈനൽ വർക്കിൽ ഗ്രേഡ് ചെയ്യാൻ ഒരാളും കൺഫേം ചെയ്യാനായി മറ്റൊരാളുമാണ് ഇവിടെയുള്ളത്. അതിനായി തിയറ്ററിലിരുന്നു കാണുന്ന വിഷ്വലിൽ തന്നെ വർക്കിലും കാണാനാവുന്ന വിധമുള്ള സൗകര്യം ഇവിടെയുണ്ട്. അതു സിനിമയുടെ വിഷ്വൽ മികവിനെ വളരെയേറെ ഗുണം ചെയ്യുന്നു. കൂടാതെ ഒരു പ്രിവ്യു ഷോയ് ക്കുള്ള അവസരവും കിട്ടുന്നു. നാളെയുടെ സൗകര്യങ്ങൾ ഇന്നേ ചിത്രാഞ്ജലിയിൽ ഒരുങ്ങിക്കഴിഞ്ഞു.


ഇന്നു സിനിമയ്ക്കൊഴിച്ചു കൂടാനാവാത്ത ഗ്രീൻ മാറ്റ് ഫ്ളോർ വിശാലമായി ഇവിടെ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. 14 മീറ്റർ നീളവും 11 മീറ്റർ വീതിയും 5 മീറ്റർ ഉയരവുമുള്ള ഗ്രീൻ മാറ്റ് ഫ്ളോർ സ്‌ഥിരം സംവിധാനമാണ് ഇവിടെ. മികച്ച രീതിയിൽ ലൈറ്റ് അപ്പ് ചെയ്യാൻ കഴിയുന്ന സംവിധാനമായതിനാൽ സിനിമ– പരസ്യ നിർമാണത്തിന് ഇതു വളരെ ഫലപ്രദമാകുന്നു. ശാസ്ത്രീയമായി രൂപകല്പന ചെയ്ത വിശാലവും ആധുനിക സൗകര്യങ്ങളോടൊത്തു ചേർന്നതുമായ ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിംഗ് വർക്കുകൾ, സൗണ്ട് മിക്സിംഗ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ തയ്യാറാണ്. ഒരേ സമയം നിരവധി സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളാണ് ഇന്നിവിടെ നടക്കുന്നത്. ഷൂട്ടിംഗ് സജ്‌ജീകരണങ്ങളൊരുക്കുന്നതിനൊപ്പം രണ്ടു പുതിയ എസി യൂണിറ്റ് ബസ് സൗകര്യവും ചിത്രാഞ്ജലി ഒരുക്കുന്നുണ്ട്. ടെക്നീഷ്യൻമാർ തുടങ്ങി സിനിമയിലെ പ്രവർത്തകർക്ക് അധിക ബാധ്യതയില്ലാതെയാണ് ബസ് യൂണിറ്റിന്റെ പ്രയോജനം നൽകുന്നത്. സിനിമ നിർമാണത്തിന്റെ ബുദ്ധിമുട്ടും പ്രതിസന്ധിയും മനസിലാക്കി നിർമാതാക്കൾക്കു മികച്ച പിന്തുണ നൽകാൻ കെ.എസ്.എഫ്.ഡി.സി എന്നും ശ്രദ്ധിക്കുന്നു. സിനിമ മേഖലയെ താങ്ങി നിർത്തുന്നതിൽ ധൈര്യത്തോടെ ചിത്രാഞാജലി സ്റ്റുഡിയോ ഒരുങ്ങിക്കഴിഞ്ഞു.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ11ിയ3.ഷുഴ മഹശഴി=ഹലളേ>

<യ> സബ്സിഡിയും പ്രോത്സാഹനവും

സിനിമയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രാഞ്ജലി മുഖേന സിനിമകൾക്കു അഞ്ചു ലക്ഷം രൂപയുടെ സബ്സിഡിയാണ് ഗവൺമെന്റ് നൽകുന്നത്. ചിത്രാഞ്ജലിയുടെ സ്റ്റുഡി യോ മാനേജർ എസ്. ബാലകൃഷ്ണൻ പറയുന്നതിങ്ങനെയാണ്, ‘ഇപ്പോൾ ചിത്രാഞ്ജലി സ്റ്റുഡിയോ എല്ലാവരും അറിയുന്നു. ആർട്ട് സിനിമകളോടൊപ്പം കൊമേഴ്സ്യൽ ചിത്രങ്ങളും ഇവിടേക്കെത്തുന്നു. കഴിഞ്ഞ വർഷത്തെ സംസ്‌ഥാന പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളിൽ കൂടുതലും നമ്മുടേതായിരുന്നു. ഇവിടെ ചെയ്യുന്ന ചിത്രങ്ങൾക്കു സബ്സിഡിയും അനുവദിക്കുന്നു. കേരളത്തിനകത്തു ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഇവിടുത്തെ ടെക്നിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ സബ്സിഡിയിനത്തിൽ ലഭിക്കുന്നു. അതു കാലതാമസമില്ലാതെ ഞങ്ങളാണ് നേരിട്ടു ചിത്രത്തിന്റെ നിർമാതാവിനു നൽകുന്നത്. ഗവൺമെന്റിൽ നിന്നും പിന്നീടു ഞങ്ങളതു് വാങ്ങുന്നു. ഒരു ചിത്രം സെൻസർ കഴിഞ്ഞാൽ ഉടൻതന്നെ സബ്സിഡി ലഭിക്കുന്നു. നേരത്തെ മാസങ്ങളും വർഷങ്ങളും നിർമാതാവ് ഇതിനായി കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇത്ര വേഗത്തിലുള്ള സൗകര്യം ഇന്ത്യയിൽ ഇന്നു കേരളത്തിൽ മാത്രമാണുള്ളത്.’

കെഎസ്എഫ്ഡിസി വഴി കുട്ടികളുടെ ചിത്രത്തിനും മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ സബ്സിഡി നൽകുന്നുണ്ട്. ഇതോടൊപ്പം ഷോർട്ടു ഫിലിമിനും ഡോക്യുമെന്ററികൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. സിനിമ നിർമാതാക്കൾക്കും ടെക്നീഷ്യൻമാർക്കും മികച്ച അവസരങ്ങളും പിന്തുണയുമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ നൽകുന്നത്.

മലയാള ചലച്ചിത്രശാഖയുടെ ക്ഷേമത്തിനും അതിന്റെ വികസനത്തിനുമായാണ് ചിത്രാഞ്ജലി സ്റ്റുഡിയോ നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ സുതാര്യമായ രീതിയിലാണ് ടെക്നീഷ്യൻമാരെയും ജീവനക്കാരെയും തിരഞ്ഞെടുക്കുന്നത്. പി എസ് സി മുഖേന ക്ലാർക്ക് ജീവനക്കാരേയും ടെക്നീഷ്യൻമാരെയും നിയമിക്കുന്നു. എന്നാൽ ചലച്ചിത്ര ടെക്നീഷ്യൻമാർ അവരുടെ കർമ്മ മണ്ഡലത്തിൽ നിപുണരായിരിക്കണം. അതുകൊണ്ടു തന്നെ മിക്സിംഗ്, റീ റിക്കോർഡിംഗ്, എഡിറ്റിംഗ്, ഡി എ വർക്കുകൾക്കായി ടെക്നീഷ്യൻമാരെ മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങുന്ന പ്രതിഭകളെ ഉയർന്ന വേതനം നൽകിയാണ് സ്റ്റുഡിയോയിൽ നിയമിക്കുന്നത്. എന്നാൽ സ്റ്റുഡിയോ ജീവനക്കാരുടെ വേതനം സർക്കാർ വഹിക്കുന്നില്ല. സ്റ്റുഡിയോ നവീകരണത്തിനും ഉപകരണങ്ങൾ വാങ്ങാനും സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ വേതനം കണ്ടെത്തേണ്ടത് അവിടെ ലഭിക്കുന്ന സിനിമകളുടെ വർക്കിൽ നിന്നുമാണ്. എങ്കിലും പുത്തനുണർവിൽ മികച്ച രീതിയിൽ സിനിമകളുടെ വർക്കു നടക്കുന്നതിനാൽ ഇപ്പോൾ സ്റ്റുഡിയോ ലാഭത്തിലാണ് പോകുന്നതും.

അവസരങ്ങളുടെ വാതിൽ തുറന്നുകൊണ്ട് ചിത്രാഞ്ജലി മാറ്റത്തിന്റെ പാതയിലാണ്. ഒരു സിനിമയ്ക്കു വേണ്ട എല്ലാ സജ്‌ജീകരണങ്ങളോടും കൂടെ കേരളത്തിന്റെ സിനിമാ സങ്കൽപത്തിന് ഒരുപടി മുന്നിലെത്താനുള്ള ശ്രമത്തിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. വീണ്ടും സിനിമയുടെ സിരാകേന്ദ്രമായി തിരുവനന്തപുരം മാറുകയാണ്. മലയാള സിനിമയുടെ യശസ്സ് ലോകത്തിലേക്കു പരക്കാൻ ചിത്രാഞ്ജലിയുടെ പിന്തുണ വലുതാണ്. ഇനിയും അതു വിജയകരമായി തുടരട്ടെ എന്നാശംസിക്കാം.

<യ> ചരിത്രം പറയുന്ന സിനിമാ മ്യൂസിയം

സിനിമാ ചരിത്രത്തിന്റെ ഇന്നലകളുടേയും ഇന്നിന്റെയും ഒരായിരം കഥകൾ പറഞ്ഞു കൊണ്ടു സിനിമ മ്യൂസിയം ഇവിടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ വിഗതകുമാരൻ മുതലുള്ള മലയാള സിനിമയുടെ വളർച്ചയും ജീവിതവും പറയുന്നതാണ് ഈ ചുമരുകളിലെ ഓരോ ചിത്രവും. ആദ്യ കാലത്തു ഉപയോഗിച്ചിരുന്ന കാമറയും ക്രെയ്നും ഉപകരണങ്ങളുമടക്കം സിനിമയുടെ ജീവിതചക്രം സിനിമ ആസ്വാദകനായി തയാരാക്കിയിരിക്കുന്നു. ചുമരുകളിലൂടെ കണ്ണോടിച്ചാൽ ദേശീയ, അന്തർദേശിയ തലത്തിലേക്കു മലയാളത്തിന്റെ കയ്യൊപ്പെത്തിയ ചിത്രങ്ങളുടെ ചരിത്രം കാണാം. സംസ്‌ഥാന– ദേശീയ പുരസ്കാര നിറവും മലയാള സിനിമയുടെ നേട്ടങ്ങളും തുടങ്ങി കാമറയ്ക്കു മുന്നിലും പിന്നിലും അത്ഭുതം വിരിയിച്ച പ്രതിഭകളുടെ സംഭാവനകളും അടങ്ങുന്ന വലിയൊരു ചരിത്ര ഏടുകൾ ഇവിടെ നിരത്തിയിരിക്കുന്നു.

<യ> ഇവിടെ സുരക്ഷിതം–ഗതകാല സിനിമകൾ

മലയാള സിനിമയുടെ ചരിത്രം ഇന്നുറങ്ങുന്നത് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ലൈബ്രറിയിലാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ മുതലുള്ള മലയാള സിനിമകളുടെ ലഭ്യമായ ഫിലിമുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. സാധാരണ അന്തരീക്ഷത്തിൽ ഇവ നശിച്ചുപോകുമെന്നതിനാൽ 20 സെന്റി ഗ്രേഡിൽ ഊഷ്മാവിനെ നിലനിർത്തിയിരിക്കുന്ന പ്രത്യേക മുറിയിലാണ് ഈ ചരിത്ര ഏടുകളെ സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പല സ്റ്റുഡിയോകളിൽ നിന്നും ശേഖരിച്ചാണ് മലയാള ചിത്രങ്ങലുടെ ഫിലിമുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. അതിൽ അക്കാലത്ത് തിയറ്ററിലെത്താതെ പോയ ചിത്രങ്ങളുടെ ഫിലിമുകളും ഉൾപ്പെടുന്നു. എന്നാൽ ഫിലിം പ്രൊജക്ടു ചെയ്യാനുള്ള സൗകര്യം ഇക്കാലത്ത് തിയറ്ററുകളിലില്ല. ഇനിയുള്ള തലമുറയ്ക്കു വേണ്ടി ഇവയൊക്കെ ഹാർഡ് ഡിസ്കിൽ ഡിജിറ്റൽ ഫോർമാറ്റിലേക്കു മാറ്റാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ളവർ. ഇതിന്റെയൊക്കെ ചെലവ് വഹിക്കുന്നത് കെ.എസ്.എഫ്.ഡി.സിയാണ്.

–<യ>ലിജിൻ കെ. ഈപ്പൻ