മലയാളം വിട്ട് മഞ്ജിമയും
കീർത്തി സുരേഷിനു ശേഷം മലയാളത്തിൽ നിന്നും മറ്റൊരു നായികകൂടി തമിഴിൽ ചുവടുറപ്പിക്കുന്നു. തമിഴകത്തിലെ പുത്തൻ നായികതാരമാണ് മഞ്ജിമ മോഹൻ. സംവിധായകൻ ഗൗതം മേനോൻ ഒരുക്കിയ അച്ചം യെമ്പതു മടമെയ്ടയിൽ ചിമ്പുവിന്റെ നായികയാണ് ഈ താരം. നേരത്തെ നിവിൻ പോളിയ്ക്കൊപ്പം ഒരു വടക്കൻ സെൽഫിയിലെത്തിയിരുന്നു മഞ്ജിമ. ചെറിയൊരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകർ മഞ്ജിമയെ കാണുന്നത് ഈ തമിഴ് ചിത്രത്തിലൂടെയാണ്.

കാമറാമാൻ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ. പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഞ്ജിമയെ പിന്നീടു നമ്മൾ കണ്ടത് ഒരു വടക്കൻ സെൽഫിയിൽ ഡെയ്സി എന്ന നായിക കഥാപാത്രമായിട്ടാണ്. ആദ്യ ചിത്രം കൊണ്ടു തന്നെ മലയാളികളുടെ ഇഷ്ടം നേടിയ ഈ താരത്തിനു പിന്നീടു മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ കിട്ടിയില്ല എന്നതാണു സത്യം. തനിക്കു മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ കിട്ടിത്തതിനാലാണ് അന്യഭാഷ സിനിമകളിൽ അഭിനയിക്കുന്നത് എന്നു മഞ്ജിമ തന്നെ പറഞ്ഞിട്ടുള്ളതാണ്.

മലയാളം കൈവിട്ടെങ്കെലും ദക്ഷിണേന്ത്യൻ സിനിമ ലോകം ഇരുകൈയ്യും നീട്ടിയാണ് മഞ്ജിമയെ സ്വീകരിച്ചത്. ഗൗതം മേനോന്റെ സംവിധാനം, എ.ആർ റഹ്മാൻ സംഗീതം, ചിമ്പുവിന്റെ നായികയായി തമിഴിലേക്കും നാഗചൈതന്യയുടെ നായികയായി തെലുങ്കിലേക്കും സ്വപ്ന തുല്യമായ തുടക്കമാണ് മഞ്ജിമയ്ക്കു ലഭിച്ചത്. തമിഴിൽ അച്ചം യെമ്പതു മടമെയ്ട എന്ന പേരിലും തെലുങ്കിൽ സാഹസം സ്വാസഗ സഗിപോ എന്നപേരിലുമാണ് സിനിമ എത്തിയത്. ഇരു സിനിമാ മേഖലയിലും ലീല എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്റെ മേൽവിലാസം അറിയിക്കാൻ മഞ്ജിമയ്ക്കു കഴിഞ്ഞു. ചിത്രത്തിനോടൊപ്പം മഞ്ജിമയും പ്രേക്ഷകന്റെ മനസിൽ സ്‌ഥാനം പിടിച്ചിരിക്കുന്നു. തന്റെ അടുത്ത സിനിമ ഏതെന്ന കാത്തിരിപ്പിലേക്കു പ്രേക്ഷകനെ കൊണ്ടെത്തിക്കാൻ കഴിഞ്ഞതാണ് മഞ്ജിമയുടെ വിജയം.


മലയാളത്തിലേക്കുള്ള മഞ്ജിമയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. തമിഴിൽ വിക്രം പ്രഭുവിന്റെ നായികയായി എത്തുന്ന മുടി സൂടാ മന്നൻ, ഉദയനിധി സ്റ്റാലിനൊപ്പമുള്ള ചിത്രം എന്നിവയാണ് മഞ്ജിമയുടെ പുതിയ സിനിമകൾ.