ഭരതൻ
ഭരതൻ
Wednesday, December 21, 2016 6:21 AM IST
ഡയറക്ടർ സ്പെഷൽ

മുഖ്യധാരയിലുള്ള ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാൻ മടിക്കുന്ന വിഷയങ്ങൾക്കുപോലും ദൃശ്യാവിഷ്കാരം നൽകിയ സംവിധായകനാണു ഭരതൻ. അതീവ സൂക്ഷ്മതയോടെ കൈകാര്യംചെയ്തില്ലെങ്കിൽ പാളിപ്പോകാവുന്ന ഇത്തരം പ്രമേയങ്ങൾ, പൊതുസമൂഹം സ്വീകരിക്കുന്നവിധമുള്ള ക്ലാസിക് ചിത്രങ്ങളാക്കിമാറ്റാൻ ഭരതനു സാധിച്ചു. അനന്യമായ ഇദ്ദേഹത്തിന്റെ ഈ കഴിവിനെ ചലച്ചിത്ര പ്രേമികൾ ഭരതൻ സ്പർശം എന്നു വിളിച്ചു.

ചിത്രകാരൻ കൂടിയായ ഇദ്ദേഹം ഒരുക്കുന്ന ഫ്രെയിമുകൾ സിനിമയ്ക്കു നൽകുന്ന ദൃശ്യമനോഹാരിതയ്ക്കു കണക്കില്ല. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം തന്റെ സിനിമകളുടെ പശ്ചാത്തലമാക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചു. കൃത്യമായി വരച്ചു തയാറാക്കുന്ന സ്റ്റോറി ബോർഡോടുകൂടി ചിത്രീകരണം നടത്തുന്ന അപൂർവം സംവിധായകരിൽ ഒരാളായിരുന്നു ഭരതൻ. ചലച്ചിത്ര സംവിധാനത്തിനു പുറമേ തിരക്കഥ, ഗാനരചനയിലും സംഗീത സംവിധാനത്തിലും തന്റെ പ്രാവീണ്യം ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ഭരതന്റെ ജനനം. ഗന്ധർവ്വക്ഷേത്രം എന്ന ചിത്രത്തിൽ കലാസംവിധായകനായാണു സിനിമയിൽ തുടക്കംകുറിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചതിനുശേഷം സംവിധായക കുപ്പായം അണിഞ്ഞു. പത്മരാജന്റെ കഥ ആദ്യമായി സിനിമയാക്കിയ പ്രയാണമായിരുന്നു ഭരതന്റെ ആദ്യചിത്രം. ചലച്ചിത്ര നിർമാണത്തിൽ അപൂർവമായൊരു കൈപ്പടയാണു തനിക്കുള്ളതെന്ന് ആദ്യചിത്രത്തിലൂടെതന്നെ ഇദ്ദേഹം തെളിയിച്ചു. വൃദ്ധനായ ബ്രാഹ്മണപൂജാരി തന്റെ മകളേക്കാളും പ്രായക്കുറവുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്ന കഥയാണ് പ്രയാണത്തിന്റേത്. തന്മയത്വമാർന്ന ചിത്രീകരണത്തിലൂടെ ഭരതൻ തന്റെ പ്രേക്ഷകരെ അതുവരെ അവർക്ക് അന്യമായിരുന്ന സംവേദനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. യഥാസ്‌ഥീയരായ ചില മലയാളി പ്രേക്ഷകരെ ഈ പുതുകാഴ്ച ഞെട്ടിച്ചു എങ്കിലും ബഹുഭൂരിപക്ഷംവരുന്ന സാധാരണ പ്രേക്ഷകർ ചിത്രത്തെ ഇരുകൈയുംനീട്ടി സ്വീകരിച്ചു. പദ്മരാജനുമായുള്ള കൂട്ടുകെട്ടിൽ ഇദ്ദേഹം പിന്നീട് തകര, രതിനിർവേദം എന്നിവ ഉൾപ്പെടെ ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു. രതിനിർവേദത്തിൽ കൗമാര സ്വപ്നങ്ങൾ കൈകാര്യം ചെയ്തപ്പോൾ തകരയിൽ ബുദ്ധിയുറയ്ക്കാത്ത ഒരു ചെറുപ്പക്കാരനു സമൂഹവുമായുള്ള ബന്ധമാണ് വിശകലനംചെയ്തത്.

എൺപതുകളുടെ തുടക്കത്തിൽ പ്രകടമായ വ്യത്യാസത്തോടെയാണ് ഭരതന്റെ കരിയറിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. ചാമരം, മർമ്മരം, പാളങ്ങൾ, എന്റെ ഉപാസന തുടങ്ങിയ ചിത്രങ്ങളിലൂടെ ഇക്കാലത്ത് മലയാള സിനിമയിലെ കാൽപനിക തരംഗത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. പ്രേക്ഷകരുടെ ഹൃദയസങ്കൽപങ്ങൾക്ക് യോജിച്ചവിധം ഈണമിട്ട മനോഹരഗാനങ്ങൾ ഈ ചിത്രങ്ങൾക്കു ജീവനേകി. ജോൺ പോളായിരുന്നു ഈ ചിത്രങ്ങളുടെ രചന നിർവഹിച്ചത്. ഭരതന്റെ കൂടുതൽ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയതും ജോൺ പോളാണ്. ഓർമയ്ക്കായി, കാതോടു കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി, മാളൂട്ടി തുടങ്ങിയ ഉൾപ്പെടെ പന്ത്രണ്ട് മനോഹരചിത്രങ്ങൾ ജോൺ പോളിന്റെ തിരക്കഥയിൽ ഇദ്ദേഹം സംവിധാനംചെയ്തു.


എം.ടി. വാസുദേവൻ നായരുമൊത്തുള്ള കൂട്ടുകെട്ടിൽ പിറന്ന ഭരതൻ ചിത്രങ്ങൾക്ക് ഉൽകൃഷ്ടസ്‌ഥാനമാണുള്ളത്. ഭരതന്റെ മാസ്റ്റർ പീസ് ആയി കണക്കാക്കപ്പെടുന്ന വൈശാലിയാണ് ഇതിൽ പ്രഥമസ്‌ഥാനത്ത്. മഹാഭാരതത്തിലെ ഒരു അപ്രധാന കഥാപാത്രമായ വൈശാലിയെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചത്. തന്റെ തനതുശൈലിയിൽ എം.ടി. സൃഷ്ടിച്ച ഈ കഥ, പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയ വിലമതിക്കപ്പെടാനാവാത്ത ഒരു സൃഷ്ടിയായി മാറി. താഴ്വാരം എം.ടിയുമായുള്ള കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ചിത്രമാണ്.

ലോഹിതദാസിന്റെ രചനയിൽ തയാറാക്കിയ അമരം ഭരതന്റെ അമൂല്യസൃഷ്ടികളിൽ ഒന്നാണ്. കടലും തീരവും പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം ചെമ്മീനിനുശേഷം മലയാളി പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച മറ്റൊരു മുക്കുവക്കഥയായിരുന്നു. വെങ്കലം, പാഥേയം എന്നീ ചിത്രങ്ങളും ലോഹിതദാസിന്റെ തിരക്കഥയിൽ ഒരുക്കിയതാണ്.

മികച്ച ചിത്രമൊരുക്കാൻ കലാകാരന് ഭാഷ ഒരു പ്രശ്നമല്ലെന്നു തമിഴ് ചിത്രമായ തേവർ മകനിലൂടെ ഭരതൻ തെളിയിച്ചു. ശിവാജി ഗണേശനെയും കമലഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച തേവർ മകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ഗണത്തിലാണുള്ളത്. നാൽപതു മലയാളചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത ഇദ്ദേഹം 52–ാമത്തെ വയസിൽ അന്തരിച്ചു.

ഗോൾഡൻ മൂവീസ്

* പ്രയാണം
കൊട്ടാരക്കര ശ്രീധരൻ നായർ, ലക്ഷ്മി
* ചാമരം
നെടുമുടി വേണു, പ്രതാപ് പോത്തൻ, സെറീനാ വഹാബ്
* തകര
പ്രതാപ് പോത്തൻ, സുരേഖ
* വൈശാലി
സഞ്ജയ്, സുവർണ
* അമരം
മമ്മൂട്ടി, മാതു

–തയാറാക്കിയത്: സാലു ആന്റണി