തൃശിവപേരൂർ ക്ലിപ്തം
ആമ്മേൻ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാൻഡ്സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ്ഖാനും ഷലീൽ അസീസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണ് തൃശിവപേരൂർ ക്ലിപ്തം. നവാഗതനായ രതീഷ് കുമാർ ഈ ചിത്രം സംവിധാനംചെയ്യുന്നു. തൃശൂരിന്റെ ഭാഷ, സംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്ക്കെല്ലാം ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. പൂർണമായും നർമമുഹൂർത്തങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നു.

തൃശൂർ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തന്റേടിയായ ഒരു പെൺകുട്ടിയെ വ്യത്യസ്ത സ്വഭാവക്കാരായ നാലുപേർ പ്രണയിക്കുന്നതോടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തൃശൂർ നഗരത്തിലെ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരവും ഈ ചിത്രത്തിന്റെ മറ്റൊരു ഭാഗമാണ്.

ഡേവിഡ് പോളി, മിലിട്ടറിയിൽനിന്നും വോളന്ററി റിട്ടയർമെന്റു വാങ്ങിയ കാർഗിൽ ബാഹുലേയൻ, ഫിലിപ്പ് കണ്ണടക്കാരൻ എന്നിവരാണ് ഒരു ഗ്രൂപ്പിലുള്ളത്. ഈ സംഘത്തിലേക്ക് നാട്ടുമ്പുറത്തുകാരനും സാധുവുമായ ഒരു മേനോൻകുട്ടി, ഗിരിജാ വല്ലഭനെന്ന ഗിരി എത്തുന്നതോടെ പുതിയ വഴിത്തിരിവുകളും ഉണ്ടാകുന്നു.

ചെമ്പാടൻ ജ്വല്ലറിയുടമ ജോയിയുടെ നേതൃത്വത്തിലുള്ളതാണു മറ്റൊരു സംഘം. അടിപൊളി പീറ്റർ, പുളിക്കലെ സോമൻ എന്നിവരാണ് ഈ സംഘത്തിലെ മറ്റംഗങ്ങൾ. ഈ നഗരത്തിലെ പ്രധാന ആചാരങ്ങളുടെ പേരലാണ് ഇവരുടെ തർക്കം നിലനിൽക്കുന്നത്. ഇതിന്റെപേരിൽ പരസ്പരം ചെളിവാരിയെറിയുകയും പരസ്പരം പാരപണിയുകയും ചെയ്തുപോന്നു. ഇതിനിടയിലാണ് ഗിരിയുടെ സാന്നിധ്യത്തിലൂടെ പുതിയ തലങ്ങൾ കൈവരുന്നതും.


ആസിഫ് അലിയാണ് ഗിരിയെ അവതരിപ്പിക്കുന്നത്. ആരോടും പ്രണയം തോന്നാത്ത ഭഗീരഥി എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ അപർണാ ബാലമുരളി അവതരിപ്പിക്കുന്നു.

ചെമ്പൻ വിനോദ് ജോസ്, ഇർഷാദ്, ഡോ. റോണി രാജ് എന്നിവർ ഡേവിഡ് പോളി ഗ്രൂപ്പിനെയും ബാബുരാജ്, വിജയകുമാർ, പ്രശാന്ത്, ബാലാജി എന്നിവർ ചെമ്പൻ ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നു.
സുധീഷ്, ടി.ജി. രവി, ശ്രീജിത് രവി, സുനിൽ സുഗത, ജയരാജ് വാര്യർ, സജിതാ മഠത്തിൽ, പാർവതി, നീരജ രാജേന്ദ്രൻ എന്നിവരും പ്രധാന താരങ്ങളാണ്.

പി.എസ്. റഫീഖിന്റേതാണു തിരക്കഥ. ഗാനങ്ങൾ– ഹരി നാരായണൻ, പി.എസ്. റഫീഖ്, സംഗീതം– ബിജിപാൽ.

സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം– വിനീഷ് ബംഗ്ലാൻ. വൈറ്റ് സാൻഡ് മീഡിയ ഹൗസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്