ഞാൻ കീർത്തി സുരേഷ്
ഞാൻ കീർത്തി സുരേഷ്
Wednesday, February 1, 2017 4:48 AM IST
ബാല്യം

സിനിമാ കുടുംബത്തിലാണ് ഞാൻ ജനിച്ചതെന്ന് എല്ലാവർക്കുമറിയാമല്ലോ. സുരേഷ്കുമാറിന്റേയും മേനകയുടേയും മകളായി തിരുവനന്തപുരത്ത് ജനനം. അച്ഛൻ മലയാളിയും അമ്മ തമിഴ്നാട്ടുകാരിയും. നാലാം ക്ലാസുവരെ ചെന്നൈയിലായിരുന്നു പഠനം. തുടർന്ന് പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പൂർത്തിയാക്കയതിനുശേഷം ചെന്നൈയിലെ പേൾ അക്കാദമയിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദമെടുത്തു.

ബാലതാരം

ബാലതാരമായി ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അച്ഛൻ നിർമിച്ച പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ സിനിമകളിലാണ് അഭിനയിച്ചത്. കുബേരനിൽ അഭിനയിച്ചത് ഇപ്പോഴും ഓർക്കുന്നുണ്ട്.

അന്യഭാഷകളിലേക്ക്

മലയാളത്തിൽ അഭിനയിക്കുമ്പോൾ തന്നെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമൊക്കെ എനിക്ക് ഓഫറുകൾ വന്നു തുടങ്ങി. പ്രിയനങ്കിളിന്റെ അസോസിയേറ്റായിരുന്ന എ.എൽ.വിജയ് ആ പരിചയം വച്ചാണ് എന്നെ തമിഴിലേയ്ക്ക് ക്ഷണിച്ചത്. അദ്ദേഹത്തിന്റെ ഇതു എന്ന മായം എന്റെ ആദ്യ തമിഴ് ചിത്രമായി. തുടർന്ന് രജനി മുരുകൻ, തൊടരി, റെമോ ഇപ്പോൾ ഭൈരവയും.

വിജയിന്റെ നായിക

വിജയിന്റെ നായികയായുള്ള ക്ഷണം ഏറെ ത്രില്ലോടെയാണ് സ്വീകരിച്ചത്. സെറ്റിൽ ഒരു സഹപ്രവർത്തകയായി പെരുമാറാൻ എനിക്കു കഴിയുമായിരുന്നില്ല. ഒരു ഫാൻ ഗേളായാണ് ഞാൻ അവിടെ നിന്നത്. ചിത്രം റിലീസാകുമ്പോൾ എനിക്ക് പ്രതീക്ഷകൾ ഏറെയാണ്.

നായികയായപ്പോൾ

അച്ഛന്റെ സുഹൃത്ത് പ്രിയനങ്കിളാണ് എന്നെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സിനിമാഭിനയം ഇഷ്ടമായിരുന്നുവെങ്കിലും അതു മാത്രമേ പ്രൊഫഷനാക്കൂ എന്നൊന്നും എനിക്ക് നിർബന്ധമില്ലായിരുന്നു. ഫാഷൻ ഡിസൈനിംഗിൽ ബിരുദമെടുത്തശേഷം അതിൽ കൂടുതൽ ശ്രദ്ധിക്കാനും താൽപര്യമായിരുന്നു. ആ സമത്താണ് പ്രിയനങ്കിളിന്റെ ക്ഷണ വരുന്നതും ഗീതാഞ്ജലിയിൽ അഭിനയിക്കുന്നതും. നല്ലൊരു എക്സ്പീയൻസായിരുന്നു ചിത്രം. ഒരു പുതുമുഖത്തെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം. വലിയ തെറ്റില്ലാതെ അതു ചെയ്യാൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. അതിനുശേഷം ദിലീപിന്റെ നായികയായി റിംഗ് മാസ്റ്ററിലും അഭിനയിച്ചു.


ഡബ്ബിംഗ്

ഞാൻ തന്നെ ഡബ്ബ് ചെയ്യണമെന്നത് എനിക്ക് നിർബന്ധമാണ്. ഇതുവരെ അഭിനയിച്ച തമിഴ് ചിത്രങ്ങളിലെല്ലാം ശബ്ദം നൽകിയത് ഞാനാണ്. തെലുങ്കിലും അങ്ങനെ തന്നെ.

പ്രണയം

എന്നോടു പലരും ചോദിക്കാറുണ്ട് പ്രണയവിവാഹമായിരിക്കുമോ എന്ന്. ഒന്നാമത് ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ ജോലിയിലാണ് ഇപ്പോൾ ശ്രദ്ധ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ചേച്ചിയുടേതും പ്രണയവിവാഹമായിരുന്നു. എന്റേതും അങ്ങനെ ആയിക്കൂടെന്നില്ല.

ബോളിവുഡ്

ബോളിവുഡ് എന്റെ സ്വപ്നങ്ങളിൽ ഇല്ല. മലയാളത്തിൽ അഭിനയിച്ചപ്പോൾ തമിഴിൽ ഓഫറുകൾ വരുമെന്നു കരുതിയതേയില്ല. അതുപോലെ തന്നെ ബോളിവുഡിൽ നിന്നും ഓഫറുകൾ വന്നാൽ നല്ലതാണെങ്കിൽ സ്വീകരിക്കും. അല്ലാതെ ബോളിവുഡ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങളൊന്നുമില്ല.

പുതിയ ചിത്രങ്ങൾ

അല്ലു അർജുൻ, സൂര്യ, വിജയ് സേതുപതി എന്നിവരുടെ ചിത്രങ്ങളിലായിരിക്കും ഇനി അഭിനയിക്കുക. പക്ഷേ ഈ പ്രോജക്ടുകളൊന്നും തീരുമാനമായിട്ടില്ല. ചർച്ചകൾ നടക്കുന്നതേയുള്ളൂ.