വീരം
ചതിയൻ ചന്തുവിന്‍റെ കഥ പറഞ്ഞ് ജയരാജിന്‍റെ വീരം എത്തി. ജയരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഈ ആദ്യ ഓസ്കാർ നോമിനേഷൻ ചിത്രത്തിൽ ബോളിവുഡ് താരമായ കുനാൽ കപൂറാണ് നായകൻ.

വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിനെ മലയാളീ കരിക്കുന്ന വീരത്തിൽ ചന്തുവെന്ന മുഖ്യ കഥാപാത്രത്തെയാണ് കുനാ ൽ അവതരിപ്പിക്കുന്നത്. ദിവീന താക്കൂറാണ് നായിക. ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. അതോടൊപ്പം തന്നെ വില്യം ഷേക്സ്പിയറിന്റെ നാടക ങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ തയ്യാറാക്കുന്ന വീരം ഈ വർഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.
2006–ൽ തബുവിനൊപ്പം മീനാക്ഷി എ ടെയിൽ ഓഫ് ത്രീ സിറ്റീസിലൂടെ അരങ്ങേറ്റം കുറിച്ച കുനാൽ കപൂർ അടുത്ത ചിത്രമായ രംഗ് ദേ ബസന്തിയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ഡിയർ സിന്ധകിയിലും കുനാൽ മികച്ച കഥാപാത്രമായി എത്തിയിരുന്നു.

വീരത്തിലൂടെ മലയാളത്തിലേക്കുള്ള വരവും ഗംഭീരമാക്കിയിരിക്കുകയാണ് കുനാൽ. നോക്കിലും മട്ടിലും തികച്ചും വ്യത്യസ്തമായി എത്തുന്ന വീരത്തിലെ കുനാലിനെ (ചന്തുവിനെ) കാണാൻ ബോളിവുഡ് താരങ്ങളും കാത്തിരിക്കുകയാണ്. ഹൃഥ്വിക് റോഷനും, കരൺ ജോഹറും ട്വിറ്ററിലൂടെ ഇത് അറിയിച്ചിരുന്നു. ചിത്രത്തിലെ പ്രധാന നായികയായ ദിവിന താക്കൂറിന്റെ അരങ്ങേറ്റ ചിത്രമാണിത്. ഉണ്ണിയാർച്ചയായി എത്തുന്നത് ഹിമാർഷയാണ്. കണ്ണൂർ സ്വദേശിയായ ശിവജിത് നമ്പ്യാർ ആരോമൽ ചേകവരും ആരൻ ചൗധരി അരിങ്ങോ ടരുമായി സ്ക്രീനിലെത്തും. കേതകി, മാർട്ടിന, അഷ്റഫ് ഗുരുക്കൾ, ജസ്റ്റിൻ ആന്‍റെണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. വലിയ മുതൽമുടക്കും വിവിധ ഭാഷകളിൽ ഒരേസമയം നിർമ്മിച്ചതും മാത്രമല്ല, ലോകോത്തര സാങ്കേതിക പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ള നായക നായിക കഥാപാത്രങ്ങളുമൊക്കെ സിനിമയുടെ പുതിയ പരീക്ഷണത്തിന്റെ ഭാഗമാകുന്നു. സാങ്കേതിക തികവും കലാമേന്മയും പ്രമേയത്തിന്റെ വൈവിധ്യവും വീരത്തിന്റെ പ്രത്യേകതകളാകുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ പ്രതിനായകനായ ചന്തുവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കൻ പാട്ടുകളിലെ നായകൻ കഥാപാത്രമാണ് ചന്തു. ഷേക്സ്പിയറുടെ മക്ബത്തിലെ പോലെ ചതിയുടെ ഫലമായ ദുരന്ത പര്യവസാനിയാണ് ഈ ചിത്രവും. മുഖ്യകഥാപാത്രത്തിന്റെ ആർത്തി, അതിമോഹം, ദ്രോഹം, വഞ്ചന ഇതിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ജയരാജ് വീരം അണിയിച്ചൊരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ മാക്ബത്തും ലേഡി മാക്ബത്തും ചതിയുടെ ആൾരൂപം പൂണ്ട ചന്തു ചേകവരായും കുട്ടിമാണിയായും ചിത്രത്തിലെത്തുന്നു. അകിരാ കുറസോവയും റൊമാൻ പൊളാൻസ്കിയും ഉൾപ്പെടെയുള്ള മാ്റ്റേഴ്സ് മാക്ബത്ത് ചലച്ചിത്രരൂപത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാക്ബത്തിന്റെ സിനിമാഭാഷ്യം നല്ല വെല്ലുവിളിയായിത്തന്നെ യാണ് ജയരാജ് ഏറ്റെടുക്കുന്നത്. ഇതുവരെ വന്നതിൽ നിന്ന് ഭിന്നമായ പരിഭാഷ്യം എന്ന നിലക്കാണ് മാക്ബത്തിനെ സമീപിച്ചിരിക്കുന്നത്. വടക്കൻ പാട്ടുകളിലെ ഏറ്റവും വലിയ ചതിയനായ ചന്തുവിലേക്ക് എത്തിയതും അങ്ങനെയാണ്. ചന്തു ചെയ്ത കൊലപാതകം അത്രമേൽ നീചകൃത്യമായും കൊടുംചതിയുമായാണ് വിശേഷിപ്പിക്കുന്നത്. മാക്ബത്ത് ചെയ്തതും അതാണ്. മാക്ബത്തും തന്റെ ഏറ്റവും പ്രിയപ്പെട്ട രാജാവിനെയാണ് അധികാരമോഹത്താൽ വകവരുത്തിയത്. മാക്ബത്തിനെക്കാൾ എത്രയോ മുൻപ് രചിക്കപ്പെട്ട വടക്കൻ പാട്ടുകളിൽ വലിയ സാധ്യതകളാണ് ഒളിഞ്ഞിരിപ്പുള്ളത്. മലയാളമടക്കം മൂന്നു ഭാഷകളിൽ നിർമ്മിക്കുന്ന ഈ ചിത്രം അനേകം വൈകാരിക പ്രകടനങ്ങൾ നിറഞ്ഞ ഒരു ആക്ഷൻ ചിത്രമാണ്. കേരളത്തിന് പുറമേ ഔറംഗബാദിലെ എല്ലോറ ഗുഹകൾ, ഫത്തേപ്പൂർസിക്രി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഡോ. എം.ആർ.ആർ വാര്യരാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.


വശ്യമായ ലൊക്കേഷനുകളും മനോഹരമായ ഗാനങ്ങളും ചേർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അർജുനൻ മാസ്റ്ററാണ്. കാവാലം നാരായണ പണിക്കരുടേതാണ് ഗാനരചന. എൺപത്തിയൊൻപതാമത് ഓസ്കാർ പുരസ്കാരത്തിനുള്ള മത്സരത്തിന്റെ ഒറിജിനൽ സോങ് വിഭാഗത്തിൽ വീരം ഇംഗ്ലീഷിലുള്ള ഗാനത്തിന് അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിരുന്നു. ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്രമോഹൻ പിള്ളയും പ്രദീപ് രാജനും ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുദർശൻ നായർ. ഹോളിവുഡിലെ നാലു പ്രഗത്ഭർ ഈ ചിത്രത്തിന്റെ അണിയറയിൽ പങ്കാളികളാണ്. അവതാർ, ലോർഡ് ഓഫ് റിങ്സ് എന്നീ ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫർ അലൻ പോപ്പിൽട്ടനാണ് വീരത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ക്യാമറ എസ്. കുമാർ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, പ്രൊഡക്ഷൻ ഡിസൈൻ ബസന്ത് പെരിങ്ങോട്, പ്രൊഡ. കൺട്രോളർ– മനോജ് പാലാ. വസ്ത്രാലങ്കാരം പൂർണ്ണിമ ഓക്, പ്രീത കെ നമ്പ്യാർ, കുമാർ എടപ്പാൾ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവിയും, സൗണ്ട് മിക്സിംഗ് സിനോയ് ജോസെഫും ചെയ്തിരിക്കുന്നു. വിഷ്വൽ ഇഫെക്റ്റ്സ് പ്രാണാ സ്റ്റുഡിയോയിലുമാണ് ചെയ്തത്. മാഫിയാ ശശിയാണ് ചിത്രത്തിലെ അഡീഷനൽ സ്റ്റണ്ട്സ് ഒരുക്കിയത്. ചിത്രത്തിനായി കളരി പരിശീലിപ്പിച്ചത് ശിവകുമാർ ഗുരുക്കളാണ്. ചിത്രം പ്രദർശിപ്പിച്ച ഫെസ്റ്റിവലുകളിലൊക്കെ വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.

മഞ്ജു ഗോപിനാഥ്