അങ്കമാലി ഡയറീസ്
ഫ്രൈഡേ ഫിലിംസും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയും ചേർന്നവതരിപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്.

ഈ ചിത്രം ഏറെ പുതുമയും വ്യത്യസ്തതയും നൽകുന്നതാണ്. പുതുമുഖങ്ങൾ മാത്രം അണിനിരക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഈ ചിത്രത്തിൽ എണ്‍പത്തിയാറു കഥാപാത്രങ്ങളുണ്ട്. അതിൽ എണ്‍പത്തിനാലുപേരും ആദ്യമായി കാമറയെ അഭിമുഖീകരിക്കുന്നവരാണ്. വലിയൊരു പരീക്ഷണംതന്നെയാണ് സംവിധായകൻ ലിജോ ജോസ് പല്ലിശേരിയും നിർമാതാവ് വിജയ് ബാബുവും നടത്തുന്നത്. സംവിധായകൻതന്നെയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അങ്കമാലിക്കാരനായ ചെന്പൻ വിനോദ്, താൻ കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെയായ കാര്യങ്ങളാണ് ഇതിൽ തിരക്കഥയാക്കിയിരിക്കുന്നത്. അങ്കമാലിയുടെ ഭാഷ, സംസ്കാരം, ഭക്ഷണരീതി, കലാരംഗം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയൊക്കെ ഈ ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്.
വിന്‍റ്സന്‍റ് പെപ്പെ, അപ്പാനി രവി, ഭീമൻ, ക്യാന്പ് രാജൻ, ലില്ലി, സഖി, സീമ എന്നീ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് യഥാക്രമം ആന്‍റണി വർഗീസ്, ശരത്, വിനീത്, ടിറ്റോ, രേഷ്മ, ബിന്നി, സഖി എന്നിവരാണ്. ആന്‍റണി വർഗീസാണ് ചിത്രത്തിലെ നായകൻ.


||

പ്രശാന്ത് പിള്ളയുടേതാണു സംഗീതം. ശ്രവണസുന്ദരമായ അഞ്ചു ഗാനങ്ങൾ ഈ ചിത്രത്തിലൊരുക്കിയിട്ടുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഷവീൻ മുഹമ്മദ്, കലാസംവിധാനം- ഇന്ദുലാൽ, മേക്കപ്- റോണക്സ് സേവ്യർ.

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. മാർച്ച് മൂന്നിന് ചിത്രം ഫ്രൈഡേ റിലീസ് തിയറ്ററുകളിലെത്തിക്കും.
വാഴൂർ ജോസ്