എന്തുകൊണ്ട് മാറി നിന്നു?
പാത്രാവിഷ്കാര മിക വുകൊണ്ടു നമ്മുടെ മനസിൽ ഇടംനേടിയ ചലച്ചിത്ര താരങ്ങൾ ഒരുപിടിയുണ്ട്. കാമറയ്ക്കു മുന്നിൽ അവർ ക്കുണ്ടാകുന്ന ഇടവേള ഒരു പക്ഷേ സിനിമ ലോകത്തുള്ളവരേക്കാൾ പെട്ടെന്നോർക്കുന്നതും പ്രേക്ഷകരായിരിക്കും. കുറച്ചു നാളുകളായി ഓരോ മലയാളിയുടേയും ചോദ്യവും അതായിരുന്നു. എവിടെയാണ് ഹരിശ്രീ അശോകൻ..? സിനിമയിൽനിന്നും മാറി നിൽക്കാൻ ആ കലാകാരനെന്തു സംഭവിച്ചു? ഇപ്പോൾ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ഹരിശ്രീ അശോകൻ. ഒപ്പം ഇടവേളയ്ക്കു വിരാമമിട്ടുകൊണ്ടു സിനിമയിലേക്കു വീണ്ടും സജീവമാവുന്നു. പിന്നിട്ട പാതയിൽ കോമഡിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ ഈ കലാകാരൻ തിരിച്ചെത്തുന്നത് ഒരുപിടി കാന്പുള്ള വേഷപ്പകർച്ചയുമായാണ്. ആ വാക്കുകളിൽ ഇപ്പോഴും ആത്മവിശ്വാസമുണ്ട്... ശുഭ പ്രതീക്ഷയുണ്ട്...

ഇടക്കാലത്തു സിനിമകളിൽ സംഭവിച്ച ഇടവേളയ്ക്കു കാരണമെന്തായിരുന്നു?

എന്‍റെ മകളുടെ കല്യാണവും വീടുപണിയുമായി ബന്ധപ്പെട്ടാണ് രണ്ടു വർഷത്തോളം സിനിമയിൽ നിന്നും മാറി നിന്നത്. മകളുടെ കല്യാണത്തിനുള്ള മുഴുവൻ കാര്യങ്ങളും ഒരു സിനിമയുടെ തിരക്കഥ പോലെ ഞാനും എന്‍റെ കുടുംബവും ഒന്നിച്ചാണ് ചെയ്തത്. വീടു പണി തീരാനും രണ്ടു വർഷത്തോളം സമയമെടുത്തു. ആ സമയങ്ങളിൽ ഞാൻ സിനിമ ചെയ്തിരുന്നെങ്കിൽ വൻ നഷ്ടം സംഭവിക്കാമായിരുന്നു. സിനിമ ചെയ്യാത്തതുകൊണ്ടു ലാഭം മാത്രമാണുണ്ടായതും. കാരണം അങ്ങനുള്ള സിനിമകളാണ് അന്ന് എന്നെ തേടി വന്നതും. പിന്നെ വീടുപണ്ക്കായി ഒപ്പം നിന്നതുകൊണ്ട് ഒരു കുറവുകളുമില്ലാത്ത ഒരു വീട് പണിയാൻ സാധിച്ചെന്നാണ് എനിക്കു തോന്നുന്നത്.

മാറി നിന്ന സമയത്തു തേടി വന്ന കഥാപാത്രങ്ങൾ എങ്ങനെയുള്ളവയായിരുന്നു?

അന്നു വന്ന കഥാപാത്രങ്ങളൊക്കെ മുന്പ് ഞാൻ ചെയ്തതിന്‍റെ ആവർത്തനങ്ങൾ മത്രമായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരു കഴന്പില്ലാത്തവയായിരുന്നു തള്ളിക്കളഞ്ഞവയൊക്കെ. സിനിമയിലുള്ള എന്‍റെ സുഹൃത്തുക്കളൊക്കെ എന്‍റെ തീരുമാനമാണ് ശരി എന്നു പറഞ്ഞു. ഒരു പക്ഷെ അത്തരം സിനിമകൾ ചെയ്തിരുന്നെങ്കിൽ ഇൻഡസ്ട്രിയിൽ നിന്നു തന്നെ ഒൗട്ട് ആകുമായിരുന്നു. ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ പോകുന്ന കഥാപാത്രങ്ങളുമൊക്കെ നമുക്ക് സംതൃപ്തി നൽകുന്നവയാണ്.

സിനിമയിൽ എപ്പോഴും സജീവമായി നിൽക്കാനുള്ള പരിശ്രമമാണ് പലരും കാട്ടുന്നത്. അപ്പോൾ ധൈര്യത്തോടെ മാറി നിന്നത്?

ചില സമയത്ത് സജീവമായാലും മറ്റു ചിലപ്പോൾ മാറി നിൽക്കുന്നതാണു നല്ലത്. നമ്മുടെ മനസിലുള്ളതാണ് കല. സിനിമയിൽ നിന്നു മറി നിന്നപ്പോഴും ഉള്ളിൽ അതുണ്ട്. എന്‍റെ വീട്ടിലും തമാശയാണ് ഉള്ളത്. ന്ധജീവിതത്തിൽ എന്തു ദുഃഖമുണ്ടായാലും അതിൽ തമാശ കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്’. ഈ ഡയലോഗ് ഞാൻ പഞ്ചാബിഹൗസിൽ പറഞ്ഞതാണ്. അപ്പോൾ നമ്മുടെ വേദനയൊക്കെ മറക്കും. സിനിമയിലൂടെയും ഷോകളിലൂടെയും മറ്റും പലരുടേയും ദുഃഖം കുറച്ചു നേരത്തേക്കെങ്കിലും മറക്കാൻ കാരണമായിട്ടുണ്ട്. അതൊരു പുണ്യമാണ്. സിനിമയ്ക്കു പുറത്തു നിൽക്കുന്പോഴും എന്‍റെ മനസിൽ തമാശയുണ്ട്. അതിനെ മാറ്റുരച്ചിരിക്കുകയായിരുന്നു ഞാൻ. പിന്നെ എത്ര നാളു മാറി നിന്നെന്നു പറഞ്ഞാലും നമ്മൾ ചെയതുവെച്ച കുറച്ചു കഥാപാത്രങ്ങളുണ്ട്. അതു മതി മലയാളികൾ എന്നെ ഓർക്കാൻ. കാരണം ചാനലിലും മറ്റും ഈ സിനിമകൾ തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഞാൻ സിനിമയിൽ വന്നപ്പോഴുള്ള ഒരു വലിയ സൗഹൃദം എനിക്കൊപ്പം എന്നുമുണ്ട്. അതുകൊണ്ടാണ് സിനിമയിൽ നിന്നു മാറി നിന്നപ്പോഴും എനിക്കു ഒട്ടും പേടിയില്ലാത്തത്. കാരണം അവരൊക്കെ ഇപ്പോഴും സിനിമയിൽ സജീവമാണ്. എനിക്കവരോട് പറയാം. അതിനമപ്പുറം ഈ ലോകത്ത് ആരെല്ലാം ഉപേക്ഷിച്ചാലും എന്‍റെയുള്ളിൽ കലയുണ്ട്. അതാണ് എന്നുമെന്‍റെ ധൈര്യം.

കോമഡിയുടെ സങ്കൽപം മാറി വരികയാണ് സിനിമയിൽ. പുതിയ കാലത്തിലെ കോമഡി ട്രാക്കിനെ എങ്ങനെ കാണുന്നു?

അത് എല്ലാ കാലഘട്ടത്തിലും മാറ്റം സംഭവിക്കുന്നതാണ്. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തോന്നിയിട്ടുള്ളത് ജഗതി ശ്രീകുമാറിൽ മാത്രമാണ്. കോമഡിക്ക് ഒരു നൊന്പരമുണ്ടാകണം. കഥയിൽ വെറുതെ യുള്ള തമാശയല്ലാതെ വേദനയോടൊപ്പമുള്ള തമാശകളാണ് പ്രേക്ഷകർ എന്നും ഓർത്തിരിക്കാറുള്ളത്. അതിന്‍റെ വലിയ ഉദാഹരണമാണ് ചാർളി ചാപ്ലിൻ. അദ്ദേഹത്തിന്‍റെ എല്ലാ തമാശയ്ക്കു പിന്നിലും ഒരു വേദന ഉണ്ടായിരുന്നു. അത്തരം തമാശകളുടെ അഭാവം ഇന്നത്തെ സിനിമയിൽ സംഭവിച്ചിട്ടുണ്ടാകാം.

കോമഡിക്കായി കൊണ്ടു വരുന്ന ദ്വയാർത്ഥ പ്രയോഗം ശ്രദ്ധിക്കാറുണ്ടോ?

ഇടക്കാലത്ത് അതുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതു മലയാള സിനിമയിൽ തീരെ കുറഞ്ഞിരിക്കുന്നു. ഞങ്ങളുടെ സിനിമകളിലും സ്റ്റേജ് ഷോകളിലും സത്യസന്ധത പുലർത്താൻ എപ്പോഴും ശ്രമിക്കാറുണ്ടായിരുന്നു എന്നും. ചാനൽ ഷോകൾ സിനിമകളിലെ കോമഡിയെ കടമെടുത്ത് തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ കുടുംബമായിട്ടിരുന്ന് കാണാൻ പറ്റാത്ത വിധം വൾഗറായി മാറിയിരിക്കുന്നു അവ. അശ്ലീലവും തെറയുമാണ് അതിൽ കൂടുതലയാട്ടുള്ളത്. അവിടെയൊരു സെൻസറിംഗ് ഇല്ലെന്നതാണ് ഇതിനു പ്രധാന കാരണം.


ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ സീരിയസ് കഥാപാത്രങ്ങൾ തേടി വരുന്നുണ്ടല്ലോ?

ശ്രീനിവാസൻ ചേട്ടനെ നായകനാക്കി ശ്രീകൃഷ്ണൻ സംവിധാനം ചെയ്യുന്ന പവിയേട്ടന്‍റെ മധുരച്ചൂരൽ എന്ന ചിത്രത്തിൽ വളരെ സീരിയസായ ഒരു കഥാപാത്രമാണ് ചെയ്യുന്നത്. ശ്രീനിയേട്ടന്‍റെ കൂട്ടുകാരനായി കൃഷിയൊക്കെ ചെയ്യുന്ന കുറച്ച് സെന്‍റിമെൻസിലൂടൊക്കെ പോകുന്ന ഒരു ബലമുള്ള കഥാപാത്രമാണത്. പിന്നെ ഹണി ബി 2- വിൽ രണ്ടു സീനിൽ എത്തുന്ന ഒരു കഥാപാത്രമാണ്. എന്നാൽ അത് ഒരു ഗംഭീര വേഷമാണ്. സൗബിൻ സംവിധാനം ചെയ്യുന്ന പറവയാണ് അടുത്തത്. അതിൽ ഒരു മുസ്ലീം അച്ഛൻ കഥാപാത്രമാണ്. മൂന്നു കാലഘട്ടത്തിലൂടെയാണ് അതു സഞ്ചരിക്കുന്നത്. പിന്നെ റാഫിയുടെ ഫഹദ് ഫാസിൽ ചിത്രം റോൾ മോഡൽസാണ് ചെയ്യുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന എന്‍റെ ഒരു കഥാപാത്രമായിരിക്കും റോൾ മോഡൽസിലേത്. അതു പ്രേക്ഷകർക്കു നൂറു ശതമാനം ഇഷ്ടപ്പെടുമെന്നുറപ്പാണ്.

സൗഹൃദത്തിന്‍റെ ബലം സിനിമയിൽ എന്നും ഒപ്പമുണ്ടായിരുന്നല്ലോ?

അത് സിനിമയിലും പുറത്തും എന്നും എനിക്കൊപ്പമുള്ളതാണ്. ദിലീപും ഞാനും ഒന്നിച്ച സിനിമകളിൽ കൂടുതലും വലിയ വിജയം നേടിയവയാണ്. ഇനിയുമത്തരമൊരു ചിത്രമാണ് ഞങ്ങളുടേതായി എല്ലാവരും പ്രതീക്ഷിക്കുന്നത്. ദിലീപ് നിർബന്ധമായി പറഞ്ഞു ചില സിനിമയിലേക്കു എന്നെ വിളിച്ചിട്ടുണ്ട്. പറക്കും തളിക ചെയ്ത സമയത്ത് എനിക്കു വേണ്ടി കാത്തിരുന്നിട്ടുണ്ട്. പറക്കും തളിക ചെയ്യുന്പോൾ ഞാൻ നാറാണത്തു തന്പുരാൻ എന്ന ചിത്രത്തിനായി ഡേറ്റുകൊടുത്തിരിക്കുകയാണ്. സുന്ദരൻ എന്ന കഥാപാത്രം ഞാൻ തന്നെ ചെയ്യണമെന്നത് ദിലീപിന്‍റെ നിർബന്ധമായിരുന്നു. അതൊരു സ്നേഹമാണ്, ഒരു വിശ്വാസമാണ്. അത്തരം ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ രണ്ടുപേരും. ഇതിനിടയിൽ ഞങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിട്ടാണ് സിനിമ ചെയ്യാത്തതെന്നുവരെ വാർത്ത പരന്നിരുന്നു.

കഥാപാത്രമായിട്ടുള്ള തയ്യാറെടുപ്പ് എങ്ങനെയാണ്?

സംവിധായകൻ കഥ പറയുന്പോൾ തന്നെ ആ കഥാപാത്രം നമ്മുടെയുള്ളിൽ വന്നു പോവുകയാണ്. അതിനായി വലിയൊരു തയ്യാറെടുപ്പ് വേണ്ടി വന്നിട്ടില്ല. പക്ഷെ പഞ്ചാബിഹൗസ് ചെയ്യുന്പോൾ അതിന്‍റെ എഴുത്തിന്‍റെ സമയം മുതൽ മറ്റു ചിത്രങ്ങൾക്കൊന്നും പോകാതെ അത്ര ഇൻവോ ൾവ്ഡായാണ് ചെയ്തത്. ഒരു സിനിമയുടെ കഥയും അതിന്‍റെ തിരക്കഥയും വായിക്കുന്പോൾ നമുക്കറിയാം അതു ഹിറ്റാകുമോ എന്നത്. പഞ്ചാബിഹൗസിന്‍റെ രണ്ടാം ഭാഗം ചെയ്യണമെന്നു റാഫിമെക്കാർട്ടിൻ കുറേനാളു മുന്പെന്നോടു പറഞ്ഞതായിരുന്നു. പക്ഷെ അതേ കഥയിൽ മറ്റൊരു ഹിന്ദിപടം അടുത്തകാലത്ത് ഇറങ്ങി. എങ്കിലും പുതിയൊരു കഥയിൽ പഞ്ചാബിഹൗസ് രണ്ടാം ഭാഗം ഇറങ്ങണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുപോലെ സിഐഡി മൂസയും രണ്ടാം ഭാഗമിറങ്ങാൻ സാധ്യതയുള്ളതാണ്.

സിനിമയക്കൊപ്പം തന്നെ ഒരു കുടുംബ നാഥനുമാണ്?

വീടിന്‍റെ പേര് പഞ്ചാബി ഹൗസ് എന്നാണ്. മകൾ കല്യാണം കഴിഞ്ഞ് ഭർത്താവിനൊപ്പം ഖത്തറിലാണ്. മകൻ ബിസിനസ് ചെയ്യുന്നുണ്ട്. ഒപ്പം അവൻ നേരത്തെ രണ്ടു സിനിമകളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ സൗബിന്‍റെ പറവയിൽ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നുണ്ട്. വീടു വെച്ചു താമസം തുടങ്ങിക്കഴിഞ്ഞപ്പോൾ ഞാനും ഭാര്യയും മാത്രമായി വീട്ടിൽ.

എവർ ഗ്രീൻ കഥാപാത്രം രമണൻ സമൂഹ മാധ്യമങ്ങളിൽ സൂപ്പർസ്റ്റാറാണ്?

നമ്മൾ ഇപ്പോൾ സ്ക്രീനിൽ ഇല്ലെങ്കിലും ഫുൾ നിറഞ്ഞു നിൽക്കുകയായിരുന്നു ട്രോളിലൂടെ. സിനിമ ഇറങ്ങി ഇത്ര നാളു കഴിഞ്ഞിട്ടും മലയാളികൾ രമണനെ ഓർത്തിരിക്കുന്നത് ഏറെ സന്തോഷമാണ് നൽകുന്നത്. മുംബൈയിൽ നിന്നും ഒരാൾ എന്നെ വിളിച്ചിരുന്നു. അപ്പോഴാണ് ഞാൻ അറിയുന്നത് രമണൻ ഫാൻസ് തുടങ്ങിയിട്ടുണ്ടെന്ന്. പഞ്ചാബി ഹൗസിലെ ആ കഥാപാത്രത്തിന്‍റെ രൂപവും വേഷവും മുടി കെട്ടി വെച്ചേക്കുന്നതുമൊക്കെ കൗതു കമുള്ളതാണ്. അതായിരിക്കാം രമണൻ ഇത്ര പോപ്പുലറാകാൻ കാരണം.

ഇപ്പോൾ പൂർത്തിയാക്കിയ ചിത്രം?

ചക്കരമാവിൻ കൊന്പത്താണ് ഇപ്പോൾ കഴിഞ്ഞത്. ഈ സിനിമയിൽ രണ്ടു കുട്ടികളാണുള്ളത്. അതിൽ മാസ്റ്റർ ഗൗരവിന്‍റെ അച്ഛനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. അഞ്ജലിയാണ് ഭാര്യ. പ്രകൃതിയെ സ്നേഹിക്കുക, ജലം അമൂല്യമാണെന്നു തിരിച്ചറിയുക തുടങ്ങിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. ചിത്രത്തിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ദാസനെന്നാണ്. എല്ലാത്തരം ജോലിയും ചെയ്യും. ഭാര്യയേയും കുട്ടിയേയും സ്നേഹിക്കുന്ന ഒരു കഥാപാത്രമാണ്. കോമഡിയും കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന ഒരു ചിത്രമയിരിക്കും ചക്കരമാവിൻ കൊന്പത്ത്.

ലിജിൻ കെ. ഈപ്പൻ