അച്ഛന്‍റെ വഴിയേ ലിയോണയും
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ആൻ മരിയയുടെ അമ്മയായി എത്തിയപ്പോഴാണ് മലയാളികൾ ലിയോണയെ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും ലിയോണയ്ക്കു മേൽവിലാസം നൽകിയ കഥാപാത്രമായിരുന്നു അതിലെ ഡോ. തെരേസ റോയി. സിനിമയിലും സീരിയലിലും സജീവ നടനായ ലിഷോയിയുടെ മകളായി സിനിമയിലെത്തിയ ലിയോണ ഇന്നു സിനിമയുടെ തിരക്കിലാണ്. തലശേരിയിൽ പി.ടി കുഞ്ഞുമുഹമ്മദിന്‍റെ വിശസപൂർവം മൻസൂർ എന്ന ചിത്രത്തിൽ സൗമ്യ എന്ന കഥാപാത്രമായി അഭിനയിക്കുകയാണ് ലിയോണ. തന്‍റെ സിനിമ വിശേഷങ്ങൾ ലിയോണ പങ്കു വെയ്ക്കുന്നു...

അച്ഛന്‍റെ അഭിനയ പാരന്പര്യത്തിലൂടെയാണോ സിനിമയിലേക്കെത്തുന്നത്?

സിനിമയിൽ അഭിനയിക്കണം എന്നു വിചാരിച്ചിരുന്ന വ്യക്തിയല്ല ഞാൻ. പിന്നെ പെട്ടെന്നു കുറെ അവസരങ്ങൾ കിട്ടിയപ്പോൾ ഒന്നു ശ്രമിക്കാമെന്നു കരുതി. ബാംഗളൂരിൽ ഞാൻ ബികോം പഠിക്കുന്ന സമയമായിരുന്നു അത്. അന്നു പഠിത്തത്തെപ്പറ്റി മാത്രമായിരുന്നു മനസിൽ. ഞാൻ സിനിമയിലെത്തുമെന്നു വീട്ടുകാരുപോലും കരുതിയിരുന്നില്ല. അവസരങ്ങൾ കിട്ടിയപ്പോൾ ഒന്നു ശ്രമിച്ചുകൂടെ എന്ന് അച്ഛനും ചോദിച്ചു. എല്ലാവർക്കും കിട്ടുന്ന അവസരമല്ലല്ലോ ഇത്. അങ്ങനെയാണ് സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് എനിക്കും അതിഷ്ടപ്പെട്ടു.

സിനിമയിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?

ആദ്യം തമിഴ് സിനിമയിലേക്കുള്ള അവസരമായിരുന്നു കിട്ടിയത്. അന്നെനിക്കു ഭയങ്കര പേടിയായിരുന്നു. അതുകൊണ്ട് ആ സിനിമ ചെയ്തില്ല. സിനിമ കാണുമെന്നതല്ലാതെ അച്ഛന്‍റെ കൂടെ സെറ്റിൽ പോലും പോകാറില്ലായിരുന്നു. സിനിമയിലേക്ക് അവസരം വന്നപ്പോൾ അതു വേണ്ടന്നു വെച്ചെങ്കിലും പിന്നീടാണ് പരസ്യങ്ങൾ ചെയ്തു തുടങ്ങുന്നത്. അതു ഒരു ദീവസത്തെ കാര്യമല്ലെ ഉള്ളു, ചെയ്തുകൂടെ എന്ന് അച്ഛനും ചോദിച്ചു. ഒന്നു ശ്രമിച്ചു നോക്ക്, ഇഷ്ടമായില്ലെങ്കിൽ തുടരണ്ട എന്നു പറഞ്ഞു. ഒന്നു ചെയ്തു തുടങ്ങിയെങ്കിലും പിന്നീട് നിരവധി പരസ്യങ്ങൾ ചെയ്തു. അതിനു ശേഷമാണ് അച്ഛന്‍റെ ഒരു സുഹൃത്ത് റെജി നായർ ശാരദാമ്മയുടെ മുഖഛായയുള്ള ഒരു കുട്ടിവേണമെന്നു പറഞ്ഞിട്ട് എന്നെ കലികാലം എന്ന സിനിമയിലേക്കു വിളിക്കുന്നത്. അതിൽ ശാരദാമ്മയുടെ മകളായിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. അച്ഛനു പരിചയം ഉള്ള ആളായതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. പിന്നീട് ജവാൻ ഓഫ് വെള്ളിമല, നോർത്ത് 24 കാതം, റെഡ് റെയിൻ, ഹരം എന്നിങ്ങനെ സിനിമകൾ ചെയ്തു.

ശ്രദ്ധേയമായത് ആൻ മരിയയിലെ അമ്മ വേഷമാണ്. ആ ചിത്രത്തിലേക്കെത്തുന്നത്?

ആൻ മരിയയിലെ കഥാപാത്രം എനിക്കും വളരെ സ്പെഷ്യലായിട്ടുള്ളതാണ്. ഹരം കഴിഞ്ഞു കുറേനാൾ പഠിത്തത്തിന്‍റെ തിരക്കായതുകൊണ്ട് ഞാൻ സിനിമകൾ ചെയ്തിരുന്നില്ല. അപ്പോഴാണ് സണ്ണി വെയ്ൻ ഇങ്ങനെ ഒരു അമ്മ കഥാപാത്രത്തിനെപ്പറ്റി എന്നോട് പറയുന്നത്. സണ്ണി വെയ്നു ഞാനും നല്ല സുഹൃത്തുക്കളാണ്. അങ്ങനെയാണു സംവിധായകനെ കാണാൻ പോകുന്നതും, ഓഡിഷൻ ചെയ്യുന്നതും. നല്ല ടീമിനൊപ്പം നല്ല കഥയും നല്ല കഥാപാത്രവുമാണതിൽ. അതു വേണ്ടന്നു വയ്ക്കാൻ എനിക്കു കാരണവും ഒന്നുമില്ലായിരുന്നു. ഇപ്പോൾ എല്ലാവരും എന്നെ തിരിച്ചറിയുന്നത് ആൻ മരിയയുടെ അമ്മ എന്ന രീതിയിലാണ്.

ആൻ മരിയയിൽ ചെയ്ത അമ്മ വേഷത്തിന്‍റെ ടെൻഷൻ ഉണ്ടായിരുന്നോ?

സത്യത്തിൽ എനിക്കു ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെയൊരു അമ്മ വേഷം എന്തിനാണ് തെരഞ്ഞെടുത്തതെന്നു പലരും ചോദിച്ചട്ടുണ്ട്. അപ്പോഴാണ് ങ്ങനെ അമ്മ വേഷം ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ഞാനും ചിന്തിക്കുന്നത്. ആൻ മരിയയ്ക്കു ശേഷം ഹദിയ എന്ന സിനിമ ചെയ്തിരുന്നു. അതിനു ശേഷം ചെയ്ത ചിത്രമാണ് കളം. കളത്തിലെ കഥാപാത്രം ഞാൻ ചെയ്തതിൽ വളരെ വ്യത്യസ്തമാണ്. ആ ചിത്രം മൂന്നു കപ്പിൾസിന്‍റെ കഥയാണ്. ഒരു കപ്പിൾ ഞാനും കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ ചേട്ടനുമാണ്. ചാരായം വാറ്റി ജീവിക്കുന്ന വളരെ റഫായ വനജ എന്ന കഥാപത്രമാണ് എന്േ‍റത്. പോലീസ് വരുന്പോൾ അവരെ ധൈര്യപൂർവ്വം നേരിടുന്ന, ഒരു തന്േ‍റടിയായ കഥാപാത്രം. മണികണ്ഠൻ ചേട്ടൻ ഒരു പാവം ഭർത്താവ്. വളരെ വ്യത്യസ്തകമായ ഒരു കഥാപാത്രമാണ്. കുറച്ചെയുള്ളുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും അത്.


ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രം?

പി.ടി കുഞ്ഞുമുഹമ്മദ് സാറിന്‍റെ വിശ്വാസപൂർവ്വം മൻസൂറിൽ സൗമ്യ എന്ന വളരെ സ്നേഹം തോന്നുന്ന ഒരുകഥാപാത്രമാണ് ചെയ്യുന്നത്. മൻസൂറിന്‍റെ കുടുംബവുമായി അടുപ്പമുള്ള, മൻസൂറിനോട് മനസിൽ പ്രണയം സൂക്ഷിക്കുന്ന ഒരു കഥാപാത്രമാണത്. എന്നാൽ കുറച്ച് എടുത്തു ചാട്ടമുള്ള ആളാണ്. ആൻ മരിയയിലെ പോലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരിക്കും ഇതിലെ സൗമ്യയും.

മുന്നോട്ടും അഭിനയത്തിനാണോ പ്രാധാന്യം കൊടുക്കുന്നത്?

ഇപ്പോൾ എന്‍റെ മനസിൽ കുറേ നല്ല സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. എനിക്കിങ്ങനെ കുറേനാൾ സിനിമയിൽ നിൽക്കുന്നതിനേക്കാൾ എല്ലാവരും ഓർത്തിരിക്കുന്ന കുറച്ചു കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ആഗ്രഹമുള്ളത്.

അച്ഛന്‍റെ പിന്തുണ എത്രത്തോളമുണ്ടായിരുന്നു?

അച്ഛൻ സിനിമയും സീരിയലുമായി തിരക്കിലാണ്. അമ്മയാണ് സെറ്റിൽ ഒപ്പമെത്തുന്നത്. ഞാൻ അഭിനയിക്കുന്ന സെറ്റിൽ അച്ഛൻ വന്നാലും എല്ലാവരേയും കണ്ട് കാര്യം പറഞ്ഞിട്ടങ്ങ് പോകും. അമ്മയെ പോലെ ഒപ്പമിരിക്കാറില്ല. പിന്നെ തുടക്കകാലം മുതൽ തന്നെ അച്ഛന്‍റെ മകളെന്ന പരിഗണന എല്ലാ സിനിമയിലും എനിക്കു കിട്ടാറുണ്ട്. പക്ഷെ അച്ഛനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല. ആൻ മരിയ കണ്ടിട്ട് അച്ഛൻ മനസ് തുറന്നു നല്ല അഭിപ്രായം പറഞ്ഞിരുന്നു.

ഒരു സിനിമയുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുന്നത് എന്താണ്?

ആദ്യം നോക്കുന്നതു ചിത്രത്തിന്‍റെ കഥയും നമ്മുടെ കഥാപാത്രവുമാണ്. ഇഷ്ടം തോന്നുന്ന കഥാപാത്രമാണെങ്കിൽ അതു ചെയ്യാൻ നമുക്കു തന്നെ ആഗ്രഹമുണ്ടാകും. അതിനൊപ്പം ചിത്രത്തിന്‍റെ സംവാധായകൻ, നിർമ്മാതാവ്, അണിയറ പ്രവർത്തകർ ഇതൊക്കെ നോക്കണം. ആദ്യമൊക്കെ ഞാൻ കഥാപാത്രം നോക്കി അഭിനയിച്ച ഒന്നു രണ്ടു സിനിമകൾ ഇറങ്ങാതെ പോയി. അതിൽ പിന്നെയാണ് ചിത്രത്തിന്‍റെ ഫുൾ ക്രൂവിനേയും ശ്രദ്ധിക്കണമെന്നു പഠിച്ചത്. നമ്മൾ വളരെ കഷ്ടപ്പെട്ടു ചെയ്തിട്ട് അതു പ്രേക്ഷകരിലേക്ക് എത്താതെ പോകരുതല്ലോ.

കുടുംബ വിശേഷവും പഠനവും ?

തൃശൂരാണ് എന്‍റെ വീട്. അച്ഛനും അമ്മയും ചേട്ടനുമാണുള്ളത്. ചേട്ടൻ ബാംഗ്ലൂരിലാണ്. ഞാനിപ്പോൾ ബാഗ്ലൂരിൽ കറസ്പോണ്ടൻസായി എംബിഎ പൂർത്തിയാക്കുകയാണ്.

പുതിയ പ്രോജക്ട്

ഒരു തമിഴ് സിനിമയുടെ ചർച്ച നടക്കുന്നുണ്ട്. ഒന്നും തീരുമാനമായില്ല.

ലിജിൻ കെ. ഈപ്പൻ