ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്‌ലിയുടെ പേരില്‍!
ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്‌ലിയുടെ പേരില്‍!
ക്രിക്കറ്റിന്‌റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റുചെയ്യാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ് ലി. ഏറെ റിക്കാര്‍ഡുകള്‍ സ്വന്തം പേരിലുള്ള വിരാട് കോഹ് ലി ഇന്നലെ ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്് നേടുന്ന താരമെന്ന റിക്കാര്‍ഡാണ് കോഹ് ലി ഇന്നലെ സ്വന്തമാക്കിയത്. പിന്നിലാക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നയെ.



മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ 60 പന്തില്‍ നിന്നു 92 റണ്‍സ് നേടി പുറത്താകാതെ നിന്ന കോഹ് ലിക്ക് മുംബൈ ഉയര്‍ത്തിയ റണ്‍മഴ കീഴടക്കാനായില്ലെങ്കിലും ഇന്നലെ കുറിച്ച അര്‍ധസെഞ്ചുറിയോടു കൂടി തന്‌റെ സമ്പാദ്യം 153 മല്‍സരങ്ങളില്‍ നിന്നായി 4619 റണ്‍സായി ഉയര്‍ത്താനായി.

ശരാശരി 38.17 ഉള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഇതുവരെ നാലു സെഞ്ചുറികളും 32 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 130.33 ആണ് സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 113.


163 മല്‍സരങ്ങളില്‍ നിന്നു 33.76 റണ്‍ ശരാശരിയില്‍ 4558 റണ്‍സ് നേടിയിട്ടുള്ള സുരേഷ് റെയ്‌നയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. 31 അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും റെയ്‌നയുടെ ക്രെഡിറ്റിലുണ്ട്. സ്‌ട്രൈക്ക് റേറ്റ് 138.83. മികച്ച സ്‌കോര്‍ 100*.

4345 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (163 മല്‍സരങ്ങള്‍, 32.66 ശരാശരി, 138.83 സ്‌ട്രൈക്ക് റേറ്റ്), 4210 റണ്‍സുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

പന്തുചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട് വിലക്കു നേരിടുന്ന ഡേവിഡ് വാര്‍ണര്‍ മാത്രമാണ് 4000 റണ്‍സിനു മേല്‍ നേടിയിട്ടുള്ള ഏക വിദേശതാരം.

റോബിന്‍ ഉത്തപ്പ (3858 റണ്‍സ്), ശിഖര്‍ ധവാന്‍ (3691 റണ്‍സ്), ക്രിസ് ഗെയ്ല്‍ (3689 റണ്‍സ്), എം.എസ്. ധോണി (3670 റണ്‍സ്), എബി. ഡിവില്ലിയേഴ്‌സ് (3595 റണ്‍സ്) എന്നിവരാണു യഥാക്രമം ആറുമുതല്‍ 10 വരെ സ്ഥാനക്കാര്‍.