ചരിത്രം വിഭജിച്ച ചരിത്രപുരുഷൻ
യേശുക്രിസ്തു ചരിത്രപുരുഷനാണ്, ചരിത്രത്തിന്‍റെ മധ്യത്തിൽ നിൽക്കുന്ന ചരിത്രപുരുഷൻ. ക്രിസ്തുവിന്‍റെ ജനനത്തോടെ ചരിത്രം എഡി എന്നും ബിസി എന്നും രണ്ടായി വിഭജിക്കപ്പെട്ടു. ‘കർത്താവിന്‍റെ വർഷത്തിൽ’ എന്നാണ് എഡി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘ക്രിസ്തുവിനു മുൻപ്’ എന്നാണ് ബിസി എന്നതിന്‍റെ അർഥം. അഗസ്റ്റസ് സീസർ റോമാ ചക്രവർത്തിയായി ഭരണം നടത്തുമ്പോൾ യേശു ഭൂജാതനായി. അവിടുത്തെ പരസ്യജീവിതം ആരംഭിക്കുന്നത് തിബേരിയൂസ് സീസറിന്‍റെ വാഴ്ചക്കാലത്താണ്. അന്ന് പലസ്തീന റോമാ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. പലസ്തീനായിലെ ഒരു പ്രോവിൻസായ ഗലീലിയയിലെ നസ്രത്തിലാണ് യേശു വളർന്നത്. ഏതാണ്ട് മുപ്പതാം വയസിൽ അവിടുന്ന് പരസ്യജീവിതം ആരംഭിച്ചു. പരസ്യജീവിതത്തിന്റെ ആദ്യഘട്ടം അവിടുന്ന് ഗലീലിയയിലാണ് പ്രവർത്തിച്ചത്. ഗലീലിയയിലെ ദേശാധിപതിയായിരുന്ന ഹേറോദേസ് അന്തിപ്പാസ് ക്രൂരനായ ഭരണാധിപനായിരുന്നു. സ്നാപകയോഹന്നാനെ ശിരച്ഛേദം ചെയ്യാൻ അദ്ദേഹം മടിച്ചില്ല.

പാലസ്തീനായിലെ മറ്റൊരു പ്രവിശ്യയായ യൂദയ റോമാ ചക്രവർത്തിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. പന്തിയോ പീലാത്തോസ് എന്ന റോമൻ ഗവർണറായിരുന്നു അവിടത്തെ ഭരണാധികാരി. ഇങ്ങനെ റോമൻ സാമ്രാജ്യത്വത്തിനു കീഴിൽ, രാഷ്‌ട്രീയാടിമത്തത്തിൽ ജനത വീർപ്പുമുട്ടി കഴിയുമ്പോഴാണ് വിമോചനത്തിന്‍റെ സദ്‌വാർത്തയുമായി യേശു പരസ്യജീവിതം ആരംഭിച്ചത്. എന്നാൽ യേശു വിഭാവനം ചെയ്തത് വെറുമൊരു രാഷ്ട്രീയമോചനം മാത്രമായിരുന്നില്ല. മനുഷ്യന് സമഗ്രമായ വിടുതലും വിമോചനവും നൽകുന്ന സ്നേഹത്തിന്റെ വിപ്ലവത്തിനാണ് അവിടുന്ന്
തിരികൊളുത്തിയത്.

യേശുവിന്‍റെ കാലത്ത് പലസ്തീനായിലുണ്ടായിരുന്ന പ്രധാന കക്ഷികളായിരുന്നു പ്രീശർ, സദുക്കായർ, ഹോറോദ്യർ, എസീനികൾ, തീക്ഷണർ എന്നിവർ. ‘സെക്ടുകൾ’ എന്നാണ് ചരിത്രകാരന്മാർ ഇവരെ വിളിക്കുക. പ്രീശർ എന്ന വാക്കിന്‍റെ അർഥം വേർതിരിക്കപ്പെട്ടവർ എന്നാണ്. മോശയുടെ നിയമങ്ങൾ അന്യൂനം പാലിക്കണമെന്ന് നിർബന്ധമുള്ളവരായിരുന്നു പ്രീശർ. റോമൻ ആധിപത്യത്തെ അവർ എതിർത്തിരുന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ അന്ധമായ കാർക്കശ്യം പുലർത്തി. മിക്കപ്പോഴും അവർ യേശുവിന്‍റെ എതിരാളികളായാണ് രംഗപ്രവേശം ചെയ്യുന്നത്.

സാദോക്ക് എന്ന പുരാതന പുരോഹിതന്‍റെ വംശീയ പാരമ്പര്യം പേറുന്നവരായിരുന്നു സദുക്കായർ. സമ്പന്നരായ പുരോഹിതവർഗം എന്ന് അവരെ വിളിക്കാം. ശരീരത്തിന്‍റെ ഉയിർപ്പ്, പരലോകജീവിതം മുതലായവയൊക്കെ എതിർത്തിരുന്ന ഇവർ റോമൻ ഭരണകൂടവുമായി ചങ്ങാത്തത്തിലായിരുന്നു. സാമ്രാജ്യത്വവുമായുള്ള സഹകരണത്തിലൂടെ ഭൗതികനേട്ടങ്ങൾ അവർ കൈയടക്കി. സദൂക്യരിൽപ്പെട്ടവരായിരുന്നു പ്രധാന പുരോഹിതന്മാർ. യേശുവിനെ ക്രൂശുമരണത്തിന് ഏൽപിച്ചുകൊടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത് സദൂക്യരാണ്. ഹേറോദേസിന്‍റെ മർദകഭരണത്തെ അനുകൂലിച്ചിരുന്ന സമ്പന്നവർഗമായിരുന്നു ഹേറോദ്യർ. അവരും യേശുവിനെ എതിർത്തിരുന്നു.


ചാവുകടലിന്‍റെ തീരത്ത് ഖുംറാൻ ഗുഹകളോടടുത്ത് വസിച്ചിരുന്ന സന്യാസസമൂഹമായിരുന്നു എസീനികൾ. ജറുസലേമിലെ പുരോഹിത നേതൃത്വത്തെ എതിർത്ത്, സമൂഹത്തിന്‍റെ മുഖ്യധാരയിൽനിന്ന് അകന്ന് വേദപഠനങ്ങളിലും ആത്മീയചര്യകളിലും മുഴുകിക്കഴിഞ്ഞിരുന്നവരാണവർ. തങ്ങളുടെ സമൂഹത്തിൽപ്പെടാത്തവരെയെല്ലാം വെറുത്തിരുന്ന ഇടുങ്ങിയ ചിന്താഗതിക്കാരായിരുന്നു അവർ. തീക്ഷണരാകട്ടെ റോമൻ ഭരണകൂടത്തെ സായുധവിപ്ലവത്തിലൂടെ തകർക്കണമെന്നു ശഠിച്ചിരുന്ന കഠാര രാഷ്ട്രീയക്കാരായിരുന്നു. കൊലയാളികൾ എന്ന് ഇവർ അറിയപ്പെട്ടിരുന്നു. യേശുവിന്‍റെ ശിഷ്യസമൂഹത്തിലെ തീവ്രവാദിയായ ശിമയോൻ തീക്ഷണരിൽപ്പെട്ടയാളാകാൻ സാധ്യതയുണ്ട്. യേശുവിനെ ഒറ്റിക്കൊടുത്ത യുദാസ് സ്കറിയോത്തയ്ക്കും ഈ ഗ്രൂപ്പിനോട് ഇഴയടുപ്പമുണ്ടായിരുന്നു..

സെക്ടുകളിൽപ്പെട്ടവരല്ലെങ്കിലും സങ്കരവർഗക്കാരായി യഹൂദർ മുദ്രകുത്തിയിരുന്ന ഒരുവിഭാഗം ജനത അന്ന് പലസ്തീനയിലുണ്ടായിരുന്നു. അവരാണ് സമരിയാക്കാർ. ബിസി 721–ലെ അസീറിയൻ അധിനിവേശത്തിലൂടെ വിജാതീയരുമായി വിവാഹബന്ധത്തിലേർപ്പെടാൻ നിർബന്ധിതരായ ഇസ്രയേൽക്കാരുടെ പിൻമുറക്കാരാണിവർ. യഹൂദർ അവരെ വെറുത്തിരുന്നു, മ്ലേച്ഛരും അസ്പർശ്യരുമായി കരുതിയിരുന്നു.

പലസ്തീനായിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ സെക്ടുകളിലൊന്നും ഉൾപ്പെട്ടിരുന്നില്ല. മണ്ണിന്‍റെ മക്കളായ സാധാരണക്കാരെ സെക്ടുകളിൽപ്പെട്ടവർ വെറുത്തിരുന്നു. യേശുവാകട്ടെ ഈ സാധാരണക്കാരോടൊപ്പമായിരുന്നു. അവർക്ക് ആശ്വാസവും സൗഖ്യവും നൽകിക്കൊണ്ട് ആ കരുണാമയൻ നടന്നുനീങ്ങി. അവിടുന്ന് പ്രീശരുടെ നിയമബദ്ധതയെയോ സദൂക്യരുടെയും ഹോറോദ്യരുടെയും സാമ്രാജ്യപക്ഷപാതിത്വത്തെയോ, എസീനികളുടെ പലായന മനോഭാവത്തെയോ തീക്ഷണരുടെ രക്‌തരൂക്ഷിത വിപ്ലവമാർഗത്തെയോ അംഗീകരിച്ചില്ല.

അവിടുന്ന് ഒരു സെക്ടിലും ഉൾപ്പെട്ടിരുന്നില്ല. മറിച്ച് മനുഷ്യമോചനത്തെപ്പറ്റി നവ്യമായ ദർശനം പുലർത്തി. ശത്രുക്കളെപ്പോലും ഉൾക്കൊള്ളുന്ന അതിരില്ലാത്ത സ്നേഹത്തിലൂടെയുള്ള മാനവമോചനമാണ് അവിടുന്ന് പ്രഘോഷിച്ചത്. ഈ വിശ്വവിശാലമായ സ്നേഹദർശനം സെക്ടുകളുടെ പിണിയാളുകൾ നിഷ്കരുണം തള്ളിക്കളഞ്ഞു. അവർ സ്നേഹത്തിന്‍റെ പ്രവാചകനെ കൊലമരത്തിലേറ്റാൻ കരുക്കൾ നീക്കി. തന്‍റെ മഹത്തായ സ്നേഹദർശനത്തിന് യേശു കൊടുത്ത വിലയാണ് കുരിശ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.