പാറമ്പുഴയിലെ അരുംകൊല
പാറമ്പുഴയിലെ അരുംകൊല
<യ>പണിയാൻ ആളായപ്പോൾ

ഇതരസംസ്‌ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പണിയാൻ ആളായി എന്ന മനോഭാവമായിരുന്നു മലയാളിക്ക്. അതുകൊണ്ടുതന്നെ ശാരീരിക അധ്വാനമുള്ള പല തൊഴിൽ മേഖലകളിൽനിന്നും അവർ പതിയെ പിൻമാറി. എല്ലാം ബംഗാളികളുടെയും ആസാമികളുടെയും ബിഹാറികളുടെയുമൊക്കെ ചുമലിൽ വച്ചുകൊടുത്തു. സ്വന്തം നാട്ടിൽ ഒരാഴ്ച പണിതാൽ കിട്ടുന്ന കൂലി കേരളത്തിൽ രണ്ടു ദിവസം കൊണ്ടു കിട്ടുമെന്നായപ്പോൾ ഇതരസംസ്‌ഥാന തൊഴിലാളികളുടെ ഗൾഫ് ആയി കേരളം മാറി. കേരളത്തിൽ പോയ പയ്യൻമാർ കൈനിറയെ കാശുമായി വരുന്നതു കണ്ടതോടെ ഈ സംസ്‌ഥാനങ്ങളിൽനിന്നൊക്കെ കേരള ഗൾഫിലേക്ക് ഒഴുക്കു തുടങ്ങി. എന്നാൽ, ഈ ഒഴുക്കിനൊപ്പം എത്തിയ ചില ‘വന്യമൃഗങ്ങളെ’ ആദ്യമൊന്നും മലയാളിക്കു മനസിലായില്ല. എന്നാൽ, ഇപ്പോൾ സംഭവം പുകഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതരസംസ്‌ഥാന തൊഴിലാളികൾക്കൊപ്പം എത്തുന്ന കൊടുംക്രിമിനലുകൾ അവരുടെ തനിസ്വഭാവം പുറത്തെടുത്തു തുടങ്ങിയിരിക്കുന്നു. ഒരു മലയാളിയുടെ വീട്ടിൽ പട്ടാപ്പകൽ കടന്നുകയറി ഒരു പെൺകുട്ടിയെ മാനഭംഗപ്പെടുത്തി അതിനിഷ്ഠുരമായി കൊലപ്പെടുത്താൻ അവർക്കു ധൈര്യം കിട്ടിത്തുടങ്ങിയിരിക്കുന്നു. 25 ലക്ഷത്തോളം ഇതരസംസ്‌ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് സർക്കാർ നിയോഗിച്ച ഗുലാത്തി കമ്മീഷൻ തന്നെ പറയുന്നത്. ദിവസവും ആയിരക്കണക്കിനു പേർ പുതുതായി എത്തുകയും ചെയ്യുന്നു. തീർത്തും മൃഗീയമായി സഹജീവികളെ കൈകാര്യം ചെയ്യുന്ന ക്രിമിനലുകളുടെ സാന്നിധ്യം കേരളത്തെ ഞെട്ടിക്കുന്നു. കേരളം വലിയൊരു ബോംബിന്റെ മുകളിലാണ് ഇരിക്കുന്നതെന്ന് തിരിച്ചറിയേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്നു മുതൽ വായിക്കുക ഇതരസംസ്‌ഥാന തൊഴിലാളികൾ ഉൾപ്പെട്ട കൊടുംക്രൂരതകളുടെ കഥകൾ.

അവിശ്വസനീയമായ കൊലപാതകമാണ് പാറമ്പുഴയിൽ നടന്നത്. ഉത്തർപ്രദേശിലെ ഫിറോസാബാദുകാരനായ നരേന്ദർകുമാർ (26) എന്നയാൾ ഒറ്റയ്ക്ക് മൂന്നുപേരെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തി. പണത്തിനു വേണ്ടിയായിരുന്നു ഈ അരുംകൊല. 2015 മെയ് 16ന് നേരം പുലർന്നപ്പോൾ പാറമ്പുഴ ഗ്രാമം നടുങ്ങി. പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീൺ ലാൽ (28) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം കാട്ടുതീ പോലെ പടർന്നു. ജനം പാറമ്പുഴയിലേക്ക് ഒഴുകി. രണ്ടുമാസമായി ഇവരുടെ അലക്കു കമ്പനിയിൽ തേപ്പുകാരനായിരുന്നു പ്രതി. കൊല്ലപ്പെട്ട പ്രസന്നകുമാരി ചില ദിവങ്ങളിൽ ഇയാൾക്കു ഭക്ഷണം നല്കുമായിരുന്നു. അന്നം തന്നവരെ അതി ദാരുണമായിട്ടാണു വെട്ടിനുറുക്കിയത്.

<യ>ആദ്യം അറിഞ്ഞത് അയൽവാസികൾ

കൊല്ലപ്പെട്ട പ്രവീൺ ലാലിന്റെ സുഹൃത്തുക്കളും അയൽവാസികളുമായ കാവുംഭാഗം എബിയും പരുത്തിക്കുഴിവാല വൈശാഖുമാണു കൊലപാതക വിവരം ആദ്യം പുറം ലോകത്തെ അറിയിച്ചത്. പ്രവീണിന്റെ സഹോദരൻ ബിബിന്റെ ഫോൺ കോൾ കേട്ടാണ് വൈശാഖ് എഴുന്നേറ്റത്. കിംസ് ആശുപത്രിയിൽനിന്നു വിളിച്ചിരുന്നു. അലക്കാൻ കൊടുത്തിരുന്ന തുണി അവർക്കു കിട്ടിയില്ലെന്നും നീ തുണി ആശുപത്രിയിൽ ഏല്പിക്കണമെന്നുമായിരുന്നു ബിബിന്റെ ആവശ്യം. എന്നാൽ കുറച്ചുകഴിയട്ടേയെന്നു പറഞ്ഞ് വൈശാഖ് ഒഴിഞ്ഞു. എങ്കിൽ ഞാൻ എബിയെ വിളിക്കാമെന്നു പറഞ്ഞ് ബിബിൻ ഫോൺ കട്ടു ചെയ്തു. തുടർന്നു എബിയെ വിളിച്ച് ഇതേകാര്യം ആവശ്യപ്പെട്ടു. എബി ഉടൻ ബിബിന്റെ വീട്ടിലെത്തി. എന്നാൽ ആരെയും കണ്ടില്ല. വീടിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു. തുടർന്നു ലോൺട്രി കടയുടെ അടുത്തെത്തിയപ്പോൾ ചോരപ്പാടുകൾ കണ്ടു. ഭയം തോന്നിയ എബി വൈശാഖിനെ വിളിച്ചുവരുത്തി. ചോരപ്പാടുകളുടെ പുറകെയെത്തി ലോൺട്രി കടയുടെ ഷട്ടർ തുറന്നപ്പോൾ ഞെട്ടിപ്പോയി.

കഴുത്തു വെട്ടിപ്പൊളിച്ച നിലയിൽ പ്രവീണിനെ കണ്ടെത്തി. അപ്പോഴും തൊണ്ടക്കുഴിയിൽ നിന്നു രക്‌തം ഒഴുകുന്നുണ്ടായിരുന്നു. ആരോ തങ്ങളുടെ പ്രവീണിനെ കൊലപ്പെടുത്തിയതാണെന്നു മനസിലാക്കിയ ഇരുവരും സുഹൃത്ത് പ്രകാശനെ വിളിച്ചുവരുത്തി. പ്രകാശ് എത്തി പ്രവീൺ മരിച്ചെന്നു മനസിലാകുകയും മണർകാട് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കടയുടെ പുറകിലത്തെ മുറി പരിശോധിച്ചപ്പോഴാണു ലാലസനും പ്രസന്നകുമാരിയും കൊലചെയ്യപ്പെട്ടു കിടക്കുന്നതു കണ്ടത്.

മൂലേപ്പറമ്പിൽ വീടിനോടു ചേർന്ന അലക്കു സ്‌ഥാപനത്തിൽ രണ്ടു മാസമായി തുണിതേപ്പുജോലി ചെയ്തു വരികയായിരുന്നു നരേന്ദർകുമാർ.

<ശാഴ െൃര=‘ിമൃലിറൃമി.ഷുഴ‘ />

<യ>കൊല നടത്തിയത് ഇങ്ങനെ


2015 മെയ് 15ന് രാത്രി 12.30ന് മൂലേപ്പറമ്പിൽ വീടിനോടു ചേർന്ന അലക്കുകടയിൽ പ്രവീൺ ഉറക്കത്തിലായിരിക്കെ അർധരാത്രി കോടാലിക്ക് അടിച്ച് കൊലനടത്തിയശേഷം കത്തികൊണ്ടു കഴുത്തുമുറിക്കുകയായിരുന്നു. തുടർച്ചയായി നിരവധി തവണ കോടാലികൊണ്ടു തല്ലി. മരണം ഉറപ്പാക്കാൻ വൈദ്യുതി ഷോക്ക് നൽകി. ഒച്ചപ്പാടുകേട്ട് വീട്ടിൽനിന്നു ഇറങ്ങിവന്ന അച്ഛൻ ലാലസനെ തലയ്ക്ക് അടിച്ചുവീഴ്ത്തി. നിലവിളി കേട്ട് ഓടിവന്ന പ്രസന്നകുമാരിയെയും ഇതേരീതിയിൽ കൊലെചെയ്തു ഒരു മണിക്കൂർ നീണ്ട ക്രൂരകൃത്യത്തിൽ മൂന്നുപേരും മരിച്ചതായി ഉറപ്പാക്കിയശേഷം പ്രസന്നകുമാരിയുടെ ആഭരണങ്ങൾ കവർന്നു. ഒരു കാതിലെ കമ്മൽ ഊരിയെടുക്കാൻ പറ്റാതെ വന്നപ്പോൾ കാത് അപ്പാടെ മുറിച്ചെടുത്തു. തുടർന്നു വീട്ടിൽ കയറി കിടപ്പുമുറിയിൽനിന്നു പരതി മൊബൈൽ ഫോണുകളും മറ്റും അപഹരിച്ചു. മടങ്ങിവന്ന പ്രതി അലക്കുകടയിലെ ബിൽബുക്കും ഡയറികളും മാത്രമല്ല മുറിയിലുണ്ടായിരുന്ന തുണ്ടുകടലാസുകൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും ബാഗിലാക്കാൻ മുറിയിൽ മൂന്നുമണിവരെ ചെലവഴിച്ചു.
വീടു പണയം വച്ചുണ്ടായ കടം വീട്ടാനാണു കൊലനടത്തിയതെന്നു അറസ്റ്റിലായപ്പോൾ പ്രതി പോലീസിനോടു പറഞ്ഞു. കടബാധ്യതയുണ്ടായപ്പോൾ പണമിടപാടുകാരനിൽനിന്നു മൂന്നു മാസം മുമ്പു രണ്ടു ലക്ഷം രൂപ കടം വാങ്ങി. ജൂണിൽ 60,000 രൂപ പലിശ ഉൾപ്പെടെ കടം തിരികെകൊടുത്തില്ലെങ്കിൽ വീടു നഷ്ടപ്പെടും. കേരളത്തിൽ ഏറെ സമ്പന്നരുണ്ടെന്നും ഇവിടെ വന്നാൽ ആരെയെങ്കിലും കൊലചെയ്തു പണമുണ്ടാക്കാമെന്നുമുള്ള ധാരണയിലാണ് ട്രെയിൻ കയറി കോട്ടയത്തെത്തിയത്. കോട്ടയത്ത് കറങ്ങുമ്പോഴാണു തേപ്പുജോലിക്ക് ആളെ ആവശ്യപ്പെടുന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടതും പ്രവീണിന്റെ ഫോണിൽ വിളിച്ച് പാറമ്പുഴയിൽ ജോലിക്കെത്തിയതും.

<യ>പ്രതിയുടെ രക്ഷപ്പെടൽ

കൃത്യത്തിനുശേഷം കഴിഞ്ഞ പുലർച്ചെ മൂന്നു മണിയോടെ മോഷണവസ്തുക്കൾ ബാഗിലാക്കി ഒരു ഓട്ടോറിക്ഷയിലാണു കോട്ടയം റെയിൽവെ സ്റ്റേഷനിൽ എത്തിത്. അവിടെ നിന്ന് ട്രെയിനിൽ മുംബൈയിലെത്തി സ്വന്തം നാട്ടിലേക്ക് പോവുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ രക്ഷപ്പെട്ട പ്രതി ബുധനാഴ്ച രാവിലെ ഒമ്പതിനു വീട്ടിലെത്തിയെങ്കിലും വീട്ടിൽ തങ്ങിയില്ല. കേരളത്തിൽനിന്നു പോലീസ് പിന്നാലെ വരുമോ എന്ന ആശങ്കയിൽ ഉച്ചയോടെ ഇയാൾ വീടുവിട്ടിറങ്ങി ബന്ധുക്കളുടെയും പഴയ ചങ്ങാതിമാരുടെയും ഒപ്പം കഴിഞ്ഞു. കൊലനടത്തിയതൊന്നും ആരോടും ഇയാൾ വെളിപ്പെടുത്തിയതുമില്ല. മുങ്ങിനടക്കുന്ന സമയങ്ങളിൽ ഇയാളുടെ മൊബൈൽ ലൊക്കേഷൻ നോക്കിയും ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തിനും വൈകുന്നേരത്തോടെ പോലീസ് വീട് കണ്ടുപിടിച്ചു. ഒരു മണിക്കൂറോളം ഈ ചേരിയിലൂടെ നടന്നു വീടിന്റെയും പ്രദേശത്തിന്റെയും ഘടനയും ദേശവാസികളുടെ സമീപനവും പോലീസ് പഠിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ നീക്കം സൈബർ സെൽ പരിശോധനയിലൂടെ അപ്പപ്പോൾ അറിഞ്ഞ് ചേരി അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഒരു ബന്ധുവാണ് ഇയാളെക്കുറിച്ചു കൃത്യമായ വിവരം നൽകിയത്. വൈകാതെ പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

<യ>പേരു മാറ്റിയും കൊലയാളിയുടെ തട്ടിപ്പ്

നരേന്ദർ പാറാമ്പുഴക്കാരെ പേരു പറഞ്ഞും പറ്റിച്ചു. ജയ്സിംഗ് എന്നാണ് തന്റെ പേരെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പോലീസ് ഫിറോസാബാദിലെത്തി നടത്തിയ അന്വേഷണത്തിലാണ് നരേന്ദർ എന്ന യഥാർഥപേരാണെന്ന വിവരം ലഭിച്ചത്. അതുവരെ പോലീസ് അടക്കമുള്ള അന്വേഷണ സംഘത്തെ പ്രതി സമർഥമായി കബളിപ്പിക്കുകയായിരുന്നു. കേരളത്തിലേക്കു തൊഴിൽ തേടിയെത്തിയപ്പോൾ നരേന്ദർ, ജയ്സിംഗ് എന്ന പേർ സ്വീകരിക്കുകയായിരുന്നു. ജയ്സിംഗ് എന്നു സ്വയം പരിചയപ്പെടുത്തിയാണു പാറമ്പുഴയിൽ പ്രവീൺലാലിനെ പരിചയപ്പെട്ടത്. പിന്നീടു ഒപ്പം ജോലി ചെയ്തിരുന്നവരോടു പോലും പറഞ്ഞതു ഇതേ പേരു തന്നെ. ക്ലീനിംഗ് കമ്പനിക്കു സമീപത്തുള്ളവർ, പ്രവീണിന്റെ സുഹൃത്തുക്കൾ തുടങ്ങി ഫ്ളക്സി ചെയ്തിരുന്ന കടയിൽ പോലും നൽകിയത് ജയ്സിംഗ് എന്ന പേരായിരുന്നു. ഇതര സംസ്‌ഥാനങ്ങളിൽ നിന്നു വരുന്നവരുടെ യഥാർഥ പേര് എന്താണെന്ന് ആർക്കാണറിയാവുന്നത് ? ഇതുപോലെ എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോഴാണ് പേര് തട്ടിപ്പും പുറത്താകുന്നത്.
തുടരും....

<യ>തയാറാക്കിയത്:
സി.സി. സോമൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.