പെരുമ്പാവൂരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു: പ്രതികൾ കാണാമറയത്ത്
പെരുമ്പാവൂരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു: പ്രതികൾ കാണാമറയത്ത്
<യ>ഷിജു തോപ്പിലാൻ

പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്‌ഥാന തൊഴിലാളികൾ ഉൾപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കൂടുതലും ഇവർ തമ്മിലുള്ള അക്രമങ്ങളാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ക്രൂരമായ കുറ്റകൃത്യങ്ങൾക്കു വഴിതെളിക്കുന്നു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും നടന്ന ഏഴോളം സംഭവങ്ങളിൽ ഇതരസംസ്‌ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ പ്രതികളും ഇതരസംസ്‌ഥാന തൊഴിലാളികൾ തന്നെയാണ്. പല കൊലപാതകത്തിനും പിന്നിൽ നിസാര പ്രശ്നങ്ങളാണ്. ചെറിയ തർക്കങ്ങൾ പോലും കൊലയ്ക്കു കാരണമായിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങൾ ഉൾപ്പെടെ പലകേസുകളിലും പ്രതികളെ പിടികൂടാൻ പോലീസിനു കഴിയാറില്ല.

കൃത്യമായ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതെ ഇവിടെ താമസമാക്കിയിരിക്കുന്നവരാണ് ഇവരിൽ പലരും. ഇതരസംസ്‌ഥാനക്കാർക്കു വാടക കെട്ടിടങ്ങൾ നൽകുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. തിരിച്ചറിയൽ രേഖകൾ വാങ്ങാതെയും പഞ്ചായത്തിന്റെയും പോലീസിന്റെയും അനുമതി തേടാതെയുമാണ് ഇതരസംസ്‌ഥാനക്കാർക്കു കെട്ടിട ഉടമകൾ മുറികൾ വാടകയ്ക്കു നൽകുന്നത്. ഇതുപലപ്പോഴും കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിനു തടസം സൃഷ്‌ടിക്കാറുണ്ട്.

ജിഷയുടെ കൊലപാതക കേസിലെ പ്രതി വൈദ്യശാലപ്പടിയിലെ കെട്ടിടത്തിൽ താമസിച്ച വിവരം കെട്ടിട ഉടമ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണത്തിനിടെ പുറത്തുവന്നിരുന്നു. പഞ്ചായത്തുകളിലും നഗരസഭയിലും ഏറ്റവും കൂടുതൽ ആസാം, പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഇതരസംസ്‌ഥാന തൊഴിലാളികളാണുളളത്. തൊഴിൽ ചെയ്യുന്ന മേഖലകളിൽ അവർ നൽകുന്ന കെട്ടിടങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. അതിനാൽ അവരെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നില്ല. ഒരു മുറിയിൽ എട്ടും, പത്തും തൊഴിലാളികളാണ് താമസിക്കുന്നത്. ഇവർക്കാവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ല. 2,500 ലധികം തൊഴിൽ കരാറുകാരാണ് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നത്. എന്നിട്ടും ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് 20–ൽ താഴെ തൊഴിലുടമകൾ മാത്രം.

<യ>നിസാരകാരണങ്ങൾ ക്രൂരകൊലപാതകത്തിലേക്ക്

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു.രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


മൂന്നു വർഷം മുമ്പ് വല്ലത്ത് പ്ലൈവുഡ് കമ്പനിയിലെ ഇതരസംസ്‌ഥാനക്കാരനായ സൂപ്പർവൈസറെ പണം തട്ടാനായി കൊന്ന സംഭവം ഉണ്ടായി. പ്ലൈവുഡ് കമ്പനിയിലെ പണം സൂക്ഷിക്കുന്നത് ഇതരസംസ്‌ഥാനക്കാരനായ സൂപ്പർവൈസർ തന്നെയായിരുന്നു. ഇതു മനസിലാക്കിയ അവിടത്തെ തൊഴിലാളികൾ ഇയാളെ കൊന്നശേഷം നാടുവിട്ടു. കേസിൽ ഇതരസംസ്‌ഥാനക്കാരായ ആറിലധികം പ്രതികളുണ്ടായിരുന്നു. ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ഇതരസംസ്‌ഥാനക്കാർ ഉൾപ്പെട്ടിട്ടുള്ള മറ്റു കേസുകൾ പോലെ ഈ കേസിലും അന്വേഷണം പാതിവഴിയിൽ നിലച്ചു.

കഴിഞ്ഞ വർഷമാണ് മാറമ്പിള്ളിയിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവ് ഭാര്യയെ തീകൊളുത്തി കൊന്നത്. ഭാര്യക്കു സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇയാൾ ക്രൂരമായ കൊലനടത്തിയത്്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്‌ഥലത്തുവച്ചു തന്നെ അവർ കൊല്ലപ്പെട്ടു. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

തുരുത്തിപ്പള്ളിക്കു സമീപം താറാവ് ഫാമിലെ ജോലിക്കാരൻ മറ്റൊരു ജോലിക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2015 ഡിസംബർ 20ന് രാത്രിയാണ് ഫാമിലെ തൊഴിലാളിയായ ആസാം സ്വദേശി രാജു (20) വെട്ടേറ്റ് മരിച്ചത്. രണ്ടുപേരും തമ്മിലുള്ള തർക്കങ്ങളായിരുന്നു കൊലയിൽ കലാശിച്ചത്. കൊലപാതകത്തിനു ശേഷം പ്രതി സ്വദേശമായ ആസാമിലേക്കു കടന്നു. എന്നാൽ, അന്വേഷണ സംഘം ഇയാളെ പിന്തുടർന്നെത്തി ആസാമിൽ നിന്നും പിടികൂടി. വെങ്ങോലയിൽ ആക്രിക്കടയിൽ ഇതരസംസ്‌ഥാനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ കേസിലെ പ്രതി ഇപ്പോഴും വെങ്ങോലയിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്തുവരുന്നു.

<യ>മറ്റുകേസുകളും

മോഷണം, അടിപിടി, മയക്കുമരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള വിവിധ കേസുകളിൽ നൂറിലധികം ഇതരസംസ്‌ഥാനക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പലരും ഇപ്പോഴും ജയിലുകളിൽ കഴിയുന്നുണ്ട്. ഇതരസംസ്‌ഥാന തൊഴിലാളികൾക്കിടയിൽ വേശ്യാലയങ്ങൾ നടത്തിപ്പ് ഉൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പെരുമ്പാവൂരിൽ ഇത്തരത്തിൽ ഒരു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് പൂട്ടിച്ചിരുന്നു. വീടുകൾ വാടകയ്ക്കെടുത്ത് പെൺവാണിഭകേന്ദ്രം നടത്തുകയായിരുന്നു. ഇതരസംസ്‌ഥാനക്കാർക്കു മാത്രമായിരുന്നു അവിടെ പ്രവേശനം. നടത്തിപ്പുകാരും ഇതരസംസ്‌ഥാനക്കാർ. അതുകൊണ്ട് പുറംലോകം അറിഞ്ഞില്ല. സംശയം തോന്നിയ നാട്ടുകാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി അത് അടച്ചുപൂട്ടുകയായിരുന്നു. പല കേസുകളിലും ഇതരസംസ്‌ഥാനക്കാരായതിനാൽ പോലീസ് ശ്രദ്ധിക്കാറില്ല. പ്രതികളെ പിടികൂടാൻ മെനക്കെടാറുമില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.