ഇതര സംസ്‌ഥാനക്കാർക്കും ഭീഷണിയായി ഇതരസംസ്‌ഥാന ക്രിമിനലുകൾ
ഇതര സംസ്‌ഥാനക്കാർക്കും ഭീഷണിയായി ഇതരസംസ്‌ഥാന ക്രിമിനലുകൾ
ഇതരസംസ്‌ഥാനത്തു നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയവർ തമ്മിലും അടിയും വഴക്കും ഇവരുടെ താമസ സ്‌ഥലത്തെ സ്‌ഥിരം സംഭവമാണെന്ന് വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായ ചിലർ തമ്മിലുണ്ടാകുന്ന വഴക്ക് കൊലപാതകത്തിൽ വരെ കലാശിച്ചിട്ടുണ്ട്. കത്തിക്കുത്തും കമ്പിവടിക്കടിയും മറ്റുമുണ്ടായ കേസുകളും നിരവധിയാണ്.

വൈക്കത്ത് അടുത്ത നാളിൽ നടന്ന ഒരു കൊലപാതകത്തിൽ പ്രതി ഇതര സംസ്‌ഥാനക്കാരനാണ്. കൊല്ലപ്പെട്ടതും ഇതര സംസ്‌ഥാനക്കാരൻ തന്നെ. തലയാഴം മാടപ്പള്ളിയിൽ ഗ്യാസ് ഗോഡൗണിലെ അന്യസംസ്‌ഥാനക്കാരനായ ജീവനക്കാരന്റെ മൃതദേഹം തോട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ചാക്കു കെട്ടിനു പുറകെ പോയ കേരളാ പോലീസിന് അതൊരു കൊലപാതകമായിരുന്നുവെന്നും ഒപ്പം താമസിച്ചിരുന്നയാളാണ് കൊല നടത്തിയതെന്നും മനസിലാക്കാൻ അധികസമയം വേണ്ടിവന്നില്ല.

കുമരകം ഇൻഡേൻ ഗ്യാസ് ഏജൻസിയുടെ തലയാഴം മാടപ്പള്ളിയിലെ ഗോഡൗണിലെ ജീവനക്കാരൻ ആസാം സ്വദേശി മോഹൻദാസ് (27) കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ഇയാൾക്കൊപ്പം ജോലിചെയ്യുകയും കൂടെ താമസിക്കുകയും ചെയ്ത ആസാം സ്വദേശി ജഗന്നാഥ് ദേവി(36)ലേക്ക് അന്വേഷണം നീണ്ടത്. മോഹൻദാസിന്റെ തലയ്ക്കേറ്റ കനത്ത പ്രഹരമാണ് മരണകാരണം എന്നു വ്യക്‌തമായിരുന്നു.

തലച്ചോർ ഇളകുന്ന രീതിയിൽ ഏറ്റ അടി ഇരുമ്പു ദണ്ഡു പോലുള്ള വസ്തു കൊണ്ടാകാമെന്ന നിഗമനത്തിലാണു പോലീസ്. ഒറ്റയടിക്കു മരണം സംഭവിക്കാവുന്ന വിധത്തിലുള്ള പ്രഹരം ഒരുപക്ഷേ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഉണ്ടായ പ്രകോപനം മൂലമായിരിക്കാം. കൊലയ്ക്കു ശേഷം രാവിലെ വൈക്കത്തുനിന്ന് മുങ്ങിയ ജഗന്നാഥ് ദേവിനെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആസാമിൽ നിന്നാണ് പോലീസ് പിടികൂടിയത്.


ഏറ്റുമാനൂർ ഇൻഡസ്ട്രിയിൽ എസ്റ്റേറ്റിലെ ഒരു ഫാക്ടറിയിൽ ജോലിക്കെത്തിയ ഇതര സംസ്‌ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വഴക്കും കൊലപാതകത്തിലാണ് കലാശിച്ചത്. രണ്ടു വർഷം മുൻപാണ് സംഭവം. ജോലിയില്ലാതിരുന്ന ഒരു ദിവസം രാത്രിയിൽ എല്ലാവരും ചേർന്ന് മദ്യം കഴിച്ചുകൊണ്ടിരിക്കെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിറക് കമ്പിന് അടിയേറ്റ ഇതര സംസ്‌ഥാന തൊഴിലാളി തത്ക്ഷണം മരിച്ചു. പിറ്റേന്നു രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ടു പോയ പ്രതികളെ പോലീസ് പിടികൂടി.

ബംഗാൾ, ആസാം, തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നള്ളവർക്കു കേരളം ഗൾഫാണ്. കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്ക് ഇവർ മദ്യത്തിനും മറ്റു ലഹരികൾക്കുമായി ചെലവഴിക്കുകയാണ്. ഞായറാഴ്ച ദിവസങ്ങളിൽ നഗരത്തിൽ ഇതര സംസ്‌ഥാന തൊഴിലാളികളെക്കൊണ്ട് നിറയും. താമസസ്‌ഥലത്ത് മിക്ക രാത്രികളിലും മദ്യസേവയുണ്ടാകും. പിന്നീട് വാക്കു തർക്കവും ഇതേതുടർന്ന് സംഘർഷവും പലയിടത്തും പതിവാണ്. ഇതര സംസ്‌ഥാന ക്യാമ്പുകൾക്ക് സമീപം താമസിക്കുന്നവരാണ് ഇതിന്റെ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നത്. ബഹളമുണ്ടാക്കുന്നവരെ പറഞ്ഞ് മനസിലാക്കാൻ കഴിയാത്ത അവസ്‌ഥയിലാണ് നാട്ടുകാർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.