ജീവനെടുക്കുന്ന ആഭരണക്കൊതി
ജീവനെടുക്കുന്ന ആഭരണക്കൊതി
കിടങ്ങൂർ സ്വദേശി മറിയാമ്മയെന്ന എൺപതുകാരി ബംഗാളിയുടെ കൊലക്കത്തിക്കിരയായിട്ട് ആറു വർഷമാകുന്നു. മറിയാമ്മയെ കൊന്ന് ആഭരണം കവർച്ച ചെയ്ത് മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചു വച്ച സംഭവം കോട്ടയത്തുകാർ ഇന്നും ഭീതിയോടെയാണ് ഓർമിക്കുന്നത്. ബംഗാൾ സ്വദേശിയാണ് അന്ന് കൊല നടത്തിയത്.

2010ലാണ് സംഭവം. കിടങ്ങൂർ തോട്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മയാണ് കൊല്ലപ്പെട്ടത്. മറിയാമ്മയുടെ വീടിന്റെ സമീപത്താണ് ഏതാനും ബംഗാളികൾ താമസിച്ചിരുന്നത്. റബർ നഴ്സറിയിൽ ജോലിചെയ്തു വരികയായിരുന്നു ബംഗാളികൾ. ഭാഷ അറിയില്ലെങ്കിലും അയൽവാസികൾ എന്ന നിലയിൽ മറിയാമ്മ ബംഗാളികളുമായി നല്ല സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം പറമ്പിൽ ആടിനെ കെട്ടാൻ പോയ മറിയാമ്മ തിരികെ വരുമ്പോൾ അടുത്ത പറമ്പിൽ താമസിക്കുന്ന ബംഗാളിയെ വിളിച്ച് ചക്കയിട്ടുതരാമോ എന്നു ചോദിച്ചു. ചക്കയിടാൻ വന്ന മുഹമ്മദ് ഷുക്കൂർ അലി (30) മറിയാമ്മയെ തൊട്ടടുത്ത കലുങ്കിനടിയിലേക്ക് വലിച്ചിഴച്ചു. അവിടെ വച്ച് കുത്തിക്കൊലപ്പെടുത്തി. കലുങ്കിനടിയിൽ മൃതദേഹം ഉപേക്ഷിച്ച് അയാൾ ഒന്നുമറിയാതെ താമസസ്‌ഥലത്തെത്തി. മറിയാമ്മ ധരിച്ചിരുന്ന എട്ടു പവൻ ആഭരണങ്ങൾ പ്രതി കൈവശപ്പെടുത്തി. അതിനുശേഷം സ്‌ഥലം വിടാനായി തന്റെ വസ്ത്രങ്ങളെല്ലാം ബാഗിലാക്കി പോകാനുള്ള തയാറെടുപ്പുകൾ നടത്തി.

ഇതിനിടെ മറിയാമ്മയെ കാണാതെ അയൽവാസികൾ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിനിടയിൽ കലുങ്കിനടിയിൽ പുറത്തേക്കു തള്ളിയ നിലയിൽ കാൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. മറിയാമ്മ ആടിനെ കെട്ടാൻ പോകുന്നതും ബംഗാളിയുമായി സംസാരിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. അതോടെ ബംഗാളിയാണ് കൊല നടത്തിയതെന്ന് വ്യക്‌തമായി. നിമിഷങ്ങൾക്കകം പോലീസും സ്‌ഥലത്തെത്തി. നാട്ടുകാരും പോലീസും ചേർന്ന് ബംഗാളിയെ തെരയാൻ തുടങ്ങി. താമസ സ്‌ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്നും ആഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നും വ്യക്‌തമായി. മോഷ്‌ടിച്ച ആഭരണങ്ങൾ സമീപത്തെ ഒരു കയ്യാലയുടെ പൊത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയുമായി പോലീസ് നേരേ കയ്യാലയ്ക്കടുത്തെത്തി പ്രതിയെക്കൊണ്ടു തന്നെ ആഭരണങ്ങൾ പുറത്തെടുത്തു. ബുദ്ധിമാനായ ബംഗാളി പറഞ്ഞത് ആഭരണവുമായി പോയാൽ പെട്ടെന്നു പിടിയിലാകുമെന്നതിനാലാണ് കയ്യാലയിൽ ഒളിപ്പിച്ചതെന്നാണ്. രാത്രിയിൽ വന്ന് കയ്യാലയിൽനിന്ന് ആഭരണം എടുത്ത് നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ, അതിനു മുൻപേ പിടിയിലാവുകയായിരുന്നു.


കേസ് കോടതിയിലെത്തിയപ്പോൾ സാഹചര്യ തെളിവും സയന്റിഫിക് തെളിവുകളുമായിരുന്നു പ്രോസിക്യൂഷൻ നിരത്തിയത്. പുഷ്പം പോലെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചു. പ്രതി മുഹമ്മദ് ഷുക്കൂർ അലിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.

കിടങ്ങൂർ കൊലപാതകം ശരിക്കും ജനങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇതര സംസ്‌ഥാനക്കാരെ വിശ്വസിച്ച് ജോലിക്കു നിർത്താനാവില്ലെന്നും ഇവർ എപ്പഴാ നമ്മുടെ ജീവനെടുക്കുന്നതെന്ന് അറിയില്ല എന്നൊക്കെയായിരുന്നു ആ സമയത്തെ ജനസംസാരം. പ്രായമായവരെ തനിച്ച് വീട്ടിൽ താമസിപ്പിക്കാൻ പോലും ഭയപ്പെട്ടിരുന്നു. ആഭരണം ധരിച്ചുകൊണ്ട് പുറത്തിറങ്ങാൻ സ്ത്രീകൾക്ക് പേടിയായിരുന്നു. എന്നാൽ പിന്നീട് ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരുടെ കുത്തൊഴുക്കായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതര സംസ്‌ഥാനത്തുനിന്ന് തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയത്. ഇപ്പോഴും ഒഴുക്കു തുടരുന്നു. ഇതര സംസ്‌ഥാനത്തു നിന്നുള്ളവരുടെ എണ്ണം വർധിച്ചപ്പോൾ ഇവർ പ്രതികളായുള്ള കുറ്റകൃത്യങ്ങളും വർധിച്ചു.

തയാറാക്കിയത്: <യ>സി.സി. സോമൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.