യുവാവിനെ അടിച്ചുകൊന്നു ചിതയൊരുക്കി കത്തിച്ചു
യുവാവിനെ അടിച്ചുകൊന്നു ചിതയൊരുക്കി കത്തിച്ചു
യുവാവിനെ വിറകുകമ്പിന് അടിച്ചുകൊന്ന ശേഷം മുറ്റത്തു ചിതകൂട്ടി മൃതദേഹം കത്തിച്ച മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം രാമപുരത്തുകാർ മറന്നിട്ടില്ല. പ്രതികളെ പോലീസ് പിടികൂടിയില്ലായിരുന്നുവെങ്കിൽ കൊലപാതകക്കുറ്റം ചുമത്തി സമീപവാസികൾ അകത്തായേനേ. കാരണം കൊല്ലപ്പെട്ടത് ആരെന്നോ കൊലപാതകിയെക്കുറിച്ചോ ഒരു സൂചനയും ആദ്യഘട്ടത്തിൽ ഇല്ലായിരുന്നു.

പാലായ്ക്കടുത്ത് രാമപുരം അമനകരയിൽ ഒരു വാടക വീട്ടിൽ താമസിച്ചു വന്ന തമിഴ്നാട് സ്വദേശി മധുര പൊത്തക്കുള സ്വദേശി രാമർ (33) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 24–നാണ് സംഭവം. രാമറിന്റെ ബന്ധുകൂടിയായ മധുര സ്വദേശി കാളിരാജ് ആണ് അറസ്റ്റിലായത്.

രാമപുരം അമനകര ആനിച്ചുവട്ടിലെ കാഞ്ഞിരപ്പുഴ പരേതനായ കുട്ടായിയുടെ വാടകവീട്ടിൽ് മധുര സ്വദേശികളായ രാമർ, കാളി, രാമറിന്റെ സഹോദരൻ എസക്കി എന്നിവർ താമസിച്ചുവരികയായിരുന്നു. മൂന്നു മാസമായി ഇവർ ആനിച്ചുവട് ഭാഗത്ത് കരിങ്കല്ലുപണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ കോൺട്രാക്ടറാണ് ഇവരെ കൊണ്ടുവന്നത്.

2016 ജനുവരി 25ന് രാവിലെ ഇവർ പണിക്കെത്താതായതിനെത്തുടർന്ന് കോൺട്രാക്ടർ തിരക്കി വാടകവീട്ടിലെത്തി. വീട് അടഞ്ഞു കിടക്കുന്നതു കണ്ട് തിരികെ പോകാൻ തുടങ്ങുമ്പോഴാണ് പിൻഭാഗത്ത് പുക ഉയരുന്നതു കണ്ടത്. അവിടെ നോക്കിയപ്പോൾ കോൺട്രാക്ടർ ഞെട്ടി. ഒരു മൃതദേഹം കത്തിക്കൊണ്ടിരിക്കുന്നതാണ് അദേഹം കണ്ടത്. ആരെയും സമീപത്തെങ്ങും കാണാനുമില്ല. ആകെപ്പാടെ ഒരു ശ്മശാന അന്തരീക്ഷം. പെട്ടെന്നു തന്നെ കോൺട്രാക്ടർ അവിടെ നിന്ന് ഓടി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

പോലീസ് പാഞ്ഞെത്തി. വിവരങ്ങൾ അന്വേഷിച്ചപ്പോൾ മൂന്നു പേർ ഇവിടെ താമസമുണ്ടായിരുന്നുവെന്നും ആരെയും കാണാനില്ല എന്നുമുള്ള വിവരങ്ങളാണ് ലഭിച്ചത്. മരിച്ചത് ആരെന്നുപോലും വ്യക്‌തമല്ല. കാരണം ഇവർക്ക് അയൽവാസികളുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. മധുര സ്വദേശിയാണെന്ന് വ്യക്‌തമായതിനാൽ ഉടനെ പോലീസ് മധുരയിലേക്ക് പോയി.

അതേസമയം രാമറിനെ കൊലപ്പെടുത്തിയ ശേഷം കാളി നേരേ പോയത് നാട്ടിലേക്കാണ്. നാട്ടിലെത്തിയ കാളി, രാമർ ആത്മഹത്യ ചെയ്തെന്നും മൃതദേഹം ദഹിപ്പിച്ചെന്നും വീട്ടുകാരെ വിശ്വസിപ്പിച്ചു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ മധുര പോലീസിന് പരാതി നല്കി. ഇതിനിടെയാണ് രാമപുരം പോലീസ് മധുരയിൽ എത്തിയത്. കേരളാ പോലീസ് മധുര പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ രാമറുടെ ബന്ധുക്കൾ നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പുറപ്പെടുകയായിരുന്നു മധുര പോലീസ്. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ് കേരള പോലീസ് എത്തുമെന്ന് കാളിക്കറിയാമായിരുന്നു. അതിനാൽ ആത്മഹത്യയെന്ന് വീട്ടുകാരെ ധരിപ്പിച്ച ശേഷം മുങ്ങാനുള്ള പദ്ധതി തയാറാക്കി വരുമ്പോഴാണ് കേരള പോലീസ് എത്തിയത്. മധുര പോലീസിന്റെ സഹായത്തോടെ മധുര വില്ലിപുരം തെരുവിൽ കാളിരാജിനെ (38) രാമപുരം പോലീസ് മധുരയിൽ നിന്ന് അറസ്റ്റു ചെയ്ത് കേരളത്തിൽ എത്തിച്ചു. പാലാ ഡിവൈഎസ്പി സുനീഷ് ബാബു, രാമപുരം സിഐ ഇമ്മാനുവൽ പോൾ, എസ്ഐ കെ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.


ചോദ്യം ചെയ്യലിൽ കാളി കൊലപാതക കുറ്റം ഏറ്റു. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാമറും കാളിയും തമ്മിൽ അടിപിടിയുണ്ടായി. ഇതിനിടെ വിറകുകമ്പിന് കാളി രാമറിനെ അടിച്ചു. അടിയേറ്റു വീണ രാമർ അവിടെക്കിടന്ന് മരിച്ചു. രാമറിന്റെ സഹോദരൻ എസക്കി സംഭവത്തിന് രണ്ടു ദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്നതിനാൽ ഇയാൾ ഇതൊന്നും അറിഞ്ഞില്ല. പിറ്റേന്നു രാവിലെ കാളി ഒറ്റയ്ക്ക് രാമറുടെ മൃതദേഹം മുറ്റത്തിറക്കി വച്ചു. അതിനു മുകളിൽ വിറകു വച്ച് കത്തിച്ച ശേഷം കാളി രക്ഷപ്പെടുകയായിരുന്നു. പാലായിലെത്തി മധുര ബസിൽ കയറിയാണ് ഇയാൾ പോയത്. പിന്നീട് നാട്ടിലെത്തി ആത്മഹത്യാകഥ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തി.

കോൺട്രാക്്ടർ തൊഴിലാളികളെ അന്വേഷിച്ച് താമസ സ്‌ഥലത്ത് എത്തിയില്ലായിരുന്നുവെങ്കിൽ ഈ സംഭവം ഉടനെയൊന്നും പുറത്തറിയില്ലായിരുന്നു. മാത്രമല്ല നാട്ടുകാരും സംശയ നിഴലിലാകുമായിരുന്നു. നാട്ടുകാരുമായി അധികം സമ്പർക്കം പുലർത്താത്ത ഇവരെ സംബന്ധിച്ച വിവരങ്ങൾ ഒന്നും ആർക്കും അറിയില്ലായിരുന്നു. ആരാണ് മരിച്ചതെന്നു പോലും ആദ്യ ദിവസം വ്യക്‌തമായിരുന്നില്ല. കാളിയാണ് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പോലീസ് മധുരയിൽ എത്തിയപ്പോഴാണ് കൊല്ലപ്പെട്ടത് രാമർ ആണെന്ന് വ്യക്‌തമായത്.

ഇതര സംസ്‌ഥാനത്തു നിന്ന് പണിക്കായി എത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ ഒന്നും ശേഖരിക്കാനോ അത് കൈവശം സൂക്ഷിക്കാനോ കോൺട്രാക്ടർമാർ തയാറാകാത്തതിനാലാണ് മരിച്ചത് ആരെന്നു പോലും ആദ്യഘട്ടത്തിൽ വ്യക്‌തമാകാതിരുന്നത്. പോലീസ് ഉണർന്നു പ്രവർത്തിച്ചതാണ് പ്രതിയെ അതിവേഗം കുടുക്കാൻ കാരണമായത്. മരിച്ചതും കൊന്നതും ഒരേ നാട്ടുകാരാണെങ്കിലും കൊല നടന്നത് കേരളത്തിൽ വച്ചായതിനാൽ സൂക്ഷിക്കേണ്ടത് മലയാളി തന്നെ.

ഒരാളെ കൊന്ന് മൃതദേഹം കത്തിക്കാനുള്ള മനസിനുടമ ഈ സംഭവത്തിന് ദൃക്സാക്ഷിയായവരെയും വെറുതെ വിടുമെന്നു കരുതാനാവില്ല. കോൺട്രാക്ടർ അവിടെ ചെല്ലുമ്പോഴാണ് മൃതദേഹം കത്തിക്കൽ നടക്കുന്നതെങ്കിൽ തെളിവ് നശിപ്പിക്കാനായി ഒരാളെക്കൂടി വകവരുത്താൻ ശ്രമിച്ചേക്കാം. എന്തായാലും അതിനൊന്നും ഇടവരുത്തിയില്ല എന്ന് ആശ്വസിക്കാം.

തയാറാക്കിയത്: <യ>സി.സി. സോമൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.