മൃതദേഹം ഫ്രിഡ്ജിൽ
മൃതദേഹം ഫ്രിഡ്ജിൽ
കുട്ടനാട്ടിലെ ഒരു കള്ളുഷാപ്പ്– ഏകദേശം ഒരുവർഷം മുമ്പ് ഈ ഷാപ്പ് നാട്ടുകാരെ ഉണർത്തിയത് ഫ്രിഡ്ജിനുള്ളിൽ ഒടിച്ചുമടക്കി വച്ച മൃതദേഹമുണ്ടെന്ന വാർത്തയുമായാണ്. തകഴി കേളമംഗലം 101–ാം നമ്പർ ഷാപ്പിലെ പാചകക്കാരനായ മിത്രക്കരി വലിയപറമ്പിൽ രാമചന്ദ്രന്റെ (അംബി–64) മൃതദേഹമാണ് 2015 ജൂലൈ പത്തിന് രാവിലെ 10 ഓടെ ഷാപ്പിനുള്ളിലെ പ്രവർത്തനരഹിതമായ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെയും പ്രതിസ്‌ഥാനത്ത് ആസാംകാരൻ തന്നെ.

മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നു രാത്രിയിൽ മരിച്ച രാമചന്ദ്രനോടൊപ്പമുണ്ടായിരുന്ന ആസാം സ്വദേശി ആകാശ് ദീപിനെ (23) സംഭവദിവസം രാവിലെ മുതൽ കാണാനുമില്ലായിരുന്നു. ഷാപ്പ് തുറക്കാനെത്തിയ മാനേജർ ബിജു ജീവനക്കാരെ കാണാത്തതിനെ തുടർന്ന് എടത്വ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അന്വഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണു ഷാപ്പിനുള്ളിൽ ചരിച്ചിട്ടിരിക്കുന്ന ഡബിൾ ഡോർ ഫ്രിഡ്ജിന്റെ വലിയ അറയിൽ തലയും കാലും കൈകളും ഒടിച്ചുചുരുട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൊഴിലാളികൾ സ്‌ഥിരമായി രാത്രികാലങ്ങളിൽ ഷാപ്പിലാണ് തങ്ങിയിരുന്നത്. മൃതദേഹം കണ്ടതിന്റെ തലേരാത്രി മാനേജർ പോകുമ്പോൾ ഇരുവരും ഷാപ്പിലുണ്ടായിരുന്നു. കാണാതായ ആസാം സ്വദേശിയെക്കുറിച്ചുള്ള അന്വേഷണമാണ് കേസിനു തുമ്പുണ്ടാക്കിയത്. ഇയാളുടെ മൊബൈൽ ഫോൺ സിഗ്നൽ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടുവരെ മൊബൈൽ പ്രവർത്തിച്ചിരുന്നതായും പിന്നീട് ഇത് സ്വിച്ച്ഓഫ് ആയതായും മനസിലാക്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്‌ഥലത്തെത്തി തെളിവെടുത്തു. ദിവസങ്ങൾക്കകം ആസാം സ്വദേശി ആകാശ് ദീപ് (23) പോലീസ് പിടിയിലായി. ആസാമിലെ മസൂളിയിൽ നിന്നാണ് ആസാം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തകഴിയിൽ നിന്ന് മുങ്ങിയ ആകാശ് ബംഗളൂരു, സീമാന്ധ്ര എന്നിവിടങ്ങളിൽ തങ്ങിയ ശേഷമാണ് ജന്മനാട്ടിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. ഭാര്യയെ വിളിക്കുന്നത് പിന്തുടർന്നാണ് ചെയ്താണ് ഇയാളെ കുടുക്കിയത്. പോലീസ് ഫോൺ സിഗ്നൽ പരിശോധിക്കുന്നതറിഞ്ഞ് ആകാശിന്റേയും ഭാര്യയുടേയും സിം കാർഡ് പലവട്ടം മാറിയെങ്കിലും പിടിവീഴുക തന്നെ ചെയ്തു. പോലീസ് അന്വഷണം വ്യാപിപ്പിച്ചതോടെ ഒളിത്താവളം മാറിമാറി നീങ്ങിയ ആകാശ് വീണ്ടും തിരിച്ച് ആസാമിലെത്തി. സ്വന്തം വീട്ടിൽ എത്താതെ മറ്റൊരു സ്‌ഥലത്ത് തങ്ങിയ ആകാശിനെ കേരള പോലീസിന്റെ ആവശ്യപ്രകാരം ആസാം പോലീസ് കുടുക്കുകയായിരുന്നു.


കൊലപാതകത്തിന് 10 ദിവസം മുമ്പു മാത്രം ഷാപ്പിൽ ജോലിക്കായി എത്തിയ ആകാശിനെ തിരിച്ചറിയാൻ സാധിക്കുന്ന യാതൊരു രേഖകളും ഇല്ലാതാക്കിയാണ് കടന്നു കളഞ്ഞത്. ഷാപ്പിലെ ഡസ്കിൽ ആകാശ് ദീപ് തൈ എന്ന് ഇംഗ്ലീഷിൽ എഴുതിയ പേരു മാത്രമായിരുന്നു ഇവനെ കുറിച്ച് പോലീസിനു ലഭിച്ച ഏക വിവരം. ആകാശുമായി സംസാരിച്ചു എന്നു മൊബൈൽ സിഗ്നൽ പരിശോധനയിൽ വിവരം ലഭിച്ച തിരുവന്തപുരം കഴക്കൂട്ടത്തുള്ള നിർമാണതൊഴിലാളിയേയും മൂന്നു സുഹൃത്തുകളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം ആസാമിലേക്കു വ്യാപിപ്പിച്ചത്. ചങ്ങനാശേരിയിലെ ഒരു ഷാപ്പിൽ ജോലി തേടി എത്തിയ ഇയാൾ അവിടെ ഒഴിവില്ലാത്തതിനെ തുടർന്ന് അവിടുത്തെ മാനേജരുടെ ശിപാർശ പ്രകാരമാണ് തകഴിയിലെ ഷാപ്പിലെത്തിയത്.

മറ്റിടങ്ങളിൽ പണമായിരുന്നു വില്ലനായിരുന്നതെങ്കിൽ ഇവിടെ മൊബൈൽ ഫോൺ സംസാരമായിരുന്നു പ്രശ്നക്കാരൻ. രാത്രി വൈകിയും ഏറെ നേരം ആകാശ് സംസാരിച്ചുകൊണ്ടിരുന്നത് രാമചന്ദ്രന്റെ നിദ്രയ്ക്കു ഭംഗം വരുത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമായി. ഉന്തുംതള്ളുമായി. രണ്ടുംപേരും താഴെ വീണു. ഇടയ്ക്ക് രാമചന്ദ്രൻ തലയടിച്ചു വീണപ്പോൾ മിണ്ടാട്ടമില്ലാതായി. മരിച്ചെന്നു കരുതി അവിടെ കിടന്നിരുന്ന ഉപയോഗിക്കാത്ത ഫ്രിഡ്ജികത്തേക്കു ഒടിച്ചുമടക്കിയിടുകയായിരുന്നു. ഉടൻ തന്നെ സ്‌ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.

പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഷാപ്പിൽ കയറാൻ ആദ്യം മടിച്ചെങ്കിലും പോലീസിന്റെ നിർദേശത്തെ തുടർന്നു ഷാപ്പിനുള്ളിൽ കയറിയശേഷം കുറ്റം നടത്തിയ സ്‌ഥലവും കുറ്റകൃത്യ രീതികളും പോലീസിനു കാട്ടികൊടുത്തു. ദ്വിഭാഷിയുടെ സഹായത്തോടെയും പ്രതി കാട്ടിയ ആംഗ്യഭാഷയിലൂടെയുമായിരുന്നു തെളിവെടുപ്പ്. എടത്വ സർക്കാർ ആശുപത്രിയിലെത്തിച്ച് മെഡിക്കൽ എടുത്ത ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. കേസിന്റ്െ വിസ്താരം ഇതുവരെ ആരംഭിച്ചിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.