ഇതരസംസ്‌ഥാനക്കാർക്കും രക്ഷയില്ല
ഇതരസംസ്‌ഥാനക്കാർക്കും രക്ഷയില്ല
ഇതര സംസ്‌ഥാനക്കാർ കേരളത്തിലേക്ക് വന്നുതുടങ്ങിയ സമയത്താണ് കോട്ടയത്തുകാരെ ഞെട്ടിച്ചുകൊണ്ട് ഒറീസ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവമുണ്ടായത്. കോട്ടയം നഗരത്തിൽ നാഗമ്പടത്താണ് സംഭവം. കൊല്ലപ്പെട്ടവരുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശികളാണ് പണത്തിനു വേണ്ടി ദമ്പതികളെ കൊലപ്പെടുത്തിയത്. റബർമാറ്റ് ബിസിനസുകാരൻ വി. ശ്രീധർ(55), ഭാര്യ സ്വരാജലക്ഷ്മി(48) എന്നിവരാണ് നാഗമ്പടം ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപം ഒഴത്തിൽ ലെയിനിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. പുതുപ്പള്ളി പരിയാരത്തുള്ള ഇവരുടെ കമ്പനിയിൽ തൊഴിൽ ചെയ്തിരുന്ന ആസാം സ്വദേശികളായ ഖോരക്പൂർ വില്ലേജ് പ്രദീപ് ബോറ(ജോണ്ടി – 28), പ്രശാന്ത് ഫുക്കൻ(പൊഘാത്തോ–23), ദീപാകർ സംഗമായി (28), ദിലീപ് ഗോഗോയി (ഗെദു–35) എന്നിവരാണ് കൊലപ്പെടുത്തിയത്.

2008 ഏപ്രിൽ 13ന് ഉച്ചയായിട്ടും ദമ്പതികളെ പുറത്തേക്ക് കാണാതിരുന്നപ്പോൾ അയൽവാസികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ആദ്യം കൊലയാളി ആരാണെന്ന് ഒരു സൂചനയും പോലീസിന് കിട്ടിയില്ല. മോഷണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്ന് വ്യക്‌തമായിരുന്നു. പക്ഷേ ആര്? കൊലപാതകം നടന്ന വീട് പോലീസ് അരിച്ചുപെറുക്കിയപ്പോൾ അവിടെ നിന്ന് ലഭിച്ച ഒരു ലോക്കറ്റ് ആണ് പോലീസിന് കച്ചിത്തുരുമ്പായത്. കൊല്ലപ്പെട്ട ശ്രീധറിന്റെ റബർമാറ്റ് കമ്പനിയിലെ ജീവനക്കാരെ ലോക്കറ്റ് കാണിച്ചപ്പോൾ അവിടെ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ഒരാൾക്ക് ഇതുപോലെയൊരു ലോക്കറ്റുള്ളതായി വ്യക്‌തമായി. അയാൾ ഉൾപ്പെടെ അഞ്ചുപേരെ കാണാതാവുകയും ചെയ്തതോടെയാണ് കേസിന് ആദ്യ തുമ്പായത്. പോലീസ് പെട്ടെന്നു തന്നെ ഉണർന്നു പ്രവർത്തിച്ചതിനാൽ പ്രതികളെ മൂന്നു ദിവസത്തിനുള്ളിൽ പിടികൂടാൻ സാധിച്ചു. മോഷണം പോയ വസ്തുക്കളും കണ്ടെടുത്തു.

വളരെ നികൃഷ്‌ടമായ രീതിയിലുള്ള ഒരു കൊലപാതകമായിരുന്നു ഇത്. ദമ്പതികളുടെ ഇരുതോളിൽ കൂടിയും ഉടുതുണി ഉപയോഗിച്ച് കൈകൾ പിന്നോട്ട് കെട്ടി ചലിക്കാൻപോലും കഴിയാതാക്കിയ ശേഷം ഇഞ്ചിഞ്ചായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ പ്രതികൾ ശ്രീധറിന്റെ വീട്ടിലെത്തിയത് നാട്ടിലേക്ക് പോകാനുള്ള പണം ചോദിക്കാനാണ്. സ്വന്തം കമ്പനിയിലെ ജീവനക്കാർ വീട്ടിൽ വന്നപ്പോൾ അവർക്ക് കാപ്പിയുണ്ടാക്കാനായി സ്വരാജലക്ഷ്മി അടുക്കളയിലേക്ക് പോയി. ഈ സമയത്ത് ശ്രീധറിനെ എല്ലാവരും ചേർന്ന് കഴുത്തു ഞെരിച്ചുകൊന്നു. പിന്നീട് അടുക്കളയിൽ ഭക്ഷണം തയാറാക്കിക്കൊണ്ടിരുന്ന സ്വരാജലക്ഷ്മിയുടെ പിന്നീലൂടെ ചെന്ന് കഴുത്തിൽ തുണിയിട്ട് മുറുക്കി അവരെയും കൊലപ്പെടുത്തി. ശ്രീധറിന്റെ ശരീരത്ത് 10 മാരക മുറിവുകൾ ഉണ്ടായിരുന്നതായും സ്വരാജലക്ഷ്മിയുടെ ശരീരത്ത് 16 മുറിവുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആസാമിലെ ഉൽസവത്തിൽ പങ്കെടുക്കാൻ പോകാൻ പണം നൽകാതിരുന്നതിനുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശ്രീധറിനെയും ഭാര്യയെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം പണവും സ്വർണാഭരണങ്ങളും കവരുകയായിരുന്നു. ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ, കവർച്ച, കവർച്ചയ്ക്കിടയിലെ കൊലപാതകം എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ.


ഒരു പ്രതിയെ പുതുപ്പള്ളിയിൽ നിന്നും മറ്റു പ്രതികളെ ആസാമിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ദിഗന്തർ അന്വേഷണഘട്ടത്തിൽ ആസാമിലേക്ക് മുങ്ങിയെങ്കിലും ജൂൺ 24ന് അവിടെ ആത്മഹത്യ ചെയ്തു. രണ്ടാം പ്രതി പ്രദീപ് ബോറയ്ക്ക് വധശിക്ഷയും മറ്റു പ്രതികൾക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. എന്നാൽ വധശിക്ഷ ഇതുവരെ നടപ്പാക്കിയില്ല. പ്രതികൾ അപ്പീൽ നല്കിയിട്ടുണ്ട്. അപ്പീൽ ഇതുവരെ കോടതി പരിഗണിച്ചിട്ടുമില്ല. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. ജിതേഷ് ജെ. ബാബു, അഭിഭാഷകരായ വി.എസ്. മനുലാൽ, എ. ഹാരീസ് എന്നിവർ ഹാജരായി. അന്നത്തെ കോട്ടയം ഈസ്റ്റ് സിഐ ആയിരുന്ന ഡിവൈഎസ്പി വി.ജി. വിനോദ് കുമാറാണ് (ഇപ്പോൾ കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി) കേസന്വേഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ച കോടതി അവർക്കു മലയാളം അറിയില്ലെന്നു മനസിലാക്കി സഹായത്തിനായി പരിഭാഷകയെ വരുത്തിയിരുന്നു. ഹിന്ദിയിൽ ലഭിച്ച സാക്ഷിമൊഴികൾ ബസേലിയസ് കോളജിലെ ഹിന്ദി അധ്യാപിക പ്രഫ. ഐ.സി. എൽസിയാണ് പരിഭാഷപ്പെടുത്തിയത്.

തെറ്റു ചെയ്തിട്ടില്ലെന്നും പോലീസ് കേസിൽ കുരുക്കുകയായിരുന്നെന്നുമാണു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചത്. കൊല്ലപ്പെട്ട ആളെ കണ്ടിട്ടുപോലുമില്ലെന്നും മൂന്നാം പ്രതി ദീപാകർ കോടതിയെ അറിയിച്ചു. വിയ്യൂർ ജയിലിലേക്ക് അയയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. പ്രതികൾക്കു കൊല്ലപ്പെട്ടവരോടു മുൻവൈരാഗ്യമില്ലായിരുന്നുവെന്നും പണം അപഹരിക്കുന്നതിനു വേണ്ടി മാത്രം ഗൂഢാലോചന നടത്തി ചെയ്ത കൊലപാതകമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്. പ്രായമായവരും പരാശ്രയമില്ലാത്തവരുമായ ദമ്പതികളെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമാണന്ന് കോടതി വിലയിരുത്തിയാണ് രണ്ടാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. അതിവേഗ കോടതി രണ്ട് ജഡ്ജി ജോസ് തോമസ് ആണ് ശിക്ഷ വിധിച്ചത്.

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രോസിക്യൂഷൻ കേസ് തെളിയിക്കാൻ ആയുധമാക്കിയത്. പ്രതികൾ രാവിലെ വീട്ടിലേക്ക് പോകുന്നത് കണ്ടവരുണ്ട്. അതുപോലെ കൊലപാതകത്തിനു മുൻപ് ബസ്സ്റ്റാൻഡിൽ പ്രതികളെല്ലാം ചേർന്ന് ആലോചിക്കുന്നതിനും ദൃക്സാക്ഷികളുണ്ടായിരുന്നു. ഇതെല്ലാം ശരിയായ നിലയിൽ കോടതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതോടെ കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കി.

തുടരും...

തയാറാക്കിയത്: <യ>സി.സി. സോമൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.