ഒർണയിലെ ക്രൂര കൊലപാതകം
ഒർണയിലെ ക്രൂര കൊലപാതകം
ഭാര്യയേയും കൈക്കുഞ്ഞിനേയും കൊന്നു വയലിൽ തള്ളിയ അതിക്രൂരമായ സംഭവം നടന്നതു കഴിഞ്ഞ വർഷമാണ്. പെരുമ്പാവൂരിലെ ഒർണയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. പക്ഷേ മറ്റുള്ള കേസുകളിലേതിനു വിപരീതമായി ഈ സംഭവത്തിൽ പ്രതിയെ അതിസാഹസികമായി തന്നെ പോലീസ് പിടികൂടി.

2015 മേയ് 21–നാണ് കൊലപാതകം നടന്നത്. ആസാം സ്വദേശിനി മഹ്മൂദ(23)യും മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞുമാണു കൊലചെയ്യപ്പെട്ടത്. പ്രതിയായ ആസാം സ്വദേശി അബ്ദുൾ ഹക്കീമിന് അസമിൽ വേറെ ഭാര്യയും കുടുംബവും ഉണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെട്ട മഹ്മൂദയെ വിവാഹം ചെയ്ത് പെരുമ്പാവൂരിലെത്തി താമസിപ്പിക്കുകയായിരുന്നു.

ആസാം ലംഡിംഗ് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായിരുന്നു ഇയാൾ. ആസാമിലെ ലങ്ക എന്ന സ്‌ഥലത്ത് സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് സമീപവാസിയായ അലിയുടെ മകൾ മഹ്മൂദയെ ഇയാൾ കൊണ്ടുപോരുന്നത്. ഇതിനും ഇയാളുടെ പേരിൽ ആസാമിൽ കേസുണ്ട്. പെരുമ്പാവൂരിലെത്തിയ ഇവർ കണ്ടന്തറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവിടെ വച്ചാണ് ഇവർക്കു കുഞ്ഞുണ്ടാകുന്നത്.

ഇതിനിടെ അസമിലുള്ള ചില സ്ത്രീകളുമായി ഇയാൾ ഫോണിൽ ബന്ധം തുടരുകയും ഇവരിലൊരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. മഹ്മൂദ ഇതിനെ എതിർക്കുകയും ആസാമിലെ ഇയാളുടെ വീട്ടിലേക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതു പ്രതിയെ പ്രകോപിപ്പിച്ചു. നാട്ടിലേക്കു കൊണ്ടുപോകാമെന്നു വിശ്വസിപ്പിച്ചു മഹ്മൂദയെയും കുഞ്ഞിനെയും ഇയാൾ പുറത്തേക്കു കൊണ്ടുപോയി. പെരുമ്പാവൂർ വെങ്ങോല ഒർണ കനാൽ ബണ്ടിന് സമീപത്തെ വെങ്ങോല ചിരക്കകുടി വീട്ടിൽ ഇബ്രാഹിമിന്റെ ഉടമസ്‌ഥതയിലുള്ള വിജനമായ റബർതോട്ടത്തിൽ ഇരുവരെയും എത്തിച്ചു. ആദ്യം മഹ്മൂദയെയും പിന്നീട് കുഞ്ഞിനെയും കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു പ്രതി മൃതദേഹങ്ങൾ വലിച്ചിഴച്ചു മൂത്തേടം വീട്ടിൽ സുലൈമാന്റെ ഉടമസ്‌ഥതയിലുള്ള ചതുപ്പുനിലത്തിലെ വെള്ളം കെട്ടിക്കിടക്കുന്ന ചേമ്പുകൾക്കിടയിൽ തള്ളുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ കൊലപാതകത്തിനു ശേഷം യുവതിയുടെ മുഖം കുത്തിക്കീറി വികൃതമാക്കുകയും ചെയ്തു. കുട്ടിയെ ടർക്കിയിൽ പൊതിഞ്ഞ നിലയിലായിരുന്നു.


കുഞ്ഞിന്റെ കുപ്പിപ്പാൽ ചോരതെറിച്ച നിലയിൽ റബർ തോട്ടത്തിൽനിന്നു കണ്ടെടുത്തു. മൃതദേഹങ്ങൾക്കു സമീപത്തു നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ബാഗും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. പിറ്റേന്നു രാവിലെ എട്ടിന് കുമ്മനോട് സ്വദേശി ഹസൈനാർ റബർ ടാപ്പ് ചെയ്യാൻ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. താമസിച്ചിരുന്ന സ്‌ഥലത്ത് രേഖകൾ ഒന്നും നൽകാത്തതിനാൽ ഇവരുടെ പേരുകൾ മാത്രമെ പോലീസിന് ലഭിച്ചിരുന്നുള്ളു. പിന്നീട് ഇവരുടെ താമസസ്‌ഥലം പരിശോധിച്ചതിൽ നിന്ന് കിട്ടിയ മുംബൈയിലെ സ്റ്റുഡിയോയുടെ കവറിൽ നിന്നാണ് പ്രതിയുടെ ഫോട്ടോ ലഭിക്കാനുള്ള വഴി തെളിഞ്ഞത്. മുംബൈയിൽ നിന്ന് വാട്സ് ആപ്പ് മുഖേന ലഭിച്ച ഫോട്ടോ പെരുമ്പാവൂരിലെ ഇവരുടെ സമീപവാസികളെ കാണിച്ചു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചില്ല.

പിന്നീട് ഇവരുടെ കുട്ടി ഉണ്ടായതു പെരുമ്പാവൂരിലെ ആശുപത്രിയിൽ ആയിരിക്കുമെന്ന കണക്കുകൂട്ടലിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുണ്ടായതു പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണെന്നു കണ്ടെത്തി. ഇവിടെ വച്ച് ഇവരുടെ പൂർണ വിലാസം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം മുംബൈയിലും ആസമിലും എത്തി പ്രതിയുടെ ബന്ധുക്കളെ നിരീക്ഷിച്ചതിനെത്തുടർന്ന് ഇയാൾ നാഗാലാൻഡിൽ ദിമാപൂരിലെ ബർമ ക്യാമ്പിലേക്കു കടന്ന് അവിടെ കെട്ടിട നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. ദീമാപുരിൽ ഒരു സ്ത്രീയോടൊപ്പമായിരുന്നു ഇയാളുടെ താമസം. 10 ദിവസത്തോളം ഇവിടെ ക്യാമ്പ് ചെയ്താണ് ഇയാളെ പോലീസ് പിടികൂടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.